നമ്മുടെ മാമ്പഴക്കാലം പിണങ്ങി
April 13, 2018, 12:10 am
മഞ്ജു എം. ജോയ്
നാടൻ മാമ്പഴം കിട്ടാനില്ല
വിലതിരുവനന്തപുരം: വേനൽച്ചൂടിനെ കുളിർമധുരത്താൽ തണുപ്പിക്കുന്ന മാമ്പഴക്കാലം ഇക്കുറി പിണങ്ങി. ഏപ്രിൽ പകുതിയാവാറായിട്ടും നാടൻ മാങ്ങകൾ വിപണിയിലെത്തിയില്ല. ഉള്ളതിനാകട്ടെ നല്ല വിലയും. കഴിഞ്ഞ വർഷം ഏപ്രിലിൽ 40 രൂപയ്ക്ക് മാമ്പഴം വഴിയോരങ്ങളിൽ കിട്ടുമായിരുന്നു. ഇപ്പോൾ 120 കൊടുത്താലും കിട്ടാനില്ല. കാലംതെറ്റിയെത്തിയ വേനൽമഴയും കടുത്ത ചൂടുമാണ് മാമ്പഴക്കാലത്തിന് വിനയായത്.
ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ്‌ മാവ് പൂക്കുന്നത്. ഫെബ്രുവരി മുതൽ ഏപ്രിൽ അവസാനം വരെ മാമ്പഴം സുലഭമാവും. 150ഓളം ഇനം മാമ്പഴങ്ങൾ കേരളത്തിലുണ്ട്. അവയിൽ പലതും ഇപ്പോൾ കണികാണാൻപോലുമില്ല.
രാത്രിയിൽ നല്ല തണുപ്പും പകൽ ചൂടും ഉള്ള കാലാവസ്ഥയാണ് മാവ് നന്നായി പൂത്തുകായ്ക്കാൻ അനുയോജ്യം. ഇക്കുറി നവംബർ , ഡിസംബർമാസങ്ങളിൽ രാപ്പകൽ ഭേദമന്യേ അനുഭവപ്പെട്ട കടുത്ത ചൂട് പരാഗണം കുറയാനിടയാക്കി. ഇടയ്ക്ക് പെയ്ത മഴയിൽ മാമ്പൂക്കൾ വ്യാപകമായി കൊഴിഞ്ഞു. കാലം തെറ്റി പൂക്കുന്നവയിൽ പരാഗണം നടക്കാറില്ലാത്തതിനാൽ ഇപ്പോൾ പൂത്തുനിൽക്കുന്ന മാവുകളിലും മാങ്ങയുണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. മാവിന്റെ ഒരു കുലയിൽ 50,000ത്തോളംവരെ പൂക്കളുണ്ടാവും. അതിൽ 4-5 ശതമാനമാണ് പെൺപൂക്കൾ. ഇവ ദുർബലമായതിനാൽ പെട്ടെന്ന് പരാഗണം നടന്നില്ലെങ്കിൽ കൊഴിഞ്ഞുപോകുമെന്നും പഴവർഗ്ഗ ശാസ്ത്രജ്ഞ ഡോ. സാറാ ടി.ജോർജ്ജ് പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇടമഴ എത്താത്തതും ഉത്പാദനത്തെ ബാധിച്ചു.മാമ്പഴവില കിലോഗ്രാമിന്: കഴിഞ്ഞ വർഷം ഏപ്രിലിൽ, ഇപ്പോൾ
കോട്ടൂർക്കോണം- 50/ 70 - 140 രൂപ
പഞ്ചവർണ(തമിഴ്‌നാട്)- 50 - 100
പോളച്ചിറ(തമിഴ്‌നാട്)-100/ 110 - 40 / 60

'' കാലാവസ്ഥാമാറ്റത്താൽ സെപ്തംബർ ആദ്യം പലയിടത്തും മാവുകൾ പൂത്തു. പരാഗണം നടക്കാത്തതിനാൽ ഭൂരിഭാഗവും കൊഴിഞ്ഞുപോയി. ഗുരുതരമായ ഈ സ്ഥിതി തുടർന്നാൽ നാടൻമാങ്ങകളുടെ ഉത്പാദനം അവതാളത്തിലാവും. ''
- ഡോ. ജ്യോതി ഭാസ്കർ, കോളേജ് ഓഫ് ഹോർട്ടികൾച്ചർ, വെള്ളാനിക്കര


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ