വഴിയോര വിശ്രമം: സൂപ്പർ ആശ്വാസവുമായി 'ആശ്വാസ്
April 9, 2018, 12:19 am
ശ്രീകുമാർ പള്ളീലേത്ത്
തിരുവനന്തപുരം: യാത്രക്കാർക്കായി വഴിയോര വിശ്രമ കേന്ദ്രങ്ങൾക്ക് തുടക്കമിട്ട പൊതുമരാമത്ത് വകുപ്പ്, വിദേശ മാതൃകയിൽ കൂടുതൽ സൗകര്യങ്ങളുള്ള ആശ്വാസ് കേന്ദ്രങ്ങൾ ഒരുക്കുന്നു. ടൂറിസ്റ്റുകൾ അടക്കമുള്ളവരുടെ ദീർഘദൂര യാത്രകൾ ആസ്വാദ്യകരമാക്കുകയാണ് ലക്ഷ്യം.
തിരൂർ, അരൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലാണ് വിശ്രമ കേന്ദ്രങ്ങൾ നിലവിലുള്ളത്. യാത്രികർക്ക് സാധാരണ ഹോട്ടലുകളിൽ കിട്ടുന്നതിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്റെ ആശ്വാസ് പബ്ളിക് അമിനിറ്റീസ് കേരളയുടെ അടുത്ത ലക്ഷ്യം.
യൂറോപ്യൻ രാജ്യങ്ങളിലെ വിശ്രമ കേന്ദ്രങ്ങളെയായിരിക്കും മാതൃകയാക്കുന്നത്. വിശ്രമ സൗകര്യം വാഹനങ്ങൾക്ക് പാർക്കിംഗ്, പെട്രോൾ ബങ്ക്, ഭക്ഷണശാല, ബാങ്കിംഗ്, വിനോദം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ഷോപ്പിംഗ് തുടങ്ങിയവയെല്ലാം ഈ കേന്ദ്രങ്ങളിൽ ലഭ്യമാവും. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രായാധിക്യമുള്ളവർക്കും വെവ്വേറെ ടോയ്‌ലറ്റുകളും ഒരുക്കും.
രണ്ടര ഏക്കർ സ്ഥലമെങ്കിലും ഒരു കേന്ദ്രത്തിന് വേണം. ദേശീയപാതകൾക്ക് പുറമെ, ടൂറിസ്റ്റുകൾ കൂടുതലായി എത്തിച്ചേരുന്ന സ്ഥലങ്ങളും സംസ്ഥാന പാതയോടു ചേർന്നുള്ള പ്രധാന സ്ഥലങ്ങളും ഇതിനായി പരിഗണിക്കും. സൗകര്യപ്രദമായ സ്ഥലങ്ങളും സാദ്ധ്യതകളും പഠിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ നാട്പാക്കിനെ ചുമതലപ്പെടുത്തും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും.

കൂടുതൽ വഴിയോര
വിശ്രമ കേന്ദ്രങ്ങൾ
ആശ്വാസ് തുടങ്ങിയിട്ടുള്ള വഴിയോര വിശ്രമ കേന്ദ്രങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ട്. സാദ്ധ്യതയുള്ള കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. ഇതിനുള്ള സാദ്ധ്യതാ പഠനം നടത്തും. എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നാവും പണം കണ്ടെത്തുക. താത്പര്യമുള്ളവർക്ക് നടത്തിപ്പ് പാട്ടത്തിന് നൽകും. പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന വാടക നൽകണം. പരിപാലനവും ഏൽക്കണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ