എൻജി. പഠന രംഗത്തെ ആസൂത്രണപ്പിഴവ്
April 10, 2018, 12:04 am
ആവശ്യം അറിഞ്ഞേ എന്തിനും ഇറങ്ങാവൂ എന്നതിന് മികച്ച ദൃഷ്ടാന്തമാണ് എൻജിനീയറിംഗ് കോളേജുകളുടെ കാര്യത്തിൽ ഇന്നുണ്ടായിരിക്കുന്ന വൻ പ്രതിസന്ധി. രാജ്യത്തൊട്ടാകെയുള്ള എൻജിനീയറിംഗ് കോളേജുകളിൽ പുതിയ അദ്ധ്യയന വർഷം എൺപതിനായിരം സീറ്റുകളാണ് കുറയ്ക്കാൻ പോകുന്നത്. അടുത്ത നാലുവർഷംകൊണ്ട് മൂന്നുലക്ഷത്തിൽപ്പരം സീറ്റുകൾ കുറയും. ഇൗവർഷം വിവിധ സംസ്ഥാനങ്ങളിൽ ഇരുനൂറിലധികം എൻജിനീയറിംഗ് കോളേജുകൾ അടച്ചുപൂട്ടാൻ എ.ഐ.സി.ടി.ഇയോട് അനുമതി ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ നാലുവർഷമായി തുടർച്ചയായി ഒാരോവർഷവും കുട്ടികൾ കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ കോളേജുകൾ പലതും പ്രതിസന്ധിയിലാണ്. ഒന്നേ മുക്കാൽ ലക്ഷത്തിലധികം സീറ്റുകളാണ് നാലുവർഷത്തിനിടെ ഒഴിഞ്ഞുകിടക്കുന്നത്. കോളേജുകളുടെ ദയനീയമായ നിലവാരത്തകർച്ചയും തൊഴിൽ മേഖലകൾ നേരിടുന്ന മാന്ദ്യവുമാണ് എൻജിനീയറിംഗ് പഠനത്തിലുള്ള താത്പര്യം കുറയാൻ പ്രധാന കാരണം. സ്വാശ്രയ കോളേജുകളുടെ അവിശ്വസനീയമായ പെരുപ്പം സ്വാഭാവികമായും ഇൗ മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഏത് രംഗത്തും കൂടുതൽ മികവുള്ളവ മാത്രം നിലനിൽക്കുമെന്ന തത്വം എൻജിനീയറിംഗ് കോളേജുകളുടെ കാര്യത്തിലും ശരിയെന്നു വന്നിരിക്കുകയാണ്. പ്രവേശനത്തിന് കുട്ടികൾ മികച്ച കോളേജുകൾ മാത്രം തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെ നിലവാരം കുറഞ്ഞവ സ്വയം പ്രവർത്തനം അവസാനിപ്പിക്കേണ്ട പതനത്തിലായി.

അടച്ചുപൂട്ടാൻ അനുമതി തേടിയ കോളേജുകൾ പുതുവർഷത്തിൽ ഒന്നാം വർഷ കുട്ടികൾക്ക് പ്രവേശനം നൽകില്ല. ഇപ്പോൾ പഠിക്കുന്നവർ കോഴ്സ് പൂർത്തിയാക്കുന്നതുവരെ കോളേജുകൾ പ്രവർത്തനം തുടരും. അതിനുശേഷം പ്രവർത്തനം അവസാനിപ്പിച്ച് മറ്റേതെങ്കിലും ആവശ്യത്തിനായി കോളേജിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും.

ഇപ്പോൾ ഒാരോവർഷവും എൻജിനീയറിംഗ് കോളേജുകളിൽ നിന്നിറങ്ങുന്ന ലക്ഷക്കണക്കിന് യുവതീയുവാക്കളെ ഉൾക്കൊള്ളാൻ പാകത്തിൽ രാജ്യത്തെ തൊഴിൽ മേഖല വികസിച്ചിട്ടില്ല. ഉള്ള തൊഴിലവസരങ്ങൾ തന്നെ ചുരുങ്ങി വരികയുമാണ്. വിദേശ തൊഴിൽ മേഖലകളിലും അവസരങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്നു. എൻജിനീയറിംഗ് പഠനത്തിൽ പൊതുവേ കാണപ്പെടുന്ന നിലവാരത്തകർച്ച സാങ്കേതിക വിദ്യാഭ്യാസ മേഖല നേരിടുന്ന വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

എൻജിനീയറിംഗ് കോളേജുകൾ തുടങ്ങാൻ അനുമതി നൽകുന്നതിനപ്പുറം അവയുടെ നിലവാരം ഉറപ്പാക്കുന്നതിന് കാര്യമായ നടപടികളൊന്നും അടുത്തകാലംവരെ എ.ഐ.സി.ടി.ഇ കൈക്കൊണ്ടിരുന്നില്ല. ഏതാനും ഏക്കർ സ്ഥലവും അനുമതിക്കായി മുടക്കാൻ കുറെ ലക്ഷങ്ങളുമുണ്ടെങ്കിൽ ആർക്കും എൻജിനീയറിംഗ് കോളേജ് തുടങ്ങാമെന്ന നില വന്നതാണ് രാജ്യത്ത് ഉന്നത സാങ്കേതിക വിദ്യാഭ്യാസമേഖല തളരാൻ പ്രധാന കാരണമായത്. യോഗ്യതയുള്ള അദ്ധാപകരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ് പല കോളേജുകളും നേരിടേണ്ടിവന്നു. ഇൗ കുറവുകൾ അവിടെ പ്രവേശനം തേടിയ കുട്ടികളുടെ പഠന നിലവാരത്തെയും ബാധിച്ചു.

എൻജിനീയറിംഗ് പഠന നിലവാരം ഉയർത്താൻ കോഴ്സുകൾക്ക് ഗുണമേന്മാനിലവാരം ഉറപ്പുവരുത്താനുള്ള നടപടികളുമായി എ.ഐ.സി.ടി.ഇ മുന്നോട്ടു വന്നിട്ടുണ്ട്. അടുത്ത നാലുവർഷത്തിനിടെ ഇപ്പോഴുള്ളതിന്റെ പകുതി കോഴ്സുകൾക്കെങ്കിലും അക്രഡിറ്റേഷൻ നിർബന്ധമാക്കാനാണ് ആലോചന.
ദേശീയതലത്തിൽ എൻജിനീയറിംഗ് കോളേജുകൾ നേരിടുന്ന ദുരവസ്ഥയിൽനിന്ന് കേരളത്തിലെ കോളേജുകളും മോചിതമല്ല. നിലവാരത്തിന്റെ കാര്യത്തിൽ പല കോളേജുകളും ഏറ്റവും താഴ്ന്ന പടിയിലാണ് നിൽക്കുന്നത്. കുട്ടികൾ പൂർണമായും കൈയൊഴിഞ്ഞ കോളേജുകൾ ഇവിടെയും ഇല്ലാതില്ല. ഇൗവർഷം രണ്ട് കോളേജുകൾ പൂട്ടാൻ അനുമതി തേടി സാങ്കേതിക സർവ്വകലാശാലയെ സമീപിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞവർഷം സംസ്ഥാനത്തൊട്ടാകെ കാൽലക്ഷത്തോളം സീറ്റുകളാണ് വിവിധ കോളേജുകളിലായി ഒഴിഞ്ഞുകിടന്നത്. ദേശീയതലത്തിൽ പതിനേഴ് ലക്ഷത്തിൽപ്പരം സീറ്റുകളുള്ളതിൽ കഴിഞ്ഞവർഷം കഷ്ടിച്ച് എട്ട് ലക്ഷം സീറ്റുകളിലാണ് കുട്ടികളെ ലഭിച്ചത്. സാധാരണ ബിരുദ കോഴ്സ് പ്രവേശനത്തിനുപോലും തിക്കും തിരക്കും അനുഭവപ്പെടുമ്പോൾ എൻജിനീയറിംഗ് പഠിക്കാൻ കുട്ടികളെ കിട്ടാതെ വലയുന്ന എൻജിനീയറിംഗ് കോളേജുകൾ ആസൂത്രണവൈകല്യത്തിന്റെ ഇരകളായി മാറുകയാണ്. മാനവശേഷി വകുപ്പും വിദ്യാഭ്യാസ വിചക്ഷണന്മാരും സാങ്കേതിക വിദഗ്ദ്ധരുമെല്ലാം ചേർന്ന് പരിഹാരം കാണേണ്ട ഗൗരവമേറിയ പ്രശ്നംതന്നെയാണിത്. എൻജിനീയറിംഗ് പഠനമേഖലയിൽ നിന്നുള്ള കൂട്ട ഒഴിഞ്ഞുപോക്ക് ബിരുദതലത്തിലാകും ചെന്നൈത്തുക. അതിനനുസരിച്ച് ബിരുദകോഴ്സുകൾക്ക് സീറ്റ് വർദ്ധിപ്പിക്കേണ്ടിവരും. അതിനുള്ള ഒരുക്കങ്ങൾ ദീർഘവിക്ഷണത്തോടെ ഇപ്പോഴേ തുടങ്ങേണ്ടതുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ