പട്ടികവർഗക്കാർ ടി.ടി.സി പാസായാൽ ഉടൻ ജോലി
April 13, 2018, 12:50 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: ടി.ടി.സി പാസായ 500 ആദിവാസികൾക്ക് താത്കാലികജോലി നൽകാൻ പട്ടികവർഗ വികസന വകുപ്പ് തീരുമാനിച്ചെങ്കിലും അർഹരായവർ 390 പേർ മാത്രം. ഈ സാഹചര്യത്തിൽ ഇപ്പോൾ ടി.ടി.സി പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്ക് ജയിച്ചാലുടൻ കരാർ ജോലി ലഭിക്കും. ആദിവാസി ഊരുകളിൽ നിന്നു പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി പ്രവർത്തിക്കുന്ന മെന്റർ ടീച്ചർമാരായാണ് ഇവരെ നിയമിക്കുന്നത്. 750 രൂപയാണ് പ്രതിദിന വേതനം.

പട്ടിക വർഗ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനുവേണ്ടി പരീക്ഷണാടിസ്ഥാനത്തിൽ വയനാട് ജില്ലയിൽ തുടങ്ങിയ 'ഗോത്രബന്ധു' പദ്ധതി എല്ലാ ജില്ലകളിലും വ്യാപിക്കാൻ സർക്കാർ തീരുമാനിച്ചതോടെയാണ് മെന്റർ ടീച്ചർമാരുടെ അഞ്ഞൂറ് ഒഴിവുകളുണ്ടായത്.

വയനാട് ജില്ലയിലെ വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലായി 241 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മെന്റർ ടീച്ചർമാരെ നിയമിച്ചിരുന്നു. ഇവരുടെ പ്രവർത്തനം ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സഹായമാണെന്ന്‌ വ്യക്തമായതോടെയാണ് മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനായി പട്ടികവർഗ വിഭാഗത്തിൽ ടി.ടി.സി, ബി.എഡ് എന്നീ കോഴ്സുകൾ പാസായവരുടെ കണക്ക് എസ്.ടി വകുപ്പ് ശേഖരിച്ചു. അപ്പോഴാണ് 390 പേർ മാത്രമെ ഉള്ളൂ എന്ന് വ്യക്തമായത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലാണ് ഉടനെ 'ഗോത്രബന്ധു' പദ്ധതി നടപ്പിലാക്കുക. ഇവിടെ 26 സ്കൂളുകളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

 മെന്റർ ടീ‌ച്ചർമാരുടെ സേവനം
* ഗോത്രവർഗ വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ എത്തിക്കുക
* ഭാഷാപ്രശ്നം പരിഹരിക്കുന്നതിന്‌ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും സഹായിക്കുക
* മറ്റ് വിദ്യാർത്ഥികളോട് ഇടപഴകാൻ ഗോത്രവർഗ വിദ്യാർത്ഥികളെ പ്രാപ്തമാക്കുക


'' പട്ടികവർഗവിദ്യാർത്ഥികളെ മുഖ്യധാരയിൽ എത്തിക്കുന്ന പദ്ധതിയാണിത്. ഈ അദ്ധ്യയന വർഷം തന്നെ പദ്ധതി സംസ്ഥാനവ്യാപകമാക്കും''-
പി. പുകഴേന്തി, ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ