തൃപ്പാദകാണിക്ക സമർപ്പിക്കാൻ ശിവഗിരി മഠത്തിന്റെ 'ഗുരുനിധി'
April 8, 2018, 12:04 am
സജീവ് കൃഷ്ണൻ
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ കോണുകളിലുള്ളവരെ പങ്കാളികളാക്കി ശിവഗിരിയുടെ ജീവകാരുണ്യ പ്രവർത്തനം അഹർഹിക്കുന്ന കരങ്ങളിൽ ആവോളം എത്തിക്കാൻ ശിവഗിരിമഠം ഗുരുനിധി പദ്ധതി ആവിഷ്കരിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നടപ്പാക്കുന്നത്. അടുത്ത ഗുരുജയന്തിക്ക് ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന ദിവസം ഒരു ലക്ഷം പേരെങ്കിലും ഗുരുനിധിയിൽ അംഗങ്ങളായി തൃപ്പാദകാണിക്ക സമർപ്പിക്കുന്ന വിധത്തിലായിരിക്കും തുടക്കമിടുക.
മൊബൈൽ മണി ട്രാൻസ്ഫർ സംവിധാനത്തിലൂടെയോ ബാങ്ക് അക്കൗണ്ടിലൂടെയോ പദ്ധതിയിൽ പങ്കാളികളായി മഠത്തിന്റെ പ്രത്യേക അക്കൗണ്ടിൽ എല്ലാ ദിവസവും പാദകാണിക്ക സമർപ്പിക്കാം. ഓരോ ദിവസവും സ്വന്തം കർമ്മമേഖലയിലേക്ക് ഇറങ്ങും മുമ്പ് ഗുരുവിനെ ധ്യാനിച്ച് ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം. ഈ ദിവസം അപരനെ സഹായിക്കുന്ന ബൃഹത്പദ്ധതിയിൽ ഞാനും പങ്കാളിയായി എന്ന വിശ്വാസത്തോടെ ദിവസം തുടങ്ങുന്നതിന്റെ ധന്യത നേടാം. 365 ദിവസവും ഈ ചെറിയ കാണിക്ക ശിവഗിരിയിലേക്ക് എത്തുന്ന വിധത്തിൽ ബാങ്ക് ഇടപാട് ക്രമീകരിക്കാം.
ഗുരുനിധി പദ്ധതിയുടെ ആവിഷ്കാരത്തിനായി പ്രത്യേക സോഫ്ട്‌വെയർ തയ്യാറായിവരുന്നു. ഇതിനായി ഒരു ഹൈടെക് വിംഗ് തുടങ്ങിയിട്ടുണ്ട്.

ദരിദ്രർക്ക് വീട്, അന്നദാനം, ചികിത്സ
കാണിക്ക സമർപ്പണം നടത്തുന്നയാൾക്ക് മഠത്തിന്റെ ഏതു പദ്ധതിക്കാണ് പണം ഉപയോഗിക്കേണ്ടതെന്ന് നിർദ്ദേശിക്കാം. ദരിദ്രർക്ക് വീട്, അന്നദാനം, ചികിത്സാ സഹായം എന്നിങ്ങനെ വിവിധ പദ്ധതികളുണ്ട്. അതോടൊപ്പം പേരും ജനനത്തീയതിയും അറിയിക്കണം. കാണിക്ക സമർപ്പിക്കുന്നവരുടെ ജന്മദിനത്തിൽ ശിവഗിരി മഹാസമാധിയിൽ പ്രത്യേക ഗുരുപൂജ നടത്തും. മഠാധിപതിയുടെ അനുഗ്രഹവചസും മൊബൈലിൽ ലഭിക്കും.


ജാതി,മത,ഭാഷാ ഭേദമന്യേ സർവലോകരെയും ഗുരുദർശനവുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. കേവലമായ പണപ്പിരിവല്ല ഇത്. നേരിട്ട് ശിവഗിരിയിലെത്തി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാൻ സാധിക്കാത്തവർക്ക് ഏറ്റവും കുറഞ്ഞ തുകപോലും നൽകി പങ്കാളികളാകാം.
- സ്വാമി വിശുദ്ധാനന്ദ (ശിവഗിരിമഠം പ്രസിഡന്റ് )


ഗുരുവിന്റെ തീർത്ഥാടന ലക്ഷ്യങ്ങളിൽ എട്ടാമത്തേതാണ് ശാസ്ത്രസാങ്കേതിക വിദ്യ. ലോകത്തെ ഗുരുവിലേക്ക് ബന്ധിപ്പിക്കുന്ന അത്യന്താധുനിക സംവിധാനമാണ് ഗുരു നിധിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ലോകത്തെവിടെ ആയാലും ശിവഗിരിയുമായി ബന്ധപ്പെട്ടിരിക്കുക. ഗുരുവിന്റെ മാർഗത്തിൽ പങ്ക് ഉറപ്പാക്കുക.
- സ്വാമി സാന്ദ്രാനന്ദ( ജനറൽ സെക്രട്ടറി)
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ