അയ്യോ, ദേ മരങ്ങൾ നടക്കുന്നു!!!
April 16, 2018, 2:19 pm
നിന്നുനിന്ന് ബോറടിച്ച് മരങ്ങളും നടക്കാൻ തുടങ്ങി. ഇക്വഡോറിലും മറ്റു ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും കാണപ്പെടുന്ന കാട്ടുപനകളാണ് അത്യാവശ്യം നടക്കും എന്ന് ചില ഗവേഷകർ കണ്ടുപിടിച്ചിരിക്കുന്നത് ! ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിസ്റ്റോയിൽ നിന്നും 100കി.മീ തെക്ക് മാറി സുമാകോ കാടുകളിൽ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ പാലിയോ ബയോളജിസ്റ്റായ പീറ്റർ വ്രാൻസ്കിയാണ് വിചിത്രമായ കണ്ടെത്തലുമായി എത്തിയിരിക്കുന്നത്. മരങ്ങൾ മണ്ണിലൂടെ നിരങ്ങി മാറുകയാണത്രേ. സ്ഥലത്തെ ടൂറിസ്റ്റ് ഗൈഡുകൾ ഇതൊരു മാന്ത്രിക വനമാണെന്നു പറഞ്ഞ് വിനോദ സഞ്ചാരികളെ കൊണ്ടുവരാറുണ്ട്. എന്നാൽ, ഗവേഷകർ ഇതത്ര കാര്യമായി എടുത്തിരുന്നില്ല.

ഗതികേട് കൊണ്ടാണേ ഈ നടത്തം
നമ്മുടെ കണ്ടൽ ചെടികളിലേതിനു സമാനമായ വേരുകളാണ് ഈ മരങ്ങളെ തെന്നിമാറാൻ സഹായിക്കുന്നത്. മണ്ണൊലിപ്പും വരൾച്ചയുമാണ് ഈ മരങ്ങളെ നടക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളായി വിലയിരുത്തുന്നത്. അടിഭാഗത്തെ മണ്ണ് ഒലിച്ച് പോകുകയോ, ജലലഭ്യത കുറയുകയോ ചെയ്താൽ മരങ്ങൾ ഒരുവശത്തെ വേരുകൾ അസാധാരണമായി നീട്ടി തുടങ്ങും . മറുവശത്തെ വേരുകൾ ഉണക്കിക്കളയുകയും ചെയ്യും ! ഇതിനിടെ നീട്ടിയ വേരുകൾ ഉറച്ച മണ്ണിൽ എത്തിയിട്ടുണ്ടാവും . ഉറച്ച മണ്ണിൽ ആഴ്ന്നിറങ്ങിയ പുതു വേരുകൾ മരത്തെ പതുക്കെ അങ്ങോട്ട് വലിക്കാൻ തുടങ്ങും. ഉണങ്ങിയ വേരുകളിലെ പിടുത്തം വിട്ട് നില്ക്കുന്നതിനാൽ മരം പതുക്കെ പുതു വേരുകളുടെ ദിശയിൽ നിരങ്ങി മാറാൻ ആരംഭിക്കും. ദിവസം രണ്ടോ മൂന്നോ സെന്റീമീറ്റർ എന്ന കണക്കിൽ വർഷം ഇരുപത് മീറ്റർ വരെ ഇങ്ങനെ തെന്നി മാറും. മണ്ണൊലിപ്പോ, ജലത്തിന്റെ കുറവോ ഇല്ലെങ്കിൽ മരങ്ങൾ ഒരേസ്ഥലത്തുതന്നെ നിൽക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ