സസ്പെൻഷനല്ല ഡിസ്‌മിസലാണ് വേണ്ടത്
April 12, 2018, 12:04 am
വരാപ്പുഴയിൽ പൊലീസ് ആളുമാറി പിടിച്ചുകൊണ്ടുപോയി നിഷ്ഠൂരമായി മർദ്ദിച്ചുകൊന്ന എസ്.ആർ. ശ്രീജിത്ത് എന്ന ഇരുപത്താറുകാരൻ പൊലീസിന്റെ മൂന്നാംമുറയുടെ അവസാനത്തെ ഇരയാകാനിടയില്ല. പൊലീസ് ഉള്ളിടത്തോളം ഇടയ്ക്കിടയ്ക്കെങ്കിലും ഇമ്മാതിരിയുള്ള അരുംകൊല ആവർത്തിച്ചെന്നിരിക്കും. നാട്ടിൽ സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്തേണ്ടവർ സ്വയം അക്രമികളായി മാറുമ്പോൾ എപ്പോഴും അവരുടെ മുഷ്ക്കിനും ധാർഷ്ട്യത്തിനും ഇരയാകേണ്ടി വരുന്നത് സമൂഹത്തിലെ ദുർബലരും പാവപ്പെട്ടവരുമാകും. സമൂഹത്തിലെ ഉയർന്ന ശ്രേണികളിലുള്ളവരിൽ ഒരാൾപോലും ഏതെങ്കിലുമൊരു പൊലീസ് സ്റ്റേഷനിൽ മർദ്ദനത്തിനിരയായി കാലഗതി പ്രാപിച്ചതായി ഇന്നേവരെ കേട്ടിട്ടില്ല. കൊടുംകുറ്റകൃത്യങ്ങളിലുൾപ്പെട്ട പ്രതികളാണെങ്കിൽപ്പോലും അവരുടെമേൽ കൈവയ്ക്കാൻ ഒരു പൊലീസുകാരനും മുതിരുകയില്ല.
ശ്രീജിത്തിന്റെ മരണത്തെച്ചൊല്ലി സ്വന്തം നാട്ടിലും സംസ്ഥാനത്താകെയും ഉയർന്ന രോഷവും പ്രതിഷേധവുമൊക്കെ ഏതാനും ദിവസങ്ങൾക്കകം കെട്ടടങ്ങും. ആ ചെറുപ്പക്കാരന്റെ കുടുംബം മാത്രമാകും നിത്യവേദനയിലേക്ക് എടുത്തെറിയപ്പെടുക. അവർക്ക് നടുക്കത്തിൽ നിന്ന് അത്രവേഗം മോചനമുണ്ടാകില്ല.
ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ സ്റ്റേഷനിലെ മൂന്നുപൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. അദ്ദേഹം പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചുകഴിഞ്ഞു. ഇനി എല്ലാം അതിന്റെ മുറപോലെ നടക്കും. പൊലീസുകാർ പ്രതികളായ ഇത്തരം കേസുകളുടെ ഗതി എന്തെന്നറിയണമെങ്കിൽ സമാനമായ ഏതാനും കേസുകളുടെ ചരിത്രം പരിശോധിക്കുകയേ വേണ്ടൂ. നീതിയും നിയമവുമൊക്കെ എത്രമാത്രം കൈയെത്താദൂരത്തിലാണെന്ന് അപ്പോൾ മനസിലാകും.
വരാപ്പുഴയിൽ ശ്രീജിത്തിനെ ആളുമാറി വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ മൂന്നു പൊലീസുകാരെയാണ് കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ സസ്പെൻഡ് ചെയ്തിട്ടുള്ളത്. വിളിച്ചിറക്കിക്കൊണ്ടുപോകുന്ന വേളയിൽ ഇവർ യുവാവിനെ നനാവിധത്തിലും ദേഹോപദ്രവം ഏല്പിച്ചിരുന്നതായാണ് ദൃക്സാക്ഷികളുടെ മൊഴി. യഥാർത്ഥ മൂന്നാംമുറ പുറത്തെടുത്തിട്ടുള്ളത് സ്റ്റേഷനിൽ ചെന്നതിനുശേഷമാകാം. അപ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു സംശയം സംഭവവുമായി ഈ മൂന്നു പൊലീസുകാർക്കു മാത്രമേ ബന്ധമുള്ളോ എന്നതാണ്. സ്റ്റേഷനിൽ വച്ചും ശ്രീജിത്ത് മൂന്നാം മുറകൾക്ക് രാത്രി മുഴുവൻ വിധേയനാകുന്ന സമയത്ത് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എവിടെയായിരുന്നു. സസ്പെൻഷനിലായവർ മാത്രമാണോ ശ്രീജിത്തിന്റെ മരണത്തിനു കാരണമായ ക്രൂരമർദ്ദനത്തിനുത്തരവാദികൾ? ഇക്കാര്യങ്ങളൊക്കെ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണത്തിൽ വേണം കണ്ടെത്താൻ. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ എത്താൻ തന്നെ ഏറെ സമയമെടുക്കുന്നതാണ് ഇവിടത്തെ പതിവ്. പ്രതികൾ പൊലീസുകാരായതിനാൽ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും അവിഹിതമായ ഇടപെടലുകളുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. എല്ലാ വൈതരണികളും ഒഴിഞ്ഞ് കേസ് കോടതിയിൽ എത്തിയാൽത്തന്നെ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തി കൂറുമാറ്റിയും കേസ് അട്ടിമറിക്കാൻ നാനാവിധ തന്ത്രങ്ങളും പയറ്റാൻ ശേഷിയുള്ളവരാകും പ്രതികൾ. തിരുവനന്തപുരത്ത് പതിനഞ്ചുവർഷം മുൻപ് ഒരു ഉത്രാട ദിനത്തിൽ ശ്രീകണ്ഠേശ്വരത്തെ നഗരസഭാ പാർക്കിൽ വിശ്രമിക്കവെ ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാർ പിടിച്ചുകൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ചുകൊന്ന ഉദയകുമാർ എന്ന യുവാവിന്റെ ദാരുണകഥ ആരും മറന്നിട്ടുണ്ടാകില്ല. ഡിവൈ.എസ്.പിയും സി.ഐയുമടക്കം 12 പൊലീസുകാരെയാണ് ഏറെനാളുകൾക്കുശേഷം കേസ് ഏറ്റെടുത്ത സി.ബി.ഐ പ്രതികളാക്കിയത്. ഒന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും കേസിന്റെ വിചാരണ ഇതുവരെ തീർന്നിട്ടില്ല. ഉദയകുമാറിന്റെ വൃദ്ധമാതാവ് ഇപ്പോഴും വിചാരണ നടക്കുന്ന ദിവസങ്ങളിൽ ഏന്തിയും വലിഞ്ഞും കോടതി വരാന്ത കയറിയിറങ്ങുന്നു. അന്നും ഇതുപോലെ പൊലീസുകാരിൽ കുറെപ്പേരെ സസ്പെൻഡ് ചെയ്തിരുന്നു. ആരോരുമറിയാതെ അവരൊക്കെ തിരികെ സർവീസിൽ കയറുകയും ചെയ്തു.
കസ്റ്റഡി മരണങ്ങൾ മൂന്നാംമുറമൂലമാണെന്നു പ്രഥമദൃഷ്ട്യാ തെളിഞ്ഞാൽ അതിനുത്തരവാദികളായവരെ കൈയോടെ സർവീസിൽ നിന്ന് പുറത്താക്കാൻ നിയമം കൊണ്ടുവരണം. ഏതാനും നാളത്തെ സസ്പെൻഷൻ കൊണ്ട് ലോക്കപ്പുകളിലെ ഭേദ്യമുറകൾ തടയാനാകില്ല. എപ്പോഴും നിസഹായരും തീരെ പാവപ്പെട്ടവരുമാണ് ഇത്തരത്തിലുള്ള അതിക്രമങ്ങൾക്കിരയാകാറുള്ളത്. നാട്ടുകാരെ ഒന്നടങ്കം വിറപ്പിച്ച് നാടടക്കി വാഴുന്ന ഗുണ്ടാസംഘത്തിലെ ആരെങ്കിലും പൊലീസ് മർദ്ദനത്തിൽ മരണപ്പെട്ടതായി കേട്ടിട്ടില്ല.ആളെ ചവിട്ടിക്കൊന്നാലും നാനാവഴിക്കും സംരക്ഷണം ലഭിക്കുമെന്നു ഉറപ്പുള്ളതുകൊണ്ടാണ് പൊലീസിൽ ഒരു വിഭാഗം താന്തോന്നിത്തത്തിന് മുതിരുന്നത്. സസ്പെൻഷനല്ല, ഡിസ്‌മിസലാണ് ഇത്തരം കേസുകളിൽ അവരെ കാത്തിരിക്കുന്നതെന്ന് ബോദ്ധ്യമായാൽ സമീപനത്തിൽ തീർച്ചയായും മാറ്റമുണ്ടാകും. പൊലീസ് പിടിച്ചുകൊണ്ടുപോകുന്നവർക്ക് പ്രാണനുമായി വീടുകളിൽ മടങ്ങിയെത്താനും കഴിയും.
വരാപ്പുഴ സംഭവവുമായി ബന്ധപ്പെടുത്താനാകില്ലെങ്കിലും റഷ്യയിലെ ഒരാശുപത്രിയിൽ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു സംഭവവും അതിന്മേൽ അധികൃതർ കൈക്കൊണ്ട നടപടിയും ഇവിടെ പരാമർശം അർഹിക്കുന്നു. അണ്ഡാശയമുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച യുവതിയെ ഡോക്ടർമാരുടെ സംഘം ജീവനോടെ എംബാം ചെയ്യുകയായിരുന്നു. കുത്തിവയ്ക്കാനുള്ള മരുന്നു മാറിപ്പോയതാണ് പിഴവായത്. നാലുദിവസത്തെ യാതനയ്ക്കുശേഷം യുവതി അന്ത്യശ്വാസം വലിച്ചു. സംഭവത്തിനുത്തരവാദികളായ ശസ്ത്രക്രിയാ ടീമിനെ ഒന്നടങ്കം തൽക്ഷണം പുറത്താക്കുകയും ചെയ്തു. ആശുപത്രിയിലായാലും പൊലീസ് സ്റ്റേഷനിലായാലും മനുഷ്യജീവന്റെ വില അറിയാത്തവർക്കുള്ള ശിക്ഷയും കഠിനം തന്നെയായിരിക്കണം. ഒരുവിധ ദയയോ ദാക്ഷിണ്യമോ അർഹിക്കാത്ത കൊടുംപാപികളാണവർ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ