വിഷുശ്രീ, നമുക്കായ്...
April 15, 2018, 12:56 am
പ്രൊഫ. അമ്പലപ്പുഴ രാജഗോപാൽ
മലയാണ്മയുടെ പ്രാക്തനമായ പൂർവികാചാരങ്ങളെ, മലയാളിയുടെ തനതായ പാരമ്പര്യാനുഷ്ഠാന സൗന്ദര്യങ്ങളെ തൊട്ടുണർത്തുന്ന വിഷു! സാംസ്കാരികത്തനിമയുടെ ഉത്സവശ്രീ. ഭക്തിയുടെയും ബൃഹത്തായ സംസ്കൃതിയുടെയും സംയുക്ത ഭാവമാണ് വിഷു ഉത്സവം. കാർഷിക സംസ്കൃതിയുടെ കമനീയത പാടാൻ. 'അശ്വതിയിലിട്ട വിത്തും, ഭരണിയിലിട്ട മാങ്ങയും' എന്ന ചൊല്ലുതന്നെ പ്രസിദ്ധമാണ്. അവ രണ്ടും ഒരിക്കലും കേടുവരില്ല എന്നു സാരം. പ്രകൃതിയുടെ ഭാഗമായ മനുഷ്യന് മണ്ണുമായുള്ള താദാത്മ്യ ഭാവന പ്രകടമാക്കുന്നതാണ് വിഷുക്കാഴ്ചകളെല്ലാം. 'വിത്തും കൈക്കോട്ടും' പാടുന്ന വിഷുപ്പക്ഷി, വരാൻ പോകുന്ന വർഷകാലത്തിന്റെ മുന്നറിയിപ്പായി ഉഷ്ണത്തിൽ ജ്വലിച്ചുനിൽക്കുന്ന ഭൂമിയ്ക്കുമീതെ പറന്നുനീങ്ങുന്നു. മകരക്കൊയ്ത്തു കഴിഞ്ഞ് വിശ്രമിക്കുന്ന കർഷകൻ, വിഷുവിന്റെ ആഗമനമെന്നോണം വന്നണയുന്ന കന്നിമഴയ്ക്കു വരവേല്പരുളുന്നു. വിഷുക്കൈനീട്ടത്തിലൂടെ ഭാവിയിലേക്കുള്ള സമ്പൂർണമായ നേട്ടം പ്രതീക്ഷിക്കുമ്പോൾത്തന്നെ, പ്രത്യുപകാര പ്രതീക്ഷകൾ മാറ്റിവച്ച് അനുഗ്രഹപൂർണമായ പ്രാർത്ഥനയോടെ സമൃദ്ധമായ മംഗളാനുഭവങ്ങൾ വന്നുചേരട്ടെ എന്ന് ആശീർവദിക്കാനുള്ള ഹൃദയവിശാലതയാണ് പ്രകടമാകുന്നത്. 'കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി' എന്നാണ് ചൊല്ല്. കുംഭച്ചൂടിൽ കൊന്ന പൂക്കുമ്പോൾ നിലമൊരുക്കിയില്ലെങ്കിൽ പട്ടിണിയാകും എന്നർത്ഥം. തിരുവോണ ആഘോഷങ്ങളിലും പഴക്കമുള്ളതാണ് വിഷുവാഘോഷം എന്നു കരുതുന്നു.
അജ്ഞാനമാകുന്ന ഇരുളിനെ വകഞ്ഞുമാറ്റി പ്രഭാപൂർണമായ ബ്രാഹ്മമുഹൂർത്തത്തിൽ ദീപാലംകൃതമായ സന്നിധിയിൽ പൂർണാവതാരമായ ശ്രീകൃഷ്ണനെ കണ്ടു കൈതൊഴുമ്പോൾ കൈവരുന്ന അനുഭൂതി പ്രത്യാശാഭരിതവും ആത്മഹർഷപരവുമാണ്. ചിങ്ങമാസം മലയാളിക്ക് 'ആണ്ടുപിറപ്പ്' എന്ന പോലെ വിഷുവാസരം തമിഴ്‌നാടിന്റെ ചിത്തിര മാസപ്പിറപ്പാണ്. ആഘോഷങ്ങളെക്കുറിച്ചെല്ലാം കഥകളുണ്ടെന്നതുപോലെ വിഷുവിനെക്കുറിച്ചുമുണ്ട്, കഥകൾ. രാക്ഷസ രാജാവായ രാവണന് തന്റെ കൊട്ടാരത്തിൽ ശക്തമായ സൂര്യപ്രഭ നേരിട്ടു തട്ടിയത് ഇഷ്ടപ്പെട്ടില്ല. അതോടെ സൂര്യനെ നേരെ ഉദിയ്ക്കാൻ സമ്മതിച്ചതുമില്ല. പിന്നീട് ശ്രീരാമചന്ദ്രൻ രാവണനെ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചത്. ഈ സുദിനമാണ് വിഷുവായി ആഘോഷിക്കുന്നു എന്നൊരു കഥയുണ്ട്. വീട്ടിലെ ഏറ്റവും മുതിർന്ന ഗൃഹനാഥ കണിയൊരുക്കി അനന്തര തലമുറയെ, തുടർന്ന് വീട്ടിലുള്ള വളർത്തുമൃഗങ്ങളെ കണികാണിയ്ക്കുന്നു, ഗൃഹനാഥൻ ചക്ക വെട്ടി വിഷുവിഭവങ്ങൾക്ക് നാന്ദികുറിക്കുന്നു. കണികണ്ടു തുറക്കുന്ന കണ്ണുകൾക്കു മുൻപിൽ നിറഞ്ഞ ആഹ്ളാദ അനുഗ്രഹങ്ങളോടെ കുടുംബകാരണവർ 'വിഷുക്കൈനീട്ട'മായി നാണയങ്ങൾ നൽകുന്നു. വിഷുവിനോടനുബന്ധിച്ചുള്ള കാർഷികാരംഭവൃത്തിയും വിഷുക്കരിക്കലുമെല്ലാംതന്നെ വിഷുവിന്റെ പ്രാധാന്യത്തെയെന്നപോലെതന്നെ അതിന്റെ പ്രവൃത്തിപരതയെ കാണിക്കുന്നു. വിഷുവിന് മുൻപുള്ള മൂന്നുദിനങ്ങളിൽ മണ്ണിളക്കുകപോലും ചെയ്യുമായിരുന്നില്ല ;
മലയാളിയെ സംബന്ധിച്ചിടത്തോളം പൂർണാവതാരമായ ശ്രീകൃഷ്ണനെ കണികണ്ടുണരുന്ന വിഷുദിനം ശുഭകരവും ആനന്ദസമ്പൂർണവുമാകുന്നു. കൃഷിയുടമയും കൃഷീവലനും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്റെ ഭാഗമായുള്ള 'വിഷുവെടുക്കലും, ' വിഷുക്കൈനീട്ടവുമെല്ലാം പരസ്പര സഹവർത്തിത്വത്തിന്റെ വ്യക്തമായ ചിത്രമാണ്. കൊല്ലവർഷാരംഭം ചിങ്ങം ഒന്നും കാർഷിക വർഷാരംഭം മേടം ഒന്നുമാണ്. മണ്ണിന്റെ മണം നിറയുന്ന കാർഷികോത്സവ മനസിന്റെ നന്മ നിറയുന്ന വിഷു കൂടിയാണ്. മീനച്ചൂടിന്റെ വറുതിയുടെ നാളുകളിൽ നിന്നും മേട സമൃദ്ധിയിലേക്കു വിളിച്ചുണർത്തുന്ന മേടസംക്രമത്തിൽ 'പൂക്കാതിരിയ്ക്കാനെനിക്കാവില്ലേ' എന്നു പറഞ്ഞുകൊണ്ട് സ്വർണ വർണമയമായി ഒരുങ്ങിനിൽക്കുന്ന കൊന്ന മുൻകൂട്ടി കണിയൊരുക്കുമ്പോൾ സൂര്യനൊപ്പം മറ്റു നക്ഷത്രങ്ങളും മേടം രാശിയിൽ കടന്ന് കിഴക്കുദിക്കുന്നു. സൂര്യൻ ഭൂമദ്ധ്യരേഖയ്ക്കു മുകളിൽ വരുന്ന വിഷു വേളയിൽ ദിനരാത്രങ്ങൾ തുല്യമായിരിക്കും. 'അശ്വതി ഞാറ്റുവേല' മുതൽ 'രേവതി ഞാറ്റുവേല' വരെ ഭൂമിയും സൂര്യനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ആകാശമണ്ഡലത്തെ പന്ത്രണ്ടുരാശികളായി തിരിച്ചിരിക്കുന്നു. ഇതനുസരിച്ചാണ് തുലാവിഷുവും മേടവിഷുവും വരുന്നത്. ഇതിൽ സൂര്യൻ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയമാണ് വിഷുക്കാലം.
നന്മയുടെ ഭാഗമാകുമ്പോഴേ ഈ ''മേട സംക്രമ വിഷുശ്രീ' നമുക്കു വേണ്ടിയുള്ളതാണെന്ന് മനസിലാക്കാനാവൂ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ