കിള്ളിയാർ മറ്റിടങ്ങളിലും മാതൃകയാകട്ടെ
April 13, 2018, 12:20 am
നദികളും പുഴകളും അരുവികളും നീർച്ചാലുകളും മറ്റും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങൾക്കിടയിൽ വളർന്നുവരികയാണ്. ജലസ്രോതസുകളെ മാലിന്യമുക്തമാക്കാനുള്ള നടപടികൾക്കും അടുത്ത കാലത്തായി വർദ്ധിച്ച തോതിൽ ജനങ്ങളിൽ നിന്നു പിന്തുണയും സഹകരണവും ഏറിവരികയാണ്. സ്ഥലവാസികളുടെ കണ്ണിൽച്ചോരയില്ലാത്ത ദുഷ്‌പ്രവൃത്തികൾ കാരണം സംസ്ഥാനത്ത് ഒട്ടധികം ചെറുനദികൾ പൂർണമായും നശിച്ചിട്ടുണ്ട്. ഇവയിൽ ചിലതെങ്കിലും ജനങ്ങളുടെ കൂട്ടായ പരിശ്രമത്താൽ വീണ്ടും ജീവൻ വീണ്ടെടുത്തിട്ടുമുണ്ട്. മദ്ധ്യകേരളത്തിലുള്ള വരട്ടാർ ഇങ്ങനെ പുനർജ്ജനി ലഭിച്ച ജലവാഹിനികളിലൊന്നാണ്. തലസ്ഥാന നഗരിയെ തഴുകി ഒഴുകുന്ന കിള്ളിയാറും അതിന്റെ തന്നെ ഭാഗമായ കരമനയാറും മാലിന്യമുക്തമാക്കി നിലനിറുത്താനുള്ള ശ്രമം മുമ്പേ തുടങ്ങിയതാണ്. ഇടയ്ക്കിടെ ഇതിനായുള്ള പ്രവൃത്തികൾ നടക്കാറുണ്ട്. എന്നാൽ ഏകോപിതമായ ശ്രമത്തിന്റെ അഭാവത്തിൽ ലക്ഷ്യം നേടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോൾ കിള്ളിയാറിനെ നാശത്തിൽ നിന്നു രക്ഷിക്കാനായി വിപുലമായൊരു സാമൂഹ്യ ഇടപെടൽ നടക്കാൻ പോവുകയാണ്. ശനിയാഴ്ച കിള്ളിയാറിന്റെ 22 കിലോമീറ്റർ ദൂരം ഒറ്റദിവസംകൊണ്ട് പൂർണമായും ശുചീകരിക്കാനുള്ള ബൃഹത് പദ്ധതിയാണ് സംഘാടകർ ആവിഷ്കരിച്ചിരിക്കുന്നത്. വിവിധ തൊഴിലുറപ്പുപദ്ധതികളിലെ തൊഴിലാളികളും രാഷ്ട്രീയകക്ഷികളുടെ നേതാക്കളും പ്രവർത്തകരും റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരുമടക്കം പതിനായിരത്തിലധികംപേരെ അണി നിരത്തിയാകും കിള്ളിയാർ ശുചീകരണം. സംസ്ഥാനത്ത് മറ്റിടങ്ങളിലും അനുകരിക്കാവുന്ന നല്ലൊരു മാതൃകയാകും ഇതെന്നതിൽ സംശയമില്ല. സംസ്ഥാനത്തെല്ലായിടത്തും ജലാശയങ്ങൾ ഭീതിദമാംവിധം മാലിന്യപൂരിതമാണെന്ന് പഠന റിപ്പോർട്ടുകൾ ഉള്ള സ്ഥിതിക്ക് പ്രത്യേകിച്ചും. രണ്ടുമാസം കഴിഞ്ഞാൽ മഴക്കാലത്തിന്റെ ആരംഭമായി. നദികളും നീർച്ചാലുകളും കുളങ്ങളും മറ്റു ജലസ്രോതസുകളും മാലിന്യമുക്തമാക്കാൻ ഇതാണ് പറ്റിയ സമയം. ശുചീകരണത്തിനുശേഷവും അവശേഷിക്കുന്ന മാലിന്യങ്ങൾ ആദ്യമഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകും. പിന്നീട് അവ തെളിനീരുമായി ഒഴുകിക്കൊള്ളും. കിള്ളിയാർ മിഷൻ ലക്ഷ്യമിടുന്നതും ഇൗ സാദ്ധ്യതകളാണ്. കിള്ളിയാറിന്റെ ഉത്‌ഭവസ്ഥാനമായ കരിഞ്ചാത്തിമൂല മുതൽ വഴയിലപാലംവരെ 22 കിലോമീറ്ററിൽ മാത്രം ഒതുങ്ങുന്നതല്ല ശുചീകരണയജ്ഞം. കിള്ളിയാറിലേക്ക് വന്നുചേരുന്ന 31 കൈത്തോടുകളും അമ്പതിലേറെ വരുന്ന നീർച്ചാലുകളും സുഗമമായ നീരൊഴുക്കിനായി ശുദ്ധീകരിക്കുന്നുണ്ട്. തടയണകൾ കെട്ടി ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം കയർ ഭൂവസ്ത്രം സ്ഥാപിച്ചും വൃക്ഷത്തൈകൾ നട്ടും തീരങ്ങൾ സംരക്ഷിക്കുന്നതിനും നടപടി ഉണ്ടാകും. പ്രദേശവാസികളുടെ സഹകരണവും ജാഗരൂകതയുമാണ് നദികളുടെ തുടർന്നുള്ള രക്ഷയ്ക്ക് അനുപേക്ഷണീയമായിട്ടുള്ളത്. ശുചീകരണം നടന്ന നദികൾ വീണ്ടും മലിനപ്പെടാതിരിക്കണമെങ്കിൽ തീരദേശവാസികളുടെ നിതാന്ത ജാഗ്രത കൂടിയേ കഴിയൂ. ഇപ്പോൾ നടക്കാൻ പോകുന്ന ജനകീയ പരിപാടിയുടെ സന്ദേശം കിള്ളിയാർ തീരത്തുള്ള സകല വീടുകളിലും എത്തണം. വീടുകളിൽ വേണ്ടാത്ത വസ്തുക്കളും മാലിന്യങ്ങളും നദിയിലേക്ക് വലിച്ചെറിയുന്ന സ്വഭാവം ഉപേക്ഷിക്കണം. മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തണം. കുറ്റക്കാരെ നാലാൾ അറിയെ ശിക്ഷിക്കുകയും വേണം. ഒരുവശത്ത് നദികളെ രക്ഷിക്കാൻ തീവ്രശ്രമങ്ങൾ നടക്കുന്നതിനൊപ്പം മാലിന്യസംസ്കരണ വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ഉത്തരവാദിത്വമുള്ള ചുമതലകൾ ഏറ്റെടുത്താലേ ജലസ്രോതസുകളുടെ രക്ഷ ഉറപ്പാക്കാനാവൂ. വൻതോതിൽ അറവുമാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും സംസ്ഥാനത്തെ എല്ലാ ജലസ്രോതസുകളിലും എത്തുന്നുണ്ട്. ഇൗ വിപത്ത് ഇല്ലാതാകണമെങ്കിൽ അവയുടെ സംസ്കരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണം. മാലിന്യസംസ്കരണത്തിന് കൃത്യമായ സംവിധാനമില്ലാത്ത അറവുശാലകൾ പ്രവർത്തിക്കാൻ അനുവദിക്കരുത്. മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങുന്ന തദ്ദേശ സ്ഥാപനങ്ങൾ ജലസ്രോതസുകളുടെ സുരക്ഷയിൽ പ്രത്യേകം മനസ് വയ്ക്കേണ്ടതാണ്. വിഷവാഹിനികളായി മാറിക്കഴിഞ്ഞ നദികളെയും മറ്റു ജലാശയങ്ങളെയും വീണ്ടെടുക്കാൻ സർക്കാർ തലത്തിലും ശ്രമം ആരംഭിക്കേണ്ടതുണ്ട്. ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രധാനമായും വേണ്ടത് മാലിന്യമുക്തമായ നദീസംരക്ഷണം തന്നെയാണ്. തദ്ദേശസ്ഥാപനങ്ങളും സർക്കാരും കൂട്ടായി ശ്രമിച്ചാൽ മഴക്കാലത്തിനുമുമ്പ് ഇൗ രംഗത്ത് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും. രാഷ്ട്രീയ കക്ഷികളും തങ്ങളുടെ ഉൗർജ്ജവും കായികശേഷിയും മനുഷ്യർക്ക് ഗുണകരമായ ഇത്തരം പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത് നന്നായിരിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ