പാർട്ടി കോൺഗ്രസിനൊരുങ്ങി സി.പി.എം
April 13, 2018, 12:17 am
സി.പി. ശ്രീഹർഷൻ
കേരളത്തിലെയും തൃപുരയിലെയും ഇടത് നേതൃത്വത്തിലുള്ള സർക്കാരുകളുടെ സംരക്ഷണം സുപ്രധാന കടമയാണ്'- കഴിഞ്ഞ ജനുവരിയിൽ കൊൽക്കത്തയിൽ ചേർന്ന സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയത്തിലെ ഒരു വാക്യമാണ്. കരട് രാഷ്ട്രീയപ്രമേയവും അതിന്മേൽ ഉയർന്നുവന്നിട്ടുള്ള ഭേദഗതി നിർദ്ദേശങ്ങളുമെല്ലാം വിശദമായി ചർച്ച ചെയ്യാനുള്ള സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസ് അടുത്തയാഴ്ച ഹൈദരബാദിൽ തുടങ്ങുകയാണ്. ഈ മാസം 18 മുതൽ 22 വരെയാണ് പാർട്ടിയുടെ 22ാം കോൺഗ്രസ്. അതിലേക്ക് സി.പി.എം നീങ്ങുമ്പോൾ, കരട് പ്രമേയം അംഗീകരിച്ച കാലാവസ്ഥയിലും വ്യതിയാനം സംഭവിച്ചിരിക്കുന്നു. കരട് പ്രമേയത്തിൽ പറയുന്ന തൃപുരയിലെ ഇടത് സർക്കാർ ഇന്ന് ചിത്രത്തിലില്ല. കേരളത്തിലെയും തൃപുരയിലെയും ഇടതുസർക്കാരുകളെ ഉയർത്തിക്കാട്ടി, രാജ്യത്ത് ഇടത് ജനാധിപത്യ ശക്തികളുടെ യഥാർത്ഥ ബദൽ കെട്ടിപ്പടുക്കുകയെന്ന സ്വപ്നം പങ്കുവച്ച കരട് രാഷ്ട്രീയപ്രമേയം പ്രസിദ്ധീകരിച്ച ശേഷമുണ്ടായ ത്രിപുര തിരഞ്ഞെടുപ്പ് ഫലം സി.പി.എം പ്രതീക്ഷകളെ നിരാശപ്പെടുത്തുന്നത് തന്നെ. എന്നാൽ, മഹാരാഷ്ട്രയിൽ കിസാൻസഭ നയിച്ച കർഷകരുടെ ലോംഗ് മാർച്ച് സി.പി.എമ്മിന്റെ ബദൽസ്വപ്നങ്ങളെ ജീവൻ വയ്പിക്കാൻ പോന്നതാണ്. മഹാരാഷ്ട്ര മോഡലിന് പുതിയ പതിപ്പുണ്ടാക്കുകയെന്നത് മുന്നോട്ടുള്ള പ്രയാണത്തിന് പരമപ്രധാനമാണ്. ഈയൊരു സന്ദിഗ്ധഘട്ടത്തിലാണ് അടുത്ത മൂന്ന് വർഷക്കാലത്തേക്കുള്ള പാർട്ടിയുടെ രാഷ്ട്രീയനയത്തിന് രൂപം കൊടുക്കാൻ ഹൈദരബാദിൽ സി.പി.എം തുനിയുന്നത്. കരട് രാഷ്ട്രീയപ്രമേയം പങ്കുവയ്ക്കുന്ന ബദൽസ്വപ്നങ്ങളിലേക്കുള്ള വഴികളെ ഏതുവിധേനയാകും സി.പി.എം അന്വേഷിക്കുക, അല്ലെങ്കിൽ സംബോധന ചെയ്യുക എന്ന നിർണായകമായ ചോദ്യമാണ് ഹൈദരബാദ് പാർട്ടി കോൺഗ്രസിനെ ശ്രദ്ധേയമാക്കുക.

കേരളം ഒരു സ്വാധീനശക്തി
രാഷ്ട്രീയ അടവ് നയത്തിന് രൂപം നൽകാനൊരുങ്ങുന്ന സി.പി.എമ്മിന്, കേരള സംസ്ഥാന ഘടകം ഒരു സ്വാധീനശക്തിയാണെന്നതിൽ തർക്കമില്ല. പാർട്ടിക്ക് രാജ്യത്ത് അധികാരമുള്ള ഒരേയൊരു സംസ്ഥാനം. ഇപ്പോഴും പ്രബലമായ പാർട്ടി ഘടകം. കേരളത്തോടൊപ്പം അധികാരത്തിന്റെ ശക്തി പങ്കിടാൻ ഒരു ത്രിപുര ഒരു മാസം മുമ്പ് വരെയുണ്ടായിരുന്നെങ്കിൽ ഇന്നതില്ല. നഷ്ടപ്രതാപം പേറുന്ന പാർട്ടി ബംഗാൾ ഘടകത്തിന്റെ സ്ഥിതി, കഴിഞ്ഞ വിശാഖപട്ടണം കോൺഗ്രസ് കാലത്തേക്കാൾ ദയനീയമാണ്. കരട് രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപമായപ്പോൾ വിജയം കണ്ടത് കേരള പാർട്ടിയുടെ സ്വാധീനം കൂടിയായിരുന്നു. കോൺഗ്രസുമായി സഖ്യമോ നീക്കുപോക്കോ പാടില്ലെന്ന തീർച്ചമൂർച്ചയുള്ള നിലപാട് കരട് പ്രമേയത്തിൽ എടുത്തുപറയാൻ സി.പി.എം കേന്ദ്രകമ്മിറ്റിയെ നിർബന്ധിതമാക്കിയത് അതാണ്. തിരഞ്ഞെടുപ്പ് അടവ് നയം അതത് ഘട്ടത്തിൽ സംഭവിക്കുന്നതാണെന്നാണ് പാർട്ടി നിലപാടെങ്കിലും കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ അത് കാലേകൂട്ടി നിർവചിച്ച് വയ്ക്കുന്ന രീതി, 2004ലെ ഒന്നാം യു.പി.എ ഭരണകാലത്തും ഉണ്ടായിട്ടില്ല. അന്ന് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാൻ ഇടതുപക്ഷം തയാറായി. സി.പി.ഐ ആ പ്രായോഗികനിലപാടിനൊപ്പമാണ് ഇപ്പോഴും. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന രാഷ്ട്രീയസ്ഥിതിക്കനുസരിച്ച് അപ്പോൾ കാര്യങ്ങൾ ആലോചിക്കാമെന്ന് പറയുമ്പോൾ തന്നെ, കോൺഗ്രസിനെ പേരെടുത്ത് തള്ളിപ്പറഞ്ഞ് കരട് പ്രമേയം തയാറാക്കി എന്നതിലാണ് രാഷ്ട്രീയനിരീക്ഷകർ കൗതുകം കാണുന്നത്. മുഖ്യ പ്രതിപക്ഷസ്ഥാനത്ത് ഇപ്പോഴും കോൺഗ്രസ് ഉള്ള കേരളത്തിലെ നേതൃത്വത്തിന് പ്രായോഗികം, കരട് പ്രമേയത്തിലെ ഈ നിലപാട് മാത്രമാണ്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാൾഘടകവും വിരുദ്ധനിലപാടുമായി തുടരുന്നുവെന്നതും പാർട്ടി കോൺഗ്രസിലേക്ക് നീങ്ങുന്ന സി.പി.എമ്മിൽ മുഴച്ചുനിൽക്കുന്ന രാഷ്ട്രീയപ്രശ്നമാണ്. വിഭാഗീയത പുതുമയല്ലാത്ത കേരളത്തിലെ പാർട്ടി അണികൾക്കിടയിൽ അതുകൊണ്ടുതന്നെ, യെച്ചൂരി, കാരാട്ട് പക്ഷങ്ങൾ എന്ന രണ്ട് ചേരികൾ പാർട്ടിയെ നയിക്കുന്നുവെന്ന തരത്തിലുള്ള ചർച്ചകൾ സജീവമാണ്.

 ബംഗാൾ ഘടകവും യെച്ചൂരിയും
ജനറൽസെക്രട്ടറിയുടെ നിലപാട് തള്ളപ്പെടുക എന്നത് സി.പി.എമ്മിന്റെ ചരിത്രത്തിൽ പുതുമയുള്ളതല്ല. 1996ൽ ജ്യോതിബസുവിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന വാദത്തെ ചൊല്ലിയുള്ള തർക്കത്തിൽ പിന്തള്ളപ്പെട്ടത് ജനറൽസെക്രട്ടറിയായിരുന്ന ഹർകിഷൻ സിംഗ് സുർജിതിന്റെ നിലപാടായിരുന്നു. അന്ന് രാജിസന്നദ്ധത അറിയിച്ച സുർജിത്, ഒരാഴ്ചക്കാലം പാർട്ടി ഓഫീസിൽ വരാതിരുന്നു. 98ലെ കൊൽക്കത്ത കോൺഗ്രസ് രാഷ്ട്രീയസംഘടനാ റിപ്പോർട്ടിന്റെ ഭാഗമായി ഇത് ചർച്ച ചെയ്തപ്പോഴും സുർജിതിനെ തള്ളുന്ന പ്രകാശ് കാരാട്ടിന്റെ നിലപാടാണ് അംഗീകരിക്കപ്പെട്ടത്. 1975ൽ, അടിയന്തരാവസ്ഥക്കാലത്ത് ജനസംഘവുമായി സഹകരിക്കണമെന്ന് സി.സിയിലെ ഭൂരിപക്ഷം നിലപാടെടുത്തപ്പോൾ ജനറൽസെക്രട്ടറിയായിരുന്ന സുന്ദരയ്യ രാജിവച്ചതും ചരിത്രം.
ഇന്ന് കരട് രാഷ്ട്രീയപ്രമേയത്തിലെ സമീപനത്തെ ചൊല്ലിയുള്ള തർക്കമാണ് ചർച്ചാവിഷയം. കേന്ദ്രകമ്മിറ്റിയിൽ വോട്ടെടുപ്പിലൂടെയാണ് തന്റെ വാദം തള്ളപ്പെട്ടതെന്ന് പരസ്യമായി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയ ജനറൽസെക്രട്ടറിയാണ് സീതാറാം യെച്ചൂരി. പി.ബിയും സി.സി.യും ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് താൻ തുടരുന്നത് എന്നും പരസ്യമാക്കിയ ജനറൽസെക്രട്ടറിയാണ് യെച്ചൂരി. പാർട്ടിയുടെ ഇരുമ്പുമറയ്ക്ക് പുറത്ത് കടന്ന് ഉൾപ്പാർട്ടി പ്രശ്നങ്ങൾ പുറത്ത് ചർച്ചയാക്കിയ ജനറൽസെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടി കോൺഗ്രസിലേക്ക് നീങ്ങുകയാണ് സി.പി.എം. ഇതിൽ കേന്ദ്രകമ്മിറ്റിയിൽ തള്ളപ്പെട്ട തന്റെ നിലപാട് ജനറൽസെക്രട്ടറി വയ്ക്കും. എന്നാൽ, ജനുവരിയിലെ കേന്ദ്രകമ്മിറ്റി വേളയിലുണ്ടായിരുന്ന സാഹചര്യം മാറിയെന്ന് യെച്ചൂരി കരുതുന്നുണ്ട്. ത്രിപുര ഫലവും ഒരു നിമിത്തമായി അദ്ദേഹം കരുതാതില്ല. ബി.ജെ.പിയെ താഴെയിറക്കാൻ വേണ്ടിവന്നാൽ കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് കേരള സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം പറഞ്ഞതും സി.പി.എം വൃത്തങ്ങളിൽ ചർച്ചയാണ്. എന്നാൽ സി.പി.എമ്മിന്റെ തൃശൂർ സംസ്ഥാനസമ്മേളനവും അതിൽ രൂപീകരിക്കപ്പെട്ട പുതിയ സംസ്ഥാനകമ്മിറ്റിയും യെച്ചൂരിലൈനിനെ പാടേ തള്ളിയത് ഹൈദരബാദിലേക്ക് ഒരു ചൂണ്ടുപലക തന്നെയാണ്. ജനറൽസെക്രട്ടറി സ്ഥാനത്ത് യെച്ചൂരിക്ക് രണ്ടാമൂഴം തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കരട് പ്രമേയവും അതിനെചൊല്ലിയുള്ള വൈരുദ്ധ്യങ്ങളും അപ്രതീക്ഷിതമായ നാടകങ്ങൾക്ക് വഴിയൊരുക്കുമോയെന്ന ചോദ്യത്തെ അങ്ങനെയാരും പുച്ഛിച്ച് തള്ളുന്നുമില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ