വന്യജീവികളിൽ നിന്ന് സംരക്ഷണം വേണം
April 11, 2018, 12:25 am
വന്യജീവികളിൽ നിന്ന് മനുഷ്യർ നേരിടുന്ന ഭീഷണി വർദ്ധിച്ചുവരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കോന്നി വനമേഖലയിൽ രവി എന്ന യുവാവിനുണ്ടായ ദാരുണാന്ത്യം. കടുവ കടിച്ചുകൊന്നുതിന്ന രവിയുടെ ശരീരഭാഗങ്ങൾ വനത്തിൽ കാണപ്പെടുകയായിരുന്നു. തലയും വലതുകാലിന്റെയും ഇടതുകൈയുടെയും ഭാഗങ്ങൾ മാത്രമാണ് തിരച്ചിൽ സംഘം കാട്ടിൽ കണ്ടെത്തിയത്. ശേഷിക്കുന്ന ശരീരഭാഗങ്ങൾ അപ്പാടെ കടുവ ഭക്ഷിച്ചതായാണ് അനുമാനം. കോന്നി വനമേഖലയിൽ കടുവാ സാന്നിദ്ധ്യമുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർപോലും മനസ്സിലാക്കുന്നത് ഇപ്പോഴാണത്രെ. രവിയെ കൊന്നു ശാപ്പിട്ട കടുവയെ കൂടാതെ വേറെയും കടുവ ഈ മേഖലയിൽ കണ്ടേക്കാമെന്നതിന്റെ സൂചനയുണ്ടെന്നാണ് പറയുന്നത്. ഏതായാലും വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ കഴിയുന്ന കുടുംബങ്ങളെല്ലാം വലിയ ആശങ്കയിലാണ്. മനുഷ്യ മാംസത്തിന്റെ രുചിയറിഞ്ഞ കടുവ വീണ്ടും നാട്ടിലിറങ്ങുമോ എന്നാണ് അവരുടെ ഭയം. പകൽപോലും പുറത്തിറങ്ങാൻ മടിക്കുകയാണവർ.
കടുവാപ്പേടിയാണ് കോന്നി വനമേഖലയിലുള്ളവരെ വലയ്ക്കുന്നതെങ്കിൽ സംസ്ഥാനത്തെ ഇതര വനമേഖലകളിലുള്ളവരും കാട്ടുമൃഗങ്ങളുടെ നിരന്തരമായ ആക്രമണങ്ങൾക്കിരയാകാറുണ്ട്. മനുഷ്യർ മാത്രമല്ല, വനമേഖലയിലെ കൃഷിയും വലിയ ഭീഷണിയിലാണിപ്പോൾ. നാട്ടിലിറങ്ങുന്ന പുലികളും ആനകളും സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾ നിരന്തരം വാർത്തകളാകുന്നു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ വഴി കാണാതെ കർഷകർ വിലപിക്കുകയാണ്. കുരങ്ങുകളെക്കൊണ്ടുള്ള ശല്യം പലസ്ഥലത്തും ദുസ്സഹമായിട്ടുണ്ട്. വീടുകളിൽ കടന്നുകയറി അവ സൃഷ്ടിക്കുന്ന മേടുകൾ ചില്ലറയൊന്നുമല്ല. മനഃസമാധാനത്തോടെ കിടന്നുറങ്ങാൻപോലും പറ്റാത്ത വിധത്തിലായിട്ടുണ്ട് കാട്ടുമൃഗങ്ങളുടെ സ്വൈരവിഹാരം.
വന്യജീവി സംരക്ഷണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുഖ്യപരിഗണനയാണ്. അതിനായി പ്രത്യേക വകുപ്പും ധാരാളം പണവും നീക്കിവച്ചിട്ടുണ്ട്.
കടുവ, സിംഹം തുടങ്ങിയവയ്ക്കായി പ്രത്യേക സങ്കേതങ്ങൾതന്നെ പരിപാലിക്കുന്നു. മൃഗങ്ങൾക്ക് ലഭിക്കുന്ന പരിഗണന അവയുടെ ആക്രമണ ഭീതിയിൽ കഴിയുന്ന പാവപ്പെട്ട മനുഷ്യർക്ക് ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാറുണ്ട്. എന്നാൽ, അവ നശിപ്പിക്കുന്ന കൃഷികൾക്ക് വേണ്ട തോതിൽ നഷ്ടപരിഹാരമൊന്നും ലഭിക്കാറില്ല. മലയോര മേഖലകളിൽ ഇതുകാരണം കൃഷിപ്പണികൾ അനുദിനം കുറഞ്ഞുവരികയാണ്. എന്ത് കൃഷി ചെയ്താലും അത് നശിപ്പിക്കാൻ കാട്ടുമൃഗങ്ങൾ കൂട്ടമായെത്തുന്നതു പതിവായിട്ടുണ്ട്. വന്യമൃഗ സംരക്ഷണം ദേശീയ പ്രാധാന്യമുള്ള വിഷയമാണെങ്കിലും ഒപ്പം തന്നെ മലയോരവാസികളുടെ ജീവനും കൃഷിയിടങ്ങളും സംരക്ഷിച്ചു നിലനിറുത്തേണ്ട ബാദ്ധ്യതയും സർക്കാരിനുണ്ട്. കാട്ടുമൃഗശല്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
ഹിംസ്രജന്തുകൾ കാടുവിട്ട് നാടുകാണാനിറങ്ങുന്നത് ആവാസ വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന പലവിധ ശോഷണങ്ങൾ കാരണമാണെന്ന് പറയാറുണ്ട്. വനമേഖലകളോട് ചേർന്നുള്ള ജനവാസം കൂടിയതും മൃഗങ്ങളുടെ അതിർത്തി ലംഘനങ്ങൾക്കിടയാക്കുന്നതായി വിദഗ്ദ്ധന്മാർ ചൂണ്ടിക്കാണിക്കുന്നു. നിഗമനങ്ങൾ എന്തുതന്നെയായാലും സംസ്ഥാനത്ത് വലിയൊരു പ്രദേശം വന്യജീവികളുടെ ആക്രമണ ഭീഷണിയുടെ നിഴലിലാണെന്നത് യാഥാർത്ഥ്യമാണ്. മനുഷ്യ ജീവനാണ് പരമപ്രാധാന്യമെന്നതിനാൽ വന്യജീവികളിൽ നിന്ന് ജനങ്ങൾക്ക് മതിയായ സംരക്ഷണം ലഭ്യമാക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ രോദനം പലപ്പോഴും നാടുകൾ താണ്ടി തലസ്ഥാനത്തെത്താൻ ഏറെ വൈകാറുണ്ട്. എത്തിയാൽ തന്നെ വേണ്ടത്ര പരിഗണന ലഭിക്കണമെന്നുമില്ല. 41 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന കോന്നി വനമേഖലയിൽ ഇനിയും കടുവകൾ കണ്ടേക്കാമെന്ന സൂചനതന്നെ ചുറ്റുപാടുമുള്ളവരുടെ ഉറക്കംകെടുത്തുന്നതാണ്. വനപാലകർ വേണം ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള നടപടി എടുക്കാൻ. സർവ്വേ നടത്തി യഥാർത്ഥ വിവരം സ്ഥലവാസികളെ അറിയിക്കേണ്ടതുണ്ട്. രവിയെ കൊന്നു ഭക്ഷിച്ച നരഭോജി കടുവ തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രത്തിനു മുന്നിലെത്തിയാലേ നടപടി എടുക്കൂ എന്ന പിടിവാശി കാണിക്കരുത്. അതുപോലെ സാങ്കേതികത്വത്തിൽ തൂങ്ങി രവിയുടെ വിധവയ്ക്ക് ആനുകൂല്യം നൽകാതിരിക്കയുമരുത്. രവി ആക്രമണത്തിനിരയായത് വനാന്തർഭാഗത്തു വച്ചായതിനാൽ നഷ്ടപരിഹാരത്തിനർഹനല്ലെന്ന് കണക്കപ്പിള്ളമാർ കണ്ടെത്തിയേക്കാം. പ്രശ്നം മാനുഷികമായി കൈകാര്യം ചെയ്യാൻ നടപടി ഉണ്ടാകണം. രവിയുടെ ദാരുണാന്ത്യത്തോടെ അനാഥമായ ആ കുടുംബം എല്ലാ നിലയിലും മതിയായ സഹായത്തിന് അർഹമാണ്. സർക്കാർ അതുപരിഗണിക്കുക തന്നെ വേണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ