കള്ളക്കേസുകൾ പൊളിഞ്ഞു; ട്രൈബ്യൂണൽ നിയമനം ഉടൻ
April 14, 2018, 8:38 am
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: രാഷ്ട്രീയസമ്മർദ്ദത്താൽ പൊലീസെടുത്ത കള്ളക്കേസുകൾ ഓരോന്നായി റദ്ദാക്കപ്പെട്ടതോടെ പൊലീസ്‌ മേധാവിയായിരുന്ന ടി.പി. സെൻകുമാറിന് ഹൈക്കോടതി ജഡ്‌ജിയുടെ പദവിയോടെ സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമാകാൻ വഴിയൊരുങ്ങി. കാര്യക്ഷമതയില്ല, സത്യസന്ധനല്ല, ക്രിമിനൽകേസുകളിൽ പ്രതി എന്നൊക്കെ കേന്ദ്രത്തെ അറിയിച്ച്, ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശുപാർശയിലുള്ള സെൻകുമാറിന്റെ നിയമനം ഒരുവർഷത്തിലേറെയായി മരവിപ്പിച്ചിരിക്കുകയാണ് സർക്കാർ.
പുറത്താക്കിയിട്ടും, സുപ്രീംകോടതി ഉത്തരവോടെ പൊലീസ് മേധാവിക്കസേരയിലെത്തിയതാണ് സെൻകുമാറിനെ അനഭിമതനാക്കിയത്. സമ്മർദ്ദത്തിനു വഴങ്ങി മുൻപൊലീസ് മേധാവിക്കെതിരെ കള്ളക്കേസെടുത്തത് സേനയ്ക്കാകെ കളങ്കമായി.
പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി വി. ഗോപാലകൃഷ്‌ണൻ, വിരട്ടിയാണ് സെൻകുമാറിനെതിരെ മ്യൂസിയം പൊലീസിനെക്കൊണ്ട് ജാമ്യമില്ലാവകുപ്പിട്ട് കള്ളക്കേസെടുപ്പിച്ചതെന്നും കോടതിയിൽ നിലനിൽക്കില്ലെന്നും കേരളകൗമുദി രേഖകൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. നിയമോപദേശത്തിനു കാക്കാതെ ഉടനടി കേസെടുക്കണമെന്ന എ.ഐ.ജി ഗോപാലകൃഷ്‌ണന്റെ വിരട്ടൽ മ്യൂസിയം എസ്.ഐ ജി. സുനിൽ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയതാണ് കള്ളക്കേസിനു പിന്നിലെ ഗൂഢാലോചനയുടെ ചുരുളഴിച്ചത്. ശക്തമായ നടുവേദനയ്ക്കും വലതുകാലിന്റെ ശോഷണത്തിനും ഒരുവർഷത്തിലേറെ സെൻകുമാറിനെ ചികിത്സിച്ച തിരുവനന്തപുരം ആയുർവേദകോളേജിലെ ഡോ. വി.കെ. അജിത്കുമാറിന്റെ മൊഴിപോലുമെടുക്കാതെയാണ് ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ വാദിയാക്കി പൊലീസ് കേസെടുത്തത്.
2016 ജൂൺ ഒന്നു മുതൽ 2017 ജനുവരി 31 വരെ അർദ്ധവേതന അവധിയെടുക്കാൻ സെൻകുമാർ നൽകിയ 9 അപേക്ഷകൾ സർക്കാർ അംഗീകരിച്ചിരുന്നു. പിന്നീട് അർദ്ധവേതന അവധി പരിവർത്തിത അവധിയാക്കണമെന്ന് (കമ്മ്യൂട്ടഡ്‌ ലീവ്) സെൻകുമാർ അപേക്ഷിച്ചപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് സി.പി.എം മുൻ കൗൺസിലർ എ.ജെ. സുക്കാർണോ പരാതിപ്പെട്ടത്. ചികിത്സയ്ക്ക് ഒരു രൂപ പോലും റീ ഇംബേഴ്സ്‌മെന്റായി സെൻകുമാർ ആവശ്യപ്പെട്ടിട്ടില്ല. ഒരുരൂപയും കൈപ്പറ്റിയിട്ടുമില്ല. എല്ലാദിവസവും ഒ.പിയിലെത്തിയിട്ടില്ലെന്ന കാരണം പറഞ്ഞ്, ഡോക്ടറുടെ വിശദീകരണംപോലും തേടാതെ ജാമ്യമില്ലാക്കേസ് എടുക്കുകയായിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റുകളെല്ലാം ആയുർവേദകോളേജിലെ രോഗനിദാൻ വകുപ്പുമേധാവിയുടെ ഓഫീസിൽനിന്നാണ് നൽകിയിട്ടുള്ളതെന്ന് പിന്നീട് കണ്ടെത്തി.
മതസ്പർദ്ധ വളർത്തുന്ന പരാമർശങ്ങളുള്ള അഭിമുഖം നൽകി എന്ന കുറ്റംചുമത്തി സെൻകുമാറിനെതിരെ എടുത്ത ജാമ്യമില്ലാക്കേസ് നിലവിലുണ്ട്. തെറ്റായ കേസാണെന്നും എഴുതിത്തള്ളണമെന്നും ഒന്നരമാസംമുൻപ് ക്രൈംബ്രാഞ്ച് സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും പൂഴ്‌ത്തിവച്ചിരിക്കുകയാണ്. സംഭാഷണത്തിൽ മതസ്പർദ്ധയില്ലെന്നും വാരികയുടെ റിപ്പോർട്ടർ ഹാജരാക്കിയത് കൃത്രിമരേഖയാണെന്നും സി.ജെ.എം കോടതിയിലും ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിനാൽ സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയാലും കോടതിക്ക് കേസ് റദ്ദാക്കാം. കേസ് റദ്ദാക്കണമെന്ന അപേക്ഷയുമായി സെൻകുമാർ തന്നെ ഉടനേ കോടതിയെ സമീപിക്കും.

പൊലീസ്‌ മേധാവിക്ക് ഈഗതി

ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തി എന്നാരോപിച്ച് കേസെടുക്കാൻ ശ്രമിച്ചു
കെ.ടി.ഡി.എഫ്.സിയിൽ വായ്പനൽകിയതു സംബന്ധിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
തുടർച്ചയായി കേസിനുപോയ സുക്കാർണോയ്ക്ക് സുപ്രീംകോടതി 25,000 രൂപ പിഴയിട്ടു

''സത്യം ജയിച്ചു. രാഷ്ട്രീയക്കാരുടെ താത്പര്യത്തിനെടുത്ത കള്ളക്കേസാണിത്. ഒത്തുകളിച്ച ഉദ്യോഗസ്ഥർക്ക് ഈവിധി താക്കീതാണ് ''

-ടി.പി. സെൻകുമാർ
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ