നാണം കെട്ട് തലകുനിച്ചാൽ മതിയോ?
April 15, 2018, 12:17 am
ജമ്മു-കാശ്മീരിലെ കത്വയിലും യു.പിയിലെ ഉന്നാവയിലും പെൺകുട്ടികൾ ബലാൽസംഗത്തിനിരയായ പൈശാചികവും ക്രൂരവുമായ സംഭവങ്ങൾ ഏതാനും ദിവസമായി രാജ്യത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുകയാണ്. നിയമവാഴ്ച പൂർണമായും ഇല്ലാതായ, കാട്ടാളന്മാർ നാടുഭരിക്കുന്ന ഇടങ്ങളിൽ മാത്രമേ ഇതിന് സമാനമായ പൈശാചികത അരങ്ങേറുകയുള്ളൂ. അഞ്ചുവർഷം മുൻപ് ഡൽഹിയിൽ ഡിസംബറിലെ ഒരു രാത്രിയിൽ ഒാടുന്ന ബസ്സിൽവച്ച് കൂട്ടബലാൽസംഗത്തിനിരയായി ജീവൻ നഷ്ടമായ 'നിർഭയ'യ്ക്ക് നേരിടേണ്ടിവന്ന പീഡാനുഭവങ്ങൾക്ക് സമാനമോ ഒരുപക്ഷേ അതിനെക്കാളധികമോ ആണ് കത്വയിലെ എട്ടുവയസുകാരിക്കും ഉന്നാവയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കും അനുഭവിക്കേണ്ടിവന്നത്. കത്വയിലെ പെൺകുട്ടി കൂട്ട ബലാൽസംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ടിട്ട് മൂന്നുമാസം കഴിഞ്ഞു. സംസ്ഥാനത്തെ ഭരണകക്ഷികളിലൊന്നായ ബി.ജെ.പിയുടെ ആൾക്കാർകൂടി ഉൾപ്പെട്ടവരാണ് അക്രമികളെന്നതുകൊണ്ടുമാത്രം മൂന്നുമാസത്തിലധികം പുറംലോകം ആ നീചകൃത്യം അറിയാതെ പോയി. സത്യം ഏതെങ്കിലുമൊരു സമയം പുറത്തുവരികതന്നെ ചെയ്യുമെന്നത് പാഴ്‌വാക്കല്ല. കത്വയിൽ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുകയും സംസ്കാരമുള്ളവരെ ഒന്നടങ്കം ലജ്ജിപ്പിക്കുകയും ചെയ്ത കാട്ടാളത്തവുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നശേഷമാണ് സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻപോലും മുതിർന്നത്. വിചിത്രമെന്നു പറയട്ടെ ഇൗ നടപടിപോലും കോടതിയിൽ തടസ്സപ്പെടുത്താനാണ് ജമ്മുവിലെ മനസ്സാക്ഷിയില്ലാത്ത അഭിഭാഷക സമൂഹം ശ്രമിച്ചത്. കേട്ടുകേഴ്‌വിയില്ലാത്ത ഇൗ നടപടിക്കെതിരെ കഴിഞ്ഞദിവസം സുപ്രീംകോടതി സ്വമേധയാ കേസെടുത്ത അപൂർവ്വ സംഭവവും ഉണ്ടായി. ബാർ അസോസിയേഷനുകൾക്ക് ബാർ കൗൺസിലിനും സംസ്ഥാന സർക്കാരിനുമൊക്കെ നോട്ടീസ് അയയ്ക്കുകയും ചെയ്തു. കത്വാ സംഭവത്തിനുത്തരവാദികളായ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പണിമുടക്കിനുപോലും ജമ്മു ഹൈക്കോടതിയിലെ അഭിഭാഷകർ തുനിഞ്ഞുവെന്നു പറയുമ്പോൾ നാട് എങ്ങോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നോർത്ത് വല്ലാതെ നടുങ്ങിപ്പോകും. ഉന്നാവയിൽ ബി.ജെ.പി എം.എൽ.എ ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. ഇവിടെയും കൊടുംക്രൂരതയാണ് പെൺകുട്ടി നേരിടേണ്ടിവന്നത്. തടങ്കലിൽ പാർപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിച്ചു. പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടിയുടെ പിതാവിനെ പൊലീസുകാർ ചവിട്ടിക്കൊന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിനൊടുവിലാണ് കേസ് സി.ബി.ഐയെ ഏല്പിച്ചത്. പ്രതിയായ ബി.ജെ.പി എം.എൽ.എയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്ന് ശാസന ഏറ്റുവാങ്ങിയശേഷമാണ് നടപടി ഉണ്ടായത്. കത്വ, ഉന്നാവ സംഭവങ്ങൾ രാജ്യത്തിന് അപമാനകരമാണെന്നും പ്രതികൾ തീർച്ചയായും ശിക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാഷ്ട്രത്തിന് ഉറപ്പ് നൽകുകയുണ്ടായി. രണ്ട് സംഭവങ്ങളിലും അദ്ദേഹത്തിന്റെ പാർട്ടിയിൽപെട്ടവരും ഉള്ളതിനാൽ ഇൗ ഉറപ്പിന് പ്രത്യേക പ്രാധാന്യമുണ്ട്. രാജ്യത്ത് പെൺകുട്ടികളും സ്ത്രീകളും നേരിടേണ്ടിവരുന്ന അതിക്രമങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിച്ചുവരുന്നതിൽ സമൂഹം ഭയപ്പാടിലും ഉൽക്കണ്ഠയിലുമാണ്. നിർഭയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിയമം കൂടുതൽ കർക്കശമാക്കിയത്. അതിനുശേഷവും അതിക്രമങ്ങൾക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടർച്ചയായി നടക്കുന്ന അതിക്രൂരമായ സംഭവങ്ങൾ ഒാർമ്മപ്പെടുത്തുന്നത്. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്ന നരാധന്മാർക്ക് വധശിക്ഷ നൽകാൻ രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്ന മദ്ധ്യപ്രദേശിൽപോലും ഇടയ്ക്കിടെ സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് ബാലപീഡനങ്ങൾ നടക്കുന്നു. മദ്ധ്യപ്രദേശിന്റെ ചുവടുപിടിച്ച് രാജസ്ഥാനിലും ഇത്തരം കേസുകളിൽ വധശിക്ഷ നൽകാൻ നിയമഭേദഗതി കൊണ്ടുവന്നു. ഇൗ നിയമം രാജ്യവ്യാപകമാക്കാൻ കേന്ദ്രം പുതിയ നിയമനിർമ്മാണം നടത്തണമെന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്. നിയമം എത്രതന്നെ കർക്കശമാക്കിയാലും അതിന്റെ നടത്തിപ്പ് ഫലവത്താകുന്നില്ലെങ്കിൽ ഒരു ഫലവുമില്ല. പ്രതികൾ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ഭംഗിവാക്കു പറഞ്ഞതുകൊണ്ടായില്ല. കാരണം പൊതുവേദികളിൽ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നവരല്ല കേസ് കേട്ട് വിധി പറയേണ്ടത്. അതിന് ചുമതലപ്പെട്ടവർ ഒാരോ കേസും പഴുതില്ലാത്തവിധം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാകും പ്രതികൾ ശിക്ഷിക്കപ്പെടുന്നത്. കേസ് രജിസ്റ്റർ ചെയ്യുന്ന ഘട്ടം മുതൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുന്നതുവരെ പൊലീസിന്റെ കൈയിലാണ് കേസിന്റെ ജാതകമിരിക്കുന്നത്. കത്വയിലെ പെൺകുട്ടിയുടെ നിഷ്ഠൂര കൊലപാതകം പുറംലോകം അറിഞ്ഞത് ഒരുവിധ സ്വാധീനങ്ങൾക്കും വഴങ്ങാതിരുന്ന ഏതാനും പൊലീസുദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യവും സത്യസന്ധമായ സമീപനവും കാരണമാണ്. പ്രതികളിൽ പൊലീസുകാരും ഉൾപ്പെട്ടിട്ടും അവരെ രക്ഷിക്കാൻ ശ്രമിക്കാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോയി യഥാർത്ഥ പ്രതികളെ നിയമത്തിനുമുന്നിലെത്തിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്മാർ സ്വാധീനത്തിനോ ദുഃസ്വാധീനത്തിനോ വഴങ്ങേണ്ടിവരുമ്പോഴാണ് കേസുകൾ ദുർബലമാകുന്നതും പ്രതികൾ കോടതിയിൽ രക്ഷപ്പെടുന്നതും. ഏത് കേസിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള സ്വാധീനങ്ങൾക്ക് പൊലീസ് വഴങ്ങേണ്ടിവരാറുണ്ട്. ഇരകൾക്കും പ്രതികൾക്കും വേണ്ടി സമീപിക്കുക രാഷ്ട്രീയക്കാർ തന്നെയാകും. പണത്തിന്റെ സ്വാധീനവും വളരെ വലുതായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥന്മാരെ ആശ്രയിച്ചാണ് ഏത് കേസിന്റെയും വിജയപരാജയങ്ങൾ. ബലാൽസംഗകേസുകളിൽ ശിക്ഷ കൂടുതൽ കടുപ്പിക്കുന്നതോടൊപ്പംതന്നെ അവ പരമാവധി വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനങ്ങൾ കൂടിവേണം. ഇത്തരം കേസുകൾക്കായി മാത്രം അതിവേഗ കോടതികൾ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കാവുന്നതാണ്. ബലാൽസംഗകേസുകളുടെ പേരിൽ കൂടക്കൂടെ ലോക രാജ്യങ്ങൾക്കും മനുഷ്യമനസാക്ഷിക്കും മുമ്പിൽ രാഷ്ട്രം തലകുനിക്കേണ്ടിവരുന്ന ലജ്ജാകരമായ അവസ്ഥ ആവർത്തിക്കാതിരിക്കാൻ ഭരണകൂടത്തിന്റെ എല്ലാ ശാഖകളും ഒരുമിച്ചുതന്നെ പ്രവർത്തിക്കേണ്ടതുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ