ആർ.സി.സിയിൽ അത്യാധുനിക രക്തപരിശോധന മുടങ്ങിയിട്ട് 10 മാസം
April 15, 2018, 7:43 am
കെ.എസ്.അരവിന്ദ്
തിരുവനന്തപുരം: രക്താർബുദ രോഗികളിൽ അനിയന്ത്രിതമായി ജീനുകൾ വളരുന്നുണ്ടോ, ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നീ കാര്യങ്ങൾ കണ്ടെത്താനുള്ള അത്യാധുനിക പരിശോധന (ക്വാണ്ടിറ്റേറ്റീവ് ആർ.ടി - പി.സി.ആർ) റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) പത്തു മാസമായി നടക്കുന്നില്ല. പരിശോധനയ്ക്കുള്ള ജർമ്മൻ നിർമ്മിത യന്ത്രം കേടായതിനെ തുടർന്ന് മൂടി വച്ചിരിക്കുകയാണ്. പത്ത് വർഷം പഴക്കമുണ്ടിതിന്.ആർ.സി.സിയിൽ പരിശോധന നിലച്ചെന്ന് മനസിലാക്കി ഡൽഹിയിലെ സ്വകാര്യലാബ് സാമ്പിളുകൾ ശേഖരിക്കാൻ ആർ.സി.സിക്ക് തൊട്ടടുത്ത് ശാഖ തുറന്നു.

പുതിയ യന്ത്രത്തിന് 40 ലക്ഷം രൂപയാവും. ഫണ്ട് കൈയിലുണ്ടെങ്കിലും ആർ.സി.സി അധികൃതർക്ക് അനക്കമില്ല. നിലവിലെ 5000ലേറെ രക്താർബുദ രോഗികളുടെയും ദിനംപ്രതി പുതുതായെത്തുന്നവരുടെയും തുടർ ചികിത്സയെ ഇത് ബാധിക്കും. കഴിഞ്ഞ ജൂൺ 19നാണ് ആർ.സി.സിയിൽ പരിശോധന അവസാനമായി നടന്നത്.

കേരളത്തിൽ ആർ.സി.സിയിൽ മാത്രമേ ഈ പരിശോധയ്ക്ക് സൗകര്യമുള്ളൂ. സ്വകാര്യ ലാബുകൾ സാമ്പിളുകൾ ശേഖരിച്ച് ഡൽഹിയിലും മറ്റും അയയ്ക്കുകയാണ്. ആർ.സി.സിയിൽ പാവങ്ങൾക്ക് സൗജന്യമായും സമ്പന്നർക്ക് 6,000 രൂപയ്ക്കും ചെയ്യുന്ന പരിശോധനയ്ക്ക് പുറത്ത് 15,000വരെ ഈടാക്കുന്നു.


മുടങ്ങിയത് തുടർ ചികിത്സ
രക്താർബുദത്തിന്റെ തീവ്രത കണക്കാക്കുന്നത് ക്വാണ്ടിറ്റേറ്റീവ് ആർ.ടി - പി.സി.ആർ പരിശോധനയിലൂടെയാണ്. രോഗം കണ്ടെത്താനുള്ള ക്വാളിറ്റേറ്റീവ് പരിശോധന മാത്രമേ ഇപ്പോൾ ആർ.സി.സിയിലുള്ളൂ. മൂന്നു മാസത്തെ പ്രാഥമിക ചികിത്സ രോഗിയിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കിയെന്ന് കണ്ടെത്തി വിദഗ്ദ്ധചികിത്സ നൽകേണ്ടത് ക്വാണ്ടിറ്റേറ്റീവ് പരിശോധനയ്ക്ക സേഷമാണ്. രക്തമോ മജ്ജയോ ആണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്.ലോകാരോഗ്യസംഘടന രക്താർബുദ ചികിത്സയിൽ ഈ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.


280%
ആർ.സി.സിയിയിൽ 30 വർഷത്തിനിടെ 280 ശതമാനം കാൻസർ രോഗികളുടെ വർദ്ധന.

16176
2017ൽ 16176 പേരാണ് പുതുതായി അർബുദ ചികിത്സയ്‌ക്കെത്തിയത്.

''അത്യാധുനിക ക്യു.ആർ.ടി -പി.സി.ആർ പരിശോധനയിലൂടെ രക്തത്തിലെ ചെറിയ മാറ്റങ്ങൾ പോലും കണ്ടെത്താം. ഏറ്റവും ഫലപ്രദമാണ്.
- ഡോ.വി.പി.ഗംഗാധരൻ,
അർബുദ ചികിത്സാ വിദഗ്ധൻ

'ഇതേകുറിച്ച് അറിയില്ല, പരാതിയും ലഭിച്ചിട്ടില്ല, വിഷയം പരിശോധിക്കും'
- ഡോ.കെ.രാംദാസ്,
അഡീഷണൽ ഡയറക്ടർ, ആർ.സി.സി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ