കരുണയില്ലാത്തസമരമുറ
April 14, 2018, 12:00 am
സംസ്ഥാന ആരോഗ്യ വകുപ്പിനുകീഴിലുള്ള ഡോക്ടർമാർ പണിമുടക്കിയതുകാരണം സർക്കാർ ആശുപത്രികളിലെ രോഗികൾ ഇന്നലെ വല്ലാതെ വലഞ്ഞു. പണിമുടക്ക് അനിശ്ചിതകാലത്തേക്കാണെന്നാണ് ഇതിന് നേതൃത്വം നൽകുന്ന കേരള ഗവൺമെന്റ് മെഡിക്കൽ ഒാഫീസേഴ്സ് അസോസിയേഷന്റെ അറിയിപ്പ്. ആശുപത്രികളുടെ പ്രവർത്തനം സ്തംഭിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുമെന്നതിനാൽ പണിമുടക്ക് നീണ്ടുപോകില്ലെന്ന് പ്രതീക്ഷിക്കാം. ജനങ്ങളിൽ വലിയൊരു വിഭാഗത്തിന്റെ ആശ്രയമായ സർക്കാർ ആശുപത്രികളെ ദീർഘനാൾ സമരത്തിൽ തളച്ചിടാൻ ഡോക്ടർമാരുടെ സംഘടനയ്ക്കും താത്പര്യമുണ്ടാവുകയില്ലെന്ന് തീർച്ച.
തീരെ നിസാരപ്രശ്നങ്ങൾ മുൻനിറുത്തി രാഷ്ട്രീയ കക്ഷികളും സംഘടനകളും ഹർത്താൽ പ്രഖ്യാപിച്ച് ജനങ്ങളെ കഷ്ടത്തിലാക്കുന്നതിന് സമമാണ് ഡോക്ടർമാർ അടുത്ത കാലത്തായി നടത്തുന്ന മിന്നൽ സമരമുറ. ഏതെങ്കിലും ഒരു ആശുപത്രിയിൽ ഏതെങ്കിലുമൊരു രോഗി ഡോക്ടറെ കൈയേറ്റം ചെയ്താൽമതി ഡോക്ടർമാർ ഒന്നടങ്കം സമരത്തിനിറങ്ങുകയായി. ആരോഗ്യ വകുപ്പിൽ ഏത് പുതിയ പരിഷ്കാരം ഏർപ്പെടുത്തുമ്പോഴും ഒപ്പം അതിനെതിരെ ഡോക്ടർമാരുടെ സംഘടന സമരം പ്രഖ്യാപിക്കും. വിരമിക്കൽ പ്രായം ഉയർത്താൻ ആലോചിച്ചാൽ, ഡ്യൂട്ടിസമയം പുനഃക്രമീകരിച്ചാൽ പുതിയ ചുമതലകൾ ഏല്പിച്ചാൽ എന്നുവേണ്ട എന്തിനുമേതിനും അവർ പണിമുടക്കിനിറങ്ങും. ഇപ്പോഴത്തെ പണിമുടക്കിന്റെ കാരണം അന്വേഷിച്ചെത്തിയാലും മനസിലാകുന്ന വസ്തുത അതാണ്. സാധാരണക്കാർക്ക് ഉച്ചതിരിഞ്ഞുള്ള സമയങ്ങളിലും സർക്കാർ ആശുപത്രികളുടെ സേവനം ലഭ്യമാക്കണമെന്ന സദുദ്ദേശത്തോടെയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇൗവനിംഗ് ഒ.പി സംവിധാനം കൊണ്ടുവന്നത്. സ്വാഭാവികമായും ഡോക്ടർമാർക്ക് യോജിപ്പുള്ള കാര്യമല്ല ഇത്. വൈകിട്ട് ആറുമണിവരെ ഡ്യൂട്ടി നോക്കാൻ ഇഷ്ടപ്പെടാത്തവരാണ് പലരും. ആരോഗ്യവകുപ്പിന്റെ 'ആർദ്രം' പദ്ധതി പ്രകാരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഇതിനായി കൂടുതൽ ഡോക്ടർമാരെയും നിയമിക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ ഒരു കുടുംബാരോഗ്യകേന്ദ്രത്തിലെ ലേഡി ഡോക്ടറെ കഴിഞ്ഞ പത്തുദിവസമായി ഇൗവനിംഗ് ഒ.പി ഡ്യൂട്ടിക്ക് എത്താത്തതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു. സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ പണിമുടക്കാൻ കാരണം ഇൗ സസ്‌പെൻഷനാണ്. ഡോക്ടർമാരുടെ സംഘടിത ശക്തിയുടെ മുൻപിൽ സസ്‌പെൻഷൻ പിൻവലിച്ച് സമരം അവസാനിപ്പിക്കാൻ സർക്കാർ നിർബന്ധിതമായേക്കും. കുടുംബക്ഷേമ കേന്ദ്രങ്ങൾ വൈകിട്ടും പ്രവർത്തിക്കണമെങ്കിൽ അഞ്ച് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യവുമായി ഡോക്ടർമാരുടെ സംഘടന നേരത്തെതന്നെ രംഗത്തുവന്നതാണ്. ഡോക്ടർമാരുടെ ക്ഷാമം കാരണം ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. രണ്ടോ മൂന്നോ ഡോക്ടർമാരെ വച്ചുകൊണ്ടാണ് പല പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ഇപ്പോൾ പ്രവർത്തിക്കുന്നത്.
ജനങ്ങൾക്ക് ഏറ്റവുമടുത്ത് ചികിത്സാസൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് താഴെതലങ്ങളിലുള്ള സർക്കാർ ആശുപത്രികളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കാൻ നടപടി എടുത്തത്. തുടക്കത്തിലേ അതിനോട് പ്രതിഷേധമുള്ളവരാണ് ഡോക്ടർമാരിൽ ഏറിയ പങ്കും. വൈകിട്ടും ഒ.പി സൗകര്യം വിപുലമാക്കുന്നത് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെയും പ്രതികൂലമായി ബാധിച്ചേക്കും. എതിർപ്പിനുപിന്നിൽ ഇൗ സത്യവും ഒളിഞ്ഞുകിടപ്പുണ്ട്. തുടർച്ചയായി ഡ്യൂട്ടി ബഹിഷ്കരിച്ചുനിൽക്കുന്ന ഒരു ഡോക്ടറെ സസ്‌പെൻഡ് ചെയ്തതിന്റെ പേരിൽ സംസ്ഥാനമൊട്ടുക്കുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ പണിമുടക്കിനിറങ്ങിയതിന് ഒട്ടുംതന്നെ നീതീകരണമില്ല. ധാർമ്മികതയും നന്നേ കമ്മിയാണ്. അത്യാഹിത വിഭാഗങ്ങൾ മാത്രം ഉൾക്കൊള്ളുന്നതല്ലല്ലോ ആശുപത്രികൾ. നൂറുകണക്കിന് രോഗികളാണ് നിത്യവും അവിടെ എത്തുന്നത്. വാർഡുകളിലാണെങ്കിൽ ഡോക്ടർമാരുടെ സേവനം കാത്തുകിടക്കുന്നവർ പതിനായിരക്കണക്കിനാണ് . ശസ്ത്രക്രിയകൾക്ക് തീയതികുറിച്ച് കാത്തിരിക്കുന്നവർ കാണും. ശസ്ത്രക്രിയ കഴിഞ്ഞ് അടിയന്തര ശുശ്രൂഷ വേണ്ടിവരുന്നവരുണ്ടാകും. പൂർണതോതിൽ പ്രവർത്തിക്കുന്ന ദിവസങ്ങളിൽപ്പോലും സേവനത്തിലെ അപര്യാപ്തതയെക്കുറിച്ചും അവഗണനയെക്കുറിച്ചും ഏറെ പരാതികൾ ഉയരുന്ന സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഒന്നടങ്കം സമരത്തിനിറങ്ങിയാലുണ്ടാകാവുന്ന അരാജകത്വം ഉൗഹിക്കാവുന്നതേയുള്ളൂ. ഏത് പ്രതികൂലാവസ്ഥയിലും രോഗികളോട് കരുണകാട്ടാൻ ബാദ്ധ്യസ്ഥരായവർ സർക്കാരിനോട് പ്രതിഷേധിച്ച് ആശുപത്രികളെ അനാഥമാക്കുന്ന പണിമുടക്കിന് ഇറങ്ങിത്തിരിക്കുംമുമ്പ് മൂന്നുവട്ടം ആലോചിക്കേണ്ടതായിരുന്നു. തങ്ങളുടെ സമരം കാരണം എത്രയോ മനുഷ്യരാണ് ദുരിതമനുഭവിക്കേണ്ടിവരുന്നതെന്ന് ഒരുനിമിഷം ആലോചിച്ചിരുന്നുവെങ്കിൽ പാവപ്പെട്ട രോഗികളെ വലയ്ക്കുന്ന ഇൗ സമരത്തിൽനിന്ന് അവർ വിട്ടുനിൽക്കുമായിരുന്നു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ