സി.പി.എം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഉയരും, കോൺഗ്രസ് ബന്ധചർച്ച നിർണായകം
April 17, 2018, 12:04 am
സി.പി. ശ്രീഹർഷൻ
ഹൈദരാബാദ്: ബി.ജെ.പിയെ നേരിടുന്നതിൽ ഉൾപ്പെടെ കോൺഗ്രസിനോടുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ സമീപനം ഏത് തരത്തിലാവണമെന്ന കാര്യത്തിൽ അന്തിമ തീർപ്പിന് വേദിയാവുന്ന 22-ാം പാർട്ടി കോൺഗ്രസിന് തെലുങ്കാന സമരവീര്യം പേറുന്ന ഹൈദരാബാദിൽ ഇന്ന് കൊടി ഉയരും.

കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമോ, ധാരണയോ വേണ്ടെന്ന് നിർദ്ദേശിച്ചുകൊണ്ട് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് തള്ളുമോ കൊള്ളുമോ
എന്നതാണ് നിർണായകം. നാളെ ആർ.ടി.സി കല്യാണമണ്ഡപത്തിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും.

ഹിന്ദുത്വവർഗീയ ശക്തികളെ ഒറ്റപ്പെടുത്താനും ജനവിരുദ്ധ സാമ്പത്തികനയങ്ങളെ തിരുത്തിക്കാനും ബി.ജെ.പി സർക്കാരിനെ തോല്പിക്കേണ്ടത് അനിവാര്യമാണെന്നാണ് കരട് രാഷ്ട്രീയപ്രമേയം പറയുന്നത്. എന്നാൽ, അത് സാദ്ധ്യമാകേണ്ടത് കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ കൂടാതെ വേണം'- പ്രമേയം അടിവരയിടുന്നത് ഇതാണ്.

എന്നാൽ, കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ കൂടാതെയുള്ള ബദൽ എന്ന പരാമർശം മാറ്റണമെന്ന് പാർട്ടി ബംഗാൾ നേതൃത്വം പറയുന്നു. ഇതിന്റെ ചുവട് പിടിച്ചുള്ള ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ ന്യൂനപക്ഷ രേഖയിൽ വ്യക്തമാക്കുന്നത്, ഭരണവർഗ ബൂർഷ്വാ പാർട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യമോ മുന്നണിയോ വേണ്ട എന്നാണ്.

കോൺഗ്രസുമായി ധാരണ എന്ന് തീരുമാനിച്ചാൽ, നവ ഉദാരവത്കരണ നയങ്ങൾക്കും അതിന്റെ ഉപജ്ഞാതാക്കളായ കോൺഗ്രസിനും എതിരായ വിമർശനം അസാദ്ധ്യമാകും എന്നാണ് കാരാട്ടും എസ്. രാമചന്ദ്രൻ പിള്ളയും ഉയർത്തുന്ന പ്രധാന പ്രശ്നം. ഒരു പടി കൂടി കടന്ന്, സി.പി.എമ്മിന് ശക്തിയോ സ്വാധീനമോ ഇല്ലാത്ത ഇടങ്ങളിൽ ബി.ജെ.പിയെ തോല്പിക്കാൻ കഴിയുന്ന ശക്തികൾക്ക് വോട്ട് ചെയ്യാമെന്ന നിലയിലേക്കും അവർ വന്നിട്ടുണ്ട്. അതിനപ്പുറത്തേക്കുള്ള നിലപാട് പറ്റില്ലെന്ന് തന്നെയാണ് നിലപാട്. പാർട്ടിയിൽ ഇപ്പോൾ പ്രബലമായ കേരള ഘടകത്തിന്റെയും മഹാരാഷ്ട്രയിലെ ലോംഗ് മാർച്ച് വിജയിപ്പിച്ച കിസാൻസഭാ നേതാക്കളുടെയും ശക്തമായ പിന്തുണ ഈ നിലപാടിനുണ്ട്.

പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ എണ്ണത്തിൽ കേരളവും ബംഗാളും ഒപ്പത്തിനൊപ്പമാണ്. ബംഗാൾ ഘടകം സമ്മർദ്ദം കടുപ്പിക്കുമോ? രണ്ട് നിലപാടുകൾക്കുമിടയിൽ ഒരു സമവായസാദ്ധ്യത രൂപപ്പെടുമോ? നാടകീയ നീക്കങ്ങൾക്ക് ഹൈദരബാദ് വേദിയാകുമോ?- പാർട്ടി കോൺഗ്രസിന് കൊടി ഉയരുമ്പോൾ ആകാംക്ഷയുണർത്തുന്നത് ഈ ചോദ്യങ്ങളാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ