കാൻസർ രോഗികളോട് ചെയ്യാൻ പാടില്ലാത്തത്
April 17, 2018, 12:04 am
സംസ്ഥാനത്തെ ഏറ്റവും മികച്ച കാൻസർ ചികിത്സാകേന്ദ്രമായ ആർ.സി.സിയിൽ പത്തുമാസം മുമ്പ് കേടായ അത്യാധുനിക രക്തപരിശോധനാ യന്ത്രത്തിന് പകരം പുതിയൊന്നു വാങ്ങാൻ നടപടിയില്ലാത്തത് സർക്കാർ ആശുപത്രികൾ പൊതുവേ നേരിടുന്ന കെടുകാര്യസ്ഥതയുടെ ചെറിയൊരു ഉദാഹരണം മാത്രമാണ്. ആശ്രയമില്ലാത്ത രോഗികളോടുകാണിക്കുന്ന കടുത്ത ക്രൂരത എന്നതിനപ്പുറം ഇതുപോലൊരു സ്ഥാപനത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കൃത്യവിലോപംകൂടിയാണിത്. രക്താർബുദരോഗികളിൽ അനിയന്ത്രിതമായി ജീനുകൾ വളരുന്നുണ്ടോ എന്നും ഒൗഷധങ്ങളോടുള്ള ശരീരത്തിന്റെ പ്രതികരണം എത്രമാത്രം ആശാസ്യനിലയിലാണെന്നും മറ്റും വിലയിരുത്തുന്നതിനുള്ള രക്തപരിശോധനയ്ക്കാവശ്യമായ ജർമ്മൻ നിർമ്മിത യന്ത്രമാണ് തകരാറിലായത്. പത്തുമാസത്തിലധികമായി യന്ത്രം പണിമുടക്കിലായിട്ടും അത് നന്നാക്കാനോ പകരം വേറൊന്നു വരുത്തി സ്ഥാപിക്കാനോ ചുമതലപ്പെട്ടവരാരും തുനിയാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചിട്ടു കാര്യമില്ല. ഇങ്ങനെയൊരു യന്ത്രം മാസങ്ങളായി പ്രവർത്തിക്കാതിരിക്കുന്നത് ഉന്നതന്മാർപോലും ഇതുവരെ അറിഞ്ഞിട്ടില്ലെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ആരിൽനിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് അഡിഷണൽ ഡയറക്ടർ പറയുന്നത്. എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട ഒരുസ്ഥാപനത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ വിവരകൈമാറ്റം വേണ്ട രീതിയിലല്ല നടക്കുന്നതെന്നതിനു ഇതിനപ്പുറം തെളിവുവേണ്ട.
കാൻസർ രോഗത്തിന്റെ വളർച്ചപോലെ തന്നെയാണ് സംസ്ഥാനത്ത് കാൻസർ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനയും. കഴിഞ്ഞ മുപ്പതുവർഷം കൊണ്ട് 280 ശതമാനം വർദ്ധന എന്നുപറയുമ്പോൾത്തന്നെ സ്ഥിതി എത്രമാത്രം ഭീതിജനകമാണെന്ന് ബോദ്ധ്യപ്പെടും. കഴിഞ്ഞവർഷം 16176 പേരാണ് പുതുതായി ആർ.സി.സിയിൽ മാത്രം ചികിത്സ തേടി എത്തിയത്. ആയിരിക്കണക്കിന് രോഗികൾ തുടർചികിത്സയ്ക്കായും ഇവിടെ എത്താറുണ്ട്. ചികിത്സാപുരോഗതി കൃത്യമായി വിലയിരുത്താൻ ഉപയോഗിച്ചിരുന്ന യന്ത്രം കേടായത് പാവപ്പെട്ട രോഗികളെയാണ് ഏറെ വലയ്ക്കുന്നത്. സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ട സ്ഥിതിയാണിപ്പോൾ. ആർ.സി.സിയിൽ നടന്നിരുന്ന ഇൗ പരിശോധനയ്ക്ക് സംസ്ഥാനത്തൊരിടത്തും സംവിധാനമില്ലാത്തതിനാൽ സാമ്പിൾ ശേഖരിച്ച് ഡൽഹിയിലും മറ്റും അയച്ച് പരിശോധിക്കുകയാണ് ഏജസൻസികൾ ചെയ്യുന്നത്. പതിനയ്യായിരം രൂപവരെ നൽകേണ്ടിയും വരുന്നു. ആർ.സി.സിയിൽ ഉയർന്ന വരുമാന വിഭാഗക്കാർക്കുപോലും 6000 രൂപ ചെലവിൽ ഇൗ ടെസ്റ്റ് നടത്താമായിരുന്നു. പാവപ്പെട്ടവർക്ക് പരിശോധന സൗജന്യമാണ്.
സ്വയംഭരണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ആർ.സി.സിക്ക് ഒട്ടും കാലതാമസമില്ലാതെ പുതിയൊരു യന്ത്രം വാങ്ങി സ്ഥാപിക്കാവുന്നതേയുള്ളൂ. നാല്പത് ലക്ഷം രൂപയേ ചെലവു വരികയുള്ളൂ. തീരുമാനമെടുക്കുന്നതിലെ കാലതാമസമാണ് അതിന് വിഘാതമായി നിൽക്കുന്നതെന്ന് വളരെ വ്യക്തമാണ്. എല്ലാം മുറപോലെ എന്ന സർക്കാർ ശൈലി അഭിമാനകരമായ നേട്ടങ്ങളുമായി നിൽക്കുന്ന ഇതുപോലൊരു ആതുരാലയത്തിന് എത്രമാത്രം അവമതി വരുത്തിവയ്ക്കുമെന്ന് അതിന്റെ ചുമതലക്കാർ ചിന്തിക്കാത്തത് കഷ്ടമാണ്. രക്താർബുദ രോഗികൾക്ക് ചികിത്സയുടെ ഒാരോ ഘട്ടവും നിർണയിക്കുന്നതിനാവശ്യമായ പരിശോധനവരെ മുഖ്യമാണ്. യന്ത്രത്തകരാർമൂലം മുടങ്ങിപ്പോയത് ഇൗ സൗകര്യമാണ്.
കൂടുതൽ പണച്ചെലവു മാത്രമല്ല സമയനഷ്ടവും ഉണ്ടാക്കുന്നു.
പൊതുജനാരോഗ്യമേഖല പരമാവധി ശക്തിപ്പെടുത്താൻ സർക്കാർ ഒരുഭാഗത്ത് തീവ്രശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം തന്നെ ആശുപത്രികളിൽ നിലവിലുള്ള സൗകര്യങ്ങൾ ചുമതലപ്പെട്ടവരുടെ ഉദാസീനതയും കൃത്യവിലോപവും കാരണം നിലയ്ക്കുന്ന അവസ്ഥയും വന്നുചേരുന്നു. യന്ത്രങ്ങൾ കേടാവുന്നത് സർക്കാർ ആശുപത്രികളിൽ പുതിയ കാര്യമല്ല. എവിടെയും അതിനെക്കുറിച്ച് പരാതികളേ ഉള്ളൂ. സ്വയം കേടാവുന്നതിനെക്കാൾ കേടാക്കുന്നവയാകും അധികവും. കോടിക്കണക്കിന് രൂപ കൊടുത്തുവാങ്ങുന്ന സ്കാനർ പോലുള്ള അത്യാധുനിക ഉപകരണങ്ങൾ സർക്കാർ ആശുപത്രികളിലെത്തുമ്പോൾ കൂടക്കൂടെ പ്രവർത്തനരഹിതമാകും. അതേസമയം ഇതേ യന്ത്രങ്ങൾതന്നെ സ്വകാര്യ സ്ഥാപനങ്ങളിൽ തകരാറാെന്നുമില്ലാതെ ദീർഘകാലം പ്രവർത്തിക്കും. ആർ.സി.സിയിൽ കേടായിപ്പോയ രക്തപരിശോധനായന്ത്രത്തിന് പത്തുവർഷത്തെ പഴക്കമുള്ളതിനാൽ സ്വാഭാവികചരമമായി കരുതിയാൽ മതി. തകരാർ ബോദ്ധ്യമായപ്പോൾത്തന്നെ പുതുതായൊന്നു വാങ്ങി സ്ഥാപിക്കാൻ കഴിയാതെ പോയതാണ് ഗുരുതരമായ വീഴ്ച. രോഗം തളർത്തിയ മനസ്സുകളെ കൂടുതൽ വിഷമിപ്പിക്കുന്ന പ്രവൃത്തിയായിപ്പോയി അത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ