രക്ഷാദൂതുമായി പുതിയ ആംബുലൻസ് സർവീസ്
May 10, 2018, 12:22 am
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് തക്ക സമയത്ത് സഹായവും ചികിത്സയും ലഭിച്ചാൽ മരണനിരക്ക് ഗണ്യമായി കുറയ്ക്കാനാകും . നിർഭാഗ്യവശാൽ റോഡിൽ ഏറെസമയം ചോരവാർന്നു കിടന്നാലും സഹായം ലഭിക്കാറില്ലെന്നതാണ് പലരുടെയും അനുഭവം. നിരത്തിൽ അപകടത്തിൽപ്പെട്ട് കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കാൻ മനസില്ലാഞ്ഞിട്ടല്ല, പലരും സഹായഹസ്തവുമായി മുന്നോട്ടുവരാത്തത്. ഇതുമായി ബന്ധപ്പെട്ട നൂലാമാലകളും പൊലീസിന്റെ ചോദ്യവർഷങ്ങളും നേരിടാൻ ആളുകൾക്ക് പൊതുവേ മടിയാണ്. വെറുതേ വയ്യാവേലി എന്തിന് വലിച്ച് തലയിൽ വയ്ക്കണമെന്ന ചിന്തയിൽ അപകടരംഗത്തുനിന്ന് നിഷ്‌ക്രമിക്കാനാകും ഭൂരിപക്ഷം പേരും ശ്രമിക്കുക. അപകടത്തിൽപെട്ട് റോഡിൽ കിടക്കുന്നവരെ സഹായിക്കാനായി ഐ.എം.എയും കേരള പൊലീസും ചേർന്ന് നടപ്പാക്കുന്ന പുതിയൊരു ട്രോമ കെയർ സേവനം വെള്ളിയാഴ്ച മുതൽ സംസ്ഥാനത്തൊട്ടാകെ നടപ്പാകുകയാണ്. എത്രയോ കാലമായി പറഞ്ഞുകേൾക്കുന്ന ഇൗ ജീവൻരക്ഷാ സംവിധാനത്തിനായി ജനങ്ങൾ കാത്തിരിക്കുകയായിരുന്നു. അപകടസ്ഥലത്ത് ഉടനടി പാഞ്ഞെത്തി പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകി ചികിത്സാസൗകര്യമുള്ള തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ട്രോമ കെയർ സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്. ആയിരത്തോളം ആംബുലൻസുകൾ ഉൾപ്പെടുന്ന വിപുല സംവിധാനമാണിത്. സംസ്ഥാനത്ത് എവിടെ റോഡപകടം നടന്നാലും വിവരം ലഭിച്ചാലുടൻ ആംബുലൻസ് സംഭവ സ്ഥലത്തെത്തും. അപകടത്തിൽപ്പെട്ട് കിടക്കുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്യും. 9188 100 100 എന്ന നമ്പരിൽ അപകടവിവരം ആർക്കുവേണമെങ്കിലും വിളിച്ചുപറയാം. തിരുവനന്തപുരത്താണ് ഇതിനുള്ള കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഇവിടെ വിവരം കിട്ടുന്ന മുറയ്ക്ക് അപകടസ്ഥലത്ത് ഏറ്റവും എളുപ്പം എത്താൻ കഴിയുന്ന ആംബുലൻസുകാർക്ക് സന്ദേശം കൈമാറും. കൃത്യമായി സ്ഥലം മനസിലാക്കാനുള്ള സംവിധാനം ആംബുലൻസ് ഡ്രൈവറുടെ മൊബൈലിൽ തെളിയും. രോഗിയെ എത്തിക്കേണ്ട ആശുപത്രി ഏതെന്നും വ്യക്തമാക്കും. ഇതെല്ലാം ഏകോപിപ്പിക്കുന്നത് കൺട്രോൾ റൂമായിരിക്കും. ഭാവിയിൽ ഇതിനായി പ്രത്യേക മൊബൈൽ ആപ്പും തയ്യാറാക്കുന്നുണ്ട്. ഐ.എം.എയ്ക്കും പൊലീസിനുമൊപ്പം രമേശ് കുമാർ ഫൗണ്ടേഷനും ചേർന്നാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തിലൊരു സേവനമേഖല തുറന്നിടുന്നത്. റോഡപകടങ്ങൾ പെരുകി വരുന്ന സംസ്ഥാനത്ത് ഇത്തരത്തിലൊരു സേവനം ലഭിക്കുകയെന്നത് വലിയ അനുഗ്രഹം തന്നെയാണ്. അപകടത്തിൽപ്പെട്ടും വാഹനങ്ങൾ ഇടിച്ചിട്ടും റോഡുകളിൽ ചോരവാർന്നുകിടന്ന് മരണത്തെ വരിക്കേണ്ടിവരുന്നവരുടെ ദാരുണാനുഭവങ്ങൾ ധാരാളം കേൾക്കാറുള്ളതാണ്. യഥാസമയം ചികിത്സ ലഭിച്ചിരുന്നെങ്കിൽ അവരിൽ പലരുടെയും ജീവൻ രക്ഷിക്കാനാവുമായിരുന്നു. ആംബുലൻസുകളിലുള്ളത് പരിചയസമ്പന്നരായ ജീവനക്കാരാകുമ്പോൾ സാധാരണ ആൾക്കാരെക്കാൾ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി പരിക്കേറ്റുകിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയും. ചികിത്സയിൽ അതീവ പ്രാധാന്യമർഹിക്കുന്ന കാര്യമാണിത്. നട്ടെല്ലിന് ക്ഷതം പറ്റിയ ആളെ എടുത്തുകിടത്തുന്നതിനുപോലും പ്രത്യേകം ചിട്ടയും സൂക്ഷ്മതയും പുലർത്തേണ്ടതുണ്ട്. അപകടംകണ്ട് ഒാടിക്കൂടുന്നവർ ഇതൊന്നും മനസിലാക്കാതെയാകും പരിക്കേറ്റവരെ സഹായിക്കാൻ തുനിയുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന് രക്ഷാപ്രവർത്തകർ ഇപ്പോൾ അനുഭവിക്കുന്ന പങ്കപ്പാട് ചില്ലറയൊന്നുമല്ല. ആംബുലൻസ് ലഭിക്കാത്ത സാഹചര്യത്തിൽ പലപ്പോഴും സ്വകാര്യ വാഹനങ്ങൾ തടഞ്ഞുനിറുത്തി പരിക്കേറ്റവരെ കയറ്റിവിടേണ്ടിവരാറുണ്ട്. പലരും കണ്ടില്ലെന്ന് നടിച്ച് ഒാടിച്ചുപോകും. മനസ്സാക്ഷിയുള്ളവർ സഹായിക്കാൻ തയ്യാറാകും. വിപുലമായ ആംബുലൻസ് ശൃംഖലയ്ക്ക് കീഴിലാണ് പുതിയ ട്രോമ കെയർ സംവിധാനം പ്രവർത്തിക്കുകയെന്നതിനാൽ തടസമില്ലാതെ സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. സംസ്ഥാനത്ത് സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചിരുന്ന '108' ആംബുലൻസ് സർവീസ് ഇപ്പോൾ ഏതാണ്ട് നാമാവശേഷമായിക്കഴിഞ്ഞു. നടത്തിപ്പു ചെലവ് കൂടിയതും മിഡ് മാനേജ്മെന്റുമൊക്കെയാണ് തികച്ചും മാതൃകാപരമായിരുന്ന 108 സർവീസിന്റെ കഥ കഴിച്ചത്. ട്രോമ കെയർ ആംബുലൻസ് സർവീസിന് ആ ഗതി ഉണ്ടാകരുത്. '108' ഏത് രോഗികളുടെയും ആവശ്യത്തിന് എത്തുമായിരുന്നെങ്കിൽ പുതിയ സർവീസ് റോഡപകടങ്ങളിൽപ്പെടുന്നവരുടെ രക്ഷ മുൻനിറുത്തിയാകും സേവനത്തിലേർപ്പെടുന്നത്. പ്രതിബന്ധങ്ങളുണ്ടാകാതെ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. പൊതുജന നന്മ ഉദ്ദേശിച്ച് തുടങ്ങുന്ന ഇതുപോലുള്ള സംരംഭങ്ങൾ കുറെ കഴിയുമ്പോൾ ബാദ്ധ്യതയായി മാറുന്ന അനുഭവമാണുള്ളത്. നടത്തിപ്പുദോഷമാണ് അതിന് പ്രധാന കാരണം. ട്രോമ കെയർ പദ്ധതിക്ക് അത്തരം കാലക്കേട് വരാതിരിക്കട്ടെ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ