കുട്ടികൾ മലയാളവും പഠിക്കട്ടെ
May 11, 2018, 12:36 am
മലയാളഭാഷാനിയമം പ്രാബല്യത്തിലായിട്ട് വർഷം ഒന്നുകഴിഞ്ഞപ്പോഴാണ് നിയമം നടപ്പാക്കാനാവശ്യമായ ചട്ടങ്ങൾ തയ്യാറാകുന്നത്. നിയമത്തിനുവേണ്ട ചട്ടങ്ങളുണ്ടാക്കുന്നതിൽ പൊതുവേ കാണുന്ന അലംഭാവമാണ് ഇവിടെയും പ്രശ്നമായത്. ഏതായാലും ഭാഷാസ്നേഹികൾ നിരന്തരം ഇടപെട്ടതിന്റെ ഫലമെന്നോണം നിയമവകുപ്പു തയ്യാറാക്കിയ ചട്ടങ്ങൾ നിയമസഭാ സബ്‌ജക്ട് കമ്മിറ്റി അംഗീകരിച്ചതോടെ ഇനി അത് വിജ്ഞാപനമായി ഇറക്കിയാൽ മതിയാകും. അതോടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നുമുതൽ പത്തുവരെയുള്ള ക്ളാസുകളിൽ മലയാളം പഠനം നിർബന്ധമാകും. കേന്ദ്ര സിലബസ് പിന്തുടരുന്ന സ്കൂളുകൾക്കും നിയമം ബാധകമായതിനാൽ ഒരു കുട്ടിയും മലയാളം അറിയാത്തവരായി ഉണ്ടാവുകയില്ല. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപംകൊണ്ടിട്ട് 62 വർഷം കഴിയുമ്പോഴാണ് ഇത് സാദ്ധ്യമാകുന്നതെന്നത് മലയാള ഭാഷയെ സ്നേഹിക്കുന്ന ഏതൊരാളെ സംബന്ധിച്ചും ഏറെ ലജ്ജാകരംതന്നെയാണ്. പുറമേ ഭാഷാസ്നേഹം പറയുകയും അകമേ മലയാളത്തെ പടിക്കുപുറത്തുനിറുത്തുകയും ചെയ്യുക എന്നതാണ് ഇവിടെ പൊതുവേ കാണുന്ന പ്രവണത. സ്കൂളുകളിൽ മലയാളം നിർബന്ധപഠനവിഷയമാക്കിയശേഷവും അത് നടപ്പാക്കാൻ കൂട്ടാക്കാത്ത സ്കൂളുകൾക്കെതിരെ യാതൊരു നടപടിയും എടുക്കാൻ സർക്കാർ ഇതുവരെ തയ്യാറായില്ല. കഴിഞ്ഞവർഷം പാസാക്കിയ മലയാളഭാഷാനിയമം പൂർണമായി നടപ്പാക്കുമ്പോൾ വേണം നിയമലംഘകർക്കെതിരെ നടപടി എടുക്കാൻ. സ്കൂളിൽ മലയാളം പഠിപ്പിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ പ്രധാനാദ്ധ്യാപകനിൽനിന്ന് 5000 രൂപ പിഴ ഇൗടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. ശമ്പളത്തിൽ കുറവുവരുമെന്ന് കണ്ടാൽ ഉപേക്ഷ കാട്ടാൻ ആരും തയ്യാറാകില്ലെന്ന് കരുതാം. തുടർച്ചയായി നിയമലംഘനം നടത്തുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കാൻ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബഹുഭൂരിപക്ഷം സ്കൂളുകളിലും ഇപ്പോൾത്തന്നെ മലയാളം ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ടെങ്കിലും വിസമ്മതിക്കുന്നവയും ഇല്ലാതില്ല. നിയമം കർക്കശമായി നടപ്പാക്കുന്നതോടെ അവയും വരുതിയിൽ വരുമെന്ന് കരുതാം. സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ സ്കൂളുകളിൽ ഒരു വിഭാഗത്തിനാണ് മലയാളത്തോടും മലയാളഭാഷാപഠനത്തോടും കടുത്ത അലർജിയുള്ളത്. ക്ളാസിൽ കുട്ടികൾ മലയാളവാക്ക് ഉച്ചരിക്കുന്നതിനുപോലും വിലക്കുള്ള സ്കൂളുകളുണ്ട്. പുതിയ അദ്ധ്യയനവർഷംമുതൽ അവയും മുൻനിലപാട് ഉപേക്ഷിക്കാൻ നിർബന്ധിതമാകും. ഇവിടെ ജനിച്ചുവളരുന്നവരോ, സ്ഥിരതാമസമാക്കിയവരോ ആയ സകലരും വിദ്യാഭ്യാസകാലത്ത് മലയാളഭാഷ പഠിച്ചിരിക്കണമെന്നത് ഭാഷാഭ്രാന്തായി കാണേണ്ടതില്ല. മറ്റെല്ലാ സംസ്ഥാനങ്ങളും മാതൃഭാഷയ്ക്ക് പരമപ്രധാനമായ സ്ഥാനം നൽകുമ്പോൾ ഇവിടെ മാത്രമാണ് കടുത്ത അവഗണനയും പരിഹാസവും. ഭരണഭാഷ മലയാളത്തിലേക്ക് മാറ്റാൻ പതിറ്റാണ്ടുകൾതന്നെ വേണ്ടിവന്നു. ഇന്നും അത് പൂർണമായിട്ടുണ്ടെന്ന് തോന്നുന്നില്ല. സ്കൂളുകളിൽ മലയാളപഠനം നിർബന്ധമാക്കുന്നതിനൊപ്പം ഒാരോ ക്ളാസിലും ആവശ്യമായ പുസ്തകം തയ്യാറാക്കേണ്ടതുണ്ട്. എസ്.സി.ഇ.ആർ.ടിക്കാണ് അതിന്റെ ചുമതല. ആവശ്യമായ സ്കൂളുകളിൽ പുതുതായി മലയാളം അദ്ധ്യാപകരെയും നിയമിക്കേണ്ടിവരും. മാതൃഭാഷയാണെങ്കിലും തെറ്റുകൂടാതെ മലയാളത്തിൽ എഴുതാനും വായിക്കാനും പരിജ്ഞാനമുള്ള കുട്ടികൾ കുറവാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പഠനരീതിയിലെ അപാകതയാണ് ഇതിന് കാരണം. തെറ്റുകൂടാതെ എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുമ്പോഴാണ് ഭാഷയും ഒപ്പം വളരുന്നത്. സ്കൂളുകളിൽ മലയാള പഠനം നിർബന്ധമാക്കുന്നതുപോലെ തന്നെ വ്യവഹാര ഭാഷയും മലയാളമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചുതുടങ്ങിയത് സ്വാഗതാർഹമാണ്. മുൻസിഫ്, മജിസ്ട്രേട്ട് കോടതികളിൽ വിധിന്യായങ്ങൾ മലയാളത്തിലാക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. ഇൗ കോടതികളിൽ വിസ്താരങ്ങൾ മലയാളത്തിലാണെങ്കിലും വിധിന്യായം ഇംഗ്ളീഷിലാണ് തയ്യാറാക്കുന്നത്. മലയാളം മാത്രം അറിയാവുന്ന സാധാരണക്കാർക്ക് വിധി വായിച്ചു മനസിലാക്കാൻ ഇംഗ്ളീഷ് അറിയാവുന്നവരെ ആശ്രയിക്കണം. എല്ലാ കോടതികളിലും മാതൃഭാഷ കഴിയുന്നിടത്തോളം ഉപയോഗിക്കുന്നതുകൊണ്ട് ദോഷമൊന്നും വരാനില്ല. കീഴ്കോടതികളിൽ പരിഭാഷകരെ ഏർപ്പെടുത്തിയശേഷമാകും വിധിന്യായങ്ങൾ മലയാളത്തിൽ വന്നുതുടങ്ങുകയുള്ളൂ എന്നാണ് കേൾക്കുന്നത്. ഇതിനായി 220 പരിഭാഷകൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പുതുതായി ഇത്രയും തസ്തികകൾ സൃഷ്ടിക്കേണ്ടിവരുമെന്നതിനാൽ നിർദ്ദേശം ധനവകുപ്പിന്റെ പരിഗണന കാത്തുകിടക്കുകയാണ്. കോടതികളിലും മലയാളം തന്നെ മതിയെന്ന് സർക്കാർ ഉറച്ച തീരുമാനമെടുത്താൽ കാര്യങ്ങൾ വേഗത്തിലാകും. കക്ഷികൾക്കും എളുപ്പം മനസിലാകുന്ന ഭാഷയിൽ കോടതി നടപടികൾ നടന്നാൽ അതിന്റെ ഗുണം ഏറെയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ