പല്ലവി പാടീ നിൻ മിഴികൾ, അനുപല്ലവി പാടീ എൻ മിഴികൾ
May 10, 2018, 7:30 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: അഞ്ചു വയസിലാണ് പല്ലവിക്ക് ചെവികേൾക്കില്ലെന്ന് വീട്ടുകാരറിയുന്നത്. അഞ്ചാം ക്ളാസു കഴിഞ്ഞിട്ടും മലയാളം അക്ഷരങ്ങൾ പിടിച്ചെടുക്കാൻ അവൾ പാടുപെട്ടു. പിന്നെ അവൾ ഒന്നൊന്നായി പഠിച്ചെടുത്തു. കണ്ണുകളിലൂടെ അവൾ എല്ലാം ഉൾക്കാതിൽ അറിഞ്ഞു. പത്താം ക്ളാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഇപ്പോൾ കീബോർഡും പഠിക്കുന്നു. ഹിയറിംഗ് എയ്ഡിന്റെ സഹായത്തോടെ സപ്ത‌സ്വരങ്ങൾ മന്ത്രധ്വനി പോലെ അവൾ അറിയുന്നു... ശ്രീകാര്യം ചിത്രവിള 'കൗസ്തുഭ'ത്തിലെ ഇളയകുട്ടിയായ പല്ലവി ഭിന്നശേഷിയുടെ പരിമിതികൾ കടന്ന് പറക്കുകയാണ്. പിറന്നു വീണതുമുതൽ ആരോഗ്യപ്രശ്നങ്ങളായിരുന്നു അവൾക്ക്. അമ്പതാം ദിവസം തലയിലെ അപകടകരമായ മുഴ നീക്കാൻ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ന്യൂറോശസ്ത്രക്രിയ. ഒൻപതു വയസുവരെ കുഞ്ഞു കമഴ്ന്നില്ല, മുട്ടുകാലിൽ ഇഴഞ്ഞില്ല. എൻട്രൻസ് കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥയായ അമ്മ സതി എല്ലാ ദൈവങ്ങളെയും വിളിച്ചു. വഴിപാടുകൾ നേർന്നു... പട്ടം സെന്റ് മേരീസ് സ്കൂളിലെ നീന്തൽ ക്ളാസിൽ ചെവിയിൽ വെള്ളം കയറി പല്ലവി നിലവിളിച്ചു. പരിശോധിച്ച ഡോക്ടറാണ് പറഞ്ഞത് - കുട്ടിക്ക് ചെവി കേൾക്കില്ല. വലതു ഭാഗത്തെ വലിയ ഒച്ചകൾ മാത്രം ചെറിയ ശബ്ദങ്ങളായി പല്ലവി മനസിലാക്കി. ഭിന്നശേഷക്കാരുടെ ക്ലാസിലല്ല അവൾ പഠിച്ചത്. സാധാരണ ക്ലാസിലെ പഠനം വെല്ലുവിളിയായിരുന്നു. അഞ്ചാംക്ലാസ് വരെ മലയാളം അറിയില്ലായിരുന്നു. അതുപോലെ ഹിന്ദിയും. അദ്ധ്യാപകർ ആദ്യ ബെഞ്ചിലിരുത്തി അവളിൽ ആത്മവിശ്വാസം നിറച്ചു. വീട്ടിൽ ചേച്ചി ശ്രുതി ട്യൂഷൻ ടീച്ചറായി. എട്ടാം ക്ളാസിലെത്തി. കായിക ശേഷിയുള്ള കുട്ടികളെ എൻ.സി.സിക്ക് തിരഞ്ഞെടുക്കുന്നു. പല്ലവി ഹാജർ. മറ്റ് കേഡറ്റുകളെ പോലെ ചിട്ടയായി പരേഡ്. ക്യാമ്പിൽ പങ്കെടുത്തു. ഷൂട്ടിംഗിലും കഴിവ് തെളിയിച്ചു. എഴുത്തു പരീക്ഷയിൽ എ ഗ്രേഡ്. പരേഡിലെ കമാൻഡുകൾ കേൾക്കില്ല. അതിന് അവൾക്കൊരു ട്രിക്കുണ്ട്. കമാൻഡുകൾ നേരത്തേ മനസിലാക്കി വയ്‌ക്കും. അടുത്ത് നിൽക്കുന്ന കുട്ടിയുടെ കാൽ തിരിയുന്നതിനുസരിച്ച് പല്ലവിയും ചലിക്കും. 'ക്ലാസിൽ ടീച്ചർമാരുടെ ചുണ്ടിന്റെ ചലനം നോക്കിയാണ് അവൾ പഠിക്കുന്നതെന്ന് ചേച്ചി ശ്രുതി പറയുന്നു. സിനിമ പോലെ കാര്യങ്ങൾ മനസിലാക്കും. നോട്ട് ബുക്ക് സ്‌കാൻ ചെയ്തതുപോലെ മനസിൽ പകർത്തും. ഞാൻ അവളുടെ ബുക്ക് നോക്കി ചോദ്യങ്ങൾ ചോദിക്കുമ്പോൾ എന്റെ കണ്ണിന്റെ ദിശ നോക്കി ഏതു ചോദ്യമാണെന്ന് അവൾ മനസിലാക്കും. ഫിസിക്സും കണക്കും ഈസിയാണ്. എനിക്ക് പത്തിൽ കുറച്ച് എ പ്ലസും എയും ബി പ്ളസുമാണ് കിട്ടിയത്. അവൾ മൊത്തം എ പ്ലസാ... ''- നാലാഞ്ചിറ മാർ ബസേലിയോസ് കോളേജിൽ എൽ എൽ.ബിക്കു പഠിക്കുന്ന ശ്രുതി പറഞ്ഞു. പല്ലവിക്ക് ഭാവിയിൽ ആരാകണം? '' പ്ലസ് -ടു കഴിഞ്ഞ് ഭിന്നശേഷിക്കാരെ പഠിപ്പിക്കുന്ന കോഴ്സിനു ചേരണം. അവരെ സഹായിക്കണം''.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ