ഇ-പോസ് വരും; സബ് രജിസ്ട്രാർ ഓഫീസിൽ എളുപ്പം ഫീസൊടുക്കാം
May 12, 2018, 12:09 am
ശ്രീകുമാർ പള്ളീലേത്ത്
 
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്ക് സബ് രജിസ്ട്രാർ ഓഫീസിൽ ഫീസ് എളുപ്പത്തിൽ ഒടുക്കുന്നതിന് വഴി തെളിയുന്നു. ഓഫീസുകളിൽ പോയിന്റ് ഒഫ് സെയിൽ (ഇ-പോസ്) മെഷീൻ സംവിധാനം കൊണ്ടുവരാനുള്ള ആലോചനയിലാണ് രജിസ്ട്രേഷൻ വിഭാഗം. ബാങ്കുകളുമായി സഹകരിച്ചാണ് നടപ്പാക്കുക.
ആധാരം രജിസ്ട്രേഷന് നിലവിൽ ഇ -പേമെന്റുണ്ട്. മറ്റാവശ്യങ്ങൾക്കാവും ഇ-പോസ് പ്രയോജനപ്പെടുക. ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, ആധാരത്തിന്റെ പകർപ്പെടുപ്പ്, സ്പെഷ്യൽ മാര്യേജ് രജിസ്ട്രേഷൻ, ചിട്ടി രജിസ്ട്രേഷൻ, ചിട്ടി മിനിട്ട്സ് ഫയലിംഗ്, ബാലൻസ് ഷീറ്റ് ഫയലിംഗ് തുടങ്ങിയ കാര്യങ്ങളാണ് അതത് സമയം ഫീസ് ഒടുക്കി നടത്തേണ്ടത്.
ട്രഷറികളിൽ പണം അടച്ച് ചെല്ലാൻ രജിസ്ട്രാർ ഓഫീസുകളിൽ നൽകുകയാണിപ്പോൾ. മിക്ക പ്രദേശങ്ങളിലും ട്രഷറിയും സബ് രജിസ്ട്രാർ ഓഫീസും വളരെ അകലത്തിലാണ്. ഇതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇ-പോസ് സഹായിക്കും. ഉപഭോക്താവിന് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മതിയായ തുക രജിസ്ട്രേഷൻ വിഭാഗത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും.
സംസ്ഥാനത്ത് 315 സബ് രജിസ്ട്രാർ ഓഫീസുകളാണുള്ളത്. സ്പെയർ ഉൾപ്പെടെ 400 ഓളം ഇ-പോസ് മെഷീനുകൾ വേണ്ടിവരും. 2000 മുതൽ 3000 വരെയാണ് ഒന്നിന്റെ വില. മെഷീനുകൾ വാങ്ങാൻ വലിയൊരു തുക മുടക്കാൻ വകുപ്പിനാവില്ല. പദ്ധതിയുമായി സഹകരിക്കുന്ന ബാങ്കുകളുടെ സഹായം തേടാനാണ് ആലോചന. മൂന്ന് ബാങ്കുകൾ താത്പര്യം കാട്ടിയിട്ടുണ്ട്.

സാങ്കേതിക കടമ്പ
ഡെബിറ്റ് കാർഡുപയോഗിച്ചുള്ള പണം കൈമാറ്റത്തിന് ഓരോ ബാങ്കും നിശ്ചിത പരിധി നിശ്ചയിച്ചിട്ടുണ്ടെന്നതാണ് പ്രധാന കടമ്പ. വലിയ തുക കൈമാറേണ്ടി വരുമ്പോൾ എങ്ങനെ സംവിധാനത്തിൽ മാറ്റം വരുത്താമെന്നത് ബാങ്കുകളുമായി ചർച്ച ചെയ്യും. താത്പര്യം പ്രകടിപ്പിച്ച ബാങ്കുകളോട് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ