പാവങ്ങളുടെ വീട് കരുവാക്കി സൊസൈറ്റിക്കായി കള്ളക്കളി
May 13, 2018, 9:23 am
എം.എച്ച്.വിഷ്‌ണു
ലൈഫ്‌മിഷനിൽ പൊട്ടിത്തെറി, ഐ.എ.എസുകാർ ഉടക്കിൽ

തിരുവനന്തപുരം: ‌അഞ്ചര ലക്ഷം പാവങ്ങൾക്ക് വീട് നൽകാനുള്ള 'ലൈഫ്‌മിഷൻ' പദ്ധതിക്ക് കോഴിക്കോട്ടെ സി. പി. എം. ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ ഒറ്റടെൻഡറിലെ അപ്രായോഗികമാം വിധം താഴ്‌ന്ന നിരക്കിൽ സംസ്ഥാനത്താകെ ഭവനനിർമ്മാണ കരാർ നൽകണമെന്ന ചീഫ്സെക്രട്ടറി പോൾ ആന്റണിയുടെ നിർദ്ദേശം ഐ. എ. എസുകാർക്കിടയിൽ പൊട്ടിത്തെറിയുണ്ടാക്കി. 30,000 കോടി ചിലവിടുന്ന സർക്കാരിന്റെ അഭിമാന പദ്ധതി അവതാളത്തിലായി. ചീഫ് സെക്രട്ടറി ശകാരിച്ച മിഷൻ സി.ഇ.ഒ അദീല അബ്‌ദുള്ള ദീർഘകാല അവധിയെടുത്ത്, പദവി ഒഴിയുകയാണെന്ന് അറിയിച്ചു. വിയോജനക്കുറിപ്പെഴുതിയ നഗരകാര്യ സെക്രട്ടറി ഡോ.ബി. അശോകിനെ വകുപ്പു മാറ്റി. അശോകും അവധിയിൽ പോയി. ചീഫ്എൻജിനിയർ കെ.സുന്ദരൻ രാജിവച്ചു.

ഇതാണ് പ്രശ്‌നം
പെരിന്തൽമണ്ണയിലെ 48 ഫ്ലാറ്റുകൾക്ക് ഊരാളുങ്കൽ സൊസൈറ്റി 11.11 ലക്ഷം വച്ച് 5.33 കോടിയാണ് ക്വോട്ട് ചെയ്‌തത്. സർക്കാർ 15 ലക്ഷം കണക്കാക്കിയിടത്താണ് സൊസൈറ്റി നാല് ലക്ഷം കുറച്ചത്. ഇതിലും താഴ്‌ന്ന നിരക്കേ മറ്റ് ഏജൻസികൾക്ക് ക്വോട്ട് ചെയ്യാനാകൂ. ചീഫ്സെക്രട്ടറിയുടെ തലതിരിഞ്ഞ ഈ നിർദ്ദേശമാണ് ഐ.എ.എസുകാരെ ചൊടിപ്പിച്ചത്. ആറിടത്ത് ഫ്ലാറ്റിന് ടെൻഡർ ക്ഷണിച്ചെങ്കിലും പെരിന്തൽമണ്ണയിലേ ഒരെണ്ണം ( ഊരാളുങ്കൽ ) ലഭിച്ചുള്ളൂ. 'ഡിസൈൻ ആൻഡ് ബിൽ‌ഡ്' മാതൃകയിൽ സ്ഥലം, മണ്ണ് പരിശോധനയ്ക്ക് മുൻകൂർ പണം മുടക്കേണ്ടതിനാലാണ് മറ്റ് ഏജൻസികൾ പിൻവലിഞ്ഞത്. അവശ്യം വേണ്ട ചുറ്റുമതിൽ, പൊതുഇടം, അഗ്നിസുരക്ഷ, മാലിന്യ നിർമ്മാർജ്ജനം, ഡ്രെയിനേജ്, കുടിവെള്ളം തുടങ്ങിയവ ഇല്ലാതെയായിരുന്നു ഊരാളുങ്കലിന്റെ ടെൻഡർ. ഫ്ലാറ്റ് വിസ്തൃതി 500ചതുരശ്ര അടിയിൽനിന്ന് 467ലേക്ക് ചുരുക്കി. സ്ഥലമൊരുക്കേണ്ട ചെലവു കൂടിയാവുമ്പോൾ അഞ്ച് ശതമാനം നിരക്ക് കൂടുമെന്ന് ഡോ.ബി. അശോകും, അവശ്യ സൗകര്യങ്ങളോടെ ഫ്ലാറ്റുണ്ടാക്കാൻ 14.50ലക്ഷം വേണമെന്ന് പരിസ്ഥിതി, ധനസെക്രട്ടറിമാരും ചീഫ്എൻജിനിയറും ചൂണ്ടിക്കാട്ടിയിട്ടും ചീഫ്സെക്രട്ടറി വഴങ്ങിയില്ല. പെരിന്തൽമണ്ണയിലെ നിരക്കിൽ സംസ്ഥാനത്താകെ എല്ലാ ഏജൻസികളും പ്രവൃത്തികൾ ഏറ്റെടുക്കണമെന്ന് ചീഫ്സെക്രട്ടറി നിർദ്ദേശിച്ചു. ഒറ്റ ടെൻഡർ തുറക്കാൻ നിയമ തടസമുണ്ടെന്ന് അദീല അബ്ദുള്ള അറിയച്ചപ്പോൾ, ടെൻഡർ തുറന്നിട്ടേ ഇനി യോഗം ചേരൂ എന്നായി ചീഫ് സെക്രട്ടറി. ഗതികെട്ട് ടെൻഡർ തുറന്ന സി. ഇ. ഒയെ ഒഴിവാക്കി, അനുമതിക്കായി ചീഫ്സെക്രട്ടറി ഫയൽ മുഖ്യമന്ത്രിക്ക് അയച്ചു. ഒറ്റടെൻഡർ തുറന്നത് തന്റെ നിർദ്ദേശ പ്രകാരമാണെന്ന് ചീഫ്സെക്രട്ടറി മുഖ്യമന്ത്രിയിൽ നിന്ന് മറച്ചു വച്ചതോടെ അദീല അബ്ദുള്ള അവധിയെടുത്തു. മുഖ്യമന്ത്രി ഫയൽ അയച്ചപ്പോഴാണ് വകുപ്പു മന്ത്രി കെ. ടി. ജലീൽ വിവരം അറിഞ്ഞത്. മന്ത്രിസഭ ചർച്ചചെയ്യണമെന്ന് ജലീൽ നിർദ്ദേശിച്ചു. ഡെപ്യൂട്ടി സെക്രട്ടറി ദിവ്യ എസ്. അയ്യരുടെ പേരിലാണ്, അവരുടെ ഒപ്പില്ലാത്ത മന്ത്രിസഭാകുറിപ്പ് തയ്യാറാക്കിയത്. സെക്രട്ടറിമാർ എതിർത്തതോടെ ഇത് തിരുത്തി. ഒറ്റടെൻഡർ ധനസെക്രട്ടറി അംഗീകരിച്ചെന്ന് കുറിപ്പിൽ തെറ്റായി ഉൾപ്പെടുത്തി.

അശോകിന്റെ എതിർപ്പ്
ഊരാളുങ്കലിന്റെ നിരക്ക് മറ്റ് ഏജൻസികൾ അംഗീകരിച്ചില്ലെങ്കിൽ മുഴുവൻ ജോലികളും അവർക്ക് നൽകേണ്ടിവരും. മൂന്നാഴ്ചയ്ക്കകം പുതിയ ടെൻഡർ വിളിക്കണം.
ഒറ്റ ടെൻഡറിലെ കുറഞ്ഞ നിരക്കിൽ സർക്കാർ പ്രവൃത്തികൾ നൽകിക്കൂടാ.
15ദിവസം നീട്ടി നൽകണം. മത്സരമില്ലെങ്കിൽ റീ-ടെൻഡർ ചെയ്യണം. കേന്ദ്രവിജിലൻസ് കമ്മിഷൻ ചട്ടവും ഇങ്ങനെയാണ്.
 ഒറ്റടെൻ‌ഡറിലെ നിരക്കുമായി മറ്റ് ഏജൻസികൾ മത്സരിക്കണമെന്ന ചീഫ്സെക്രട്ടറിയുടെ വാദം ഹൈക്കോടതി ഉത്തരവിനെതിരാണ്.
സൊസൈറ്റിയെ അവിഹിതമായി സഹായിക്കുന്നതായി വ്യാഖ്യാനിക്കപ്പെടാം. ഉദ്യോഗസ്ഥർ കുടുങ്ങും.

ലൈഫ്പദ്ധതി
ഭൂമിയുള്ളവർക്ക് വീടുവയ്ക്കാൻ 4ലക്ഷവും ഭൂമിയില്ലാത്തവർക്ക് ഫ്ലാറ്റും. 2017-18ൽ 40,000 ‌വീടുകൾ നിർമ്മിച്ചു
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ