നമുക്ക് രക്ഷിക്കാം നമ്മുടെ മക്കളെ
May 14, 2018, 12:27 am
എസ്. ജ്യോതിസ് ചന്ദ്രൻ
കൂട്ടുകുടുംബങ്ങളുടെ ഉത്സവ ആരവങ്ങളിൽ നിന്നും അണുകുടുംബങ്ങളുടെ നിശബ്ദ താഴ്‌വരയിലേക്ക് മലയാളികൾ ചേക്കേറിയിട്ട് കാലമേറെക്കഴിഞ്ഞു. ഇൗയൊരു മാറ്റം നമ്മുടെ കുടുംബവ്യവസ്ഥയിലും സാമൂഹികാന്തരീക്ഷത്തിലുമുണ്ടാക്കിയ ദോഷഫലങ്ങൾ നാമിന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. മന:സാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ കേട്ട് കൊച്ചുകേരളം വിറങ്ങലിച്ചുനിൽക്കുന്നു. ഇത്തരം വാർത്തകളിലെ വില്ലൻ കഥാപാത്രങ്ങൾ ഏറിയ പങ്കും കൗമാരക്കാരാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ഇൗയൊരു ദുരവസ്ഥയുടെ കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുമ്പോൾ എപ്പോഴും ഒന്നാം സ്ഥാനത്ത് മൊബൈൽ ഫോണിന്റെ ദുരുപയോഗം തന്നെയാണ്. വെറും ആശയവിനിമയോപാധി എന്ന നിലവിട്ട്, ഇൗ പ്രപഞ്ചത്തെ ഒന്നോടെ ഒരു വിരൽത്തുമ്പിലേക്ക് ആവാഹിച്ച് ദൃശ്യവിസ്മയമൊരുക്കാൻ കഴിയുന്ന അമൂല്യവസ്തുവായി മൊബൈൽ ഫോൺ മാറിയിരിക്കുന്നു. ഇൗയൊരു വിപ്ളവാത്മകമായ പരിവർത്തനം വൈയക്തിക-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലും ശാസ്ത്ര-സാങ്കേതിക -വൈജ്ഞാനിക മണ്ഡലങ്ങളിലും ഒരുപോലെ മുന്നേറാൻ നമ്മെ സഹായിച്ചു. ഒപ്പം അധാർമികതയുടെയും അരാജകത്വത്തിന്റെയും പാതയിലൂടെ മൂല്യശോഷണത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു. ഇൗയൊരു സാഹചര്യത്തിലാണ് രക്ഷിതാക്കൾ ഏറെ ജാഗരൂകരാകേണ്ടത്. ഒരു നാണയത്തിന്റെ ഇരുവശമെന്നോണം എല്ലാക്കാര്യത്തിനും രണ്ടുവശമുണ്ട്. രക്ഷിതാക്കൾ ഒൗദ്യോഗികാവശ്യങ്ങൾക്കും മറ്റുമായി നെറ്റ്കണക്ഷനുള്ള ഫോണുകളെ ആശ്രയിക്കാറുണ്ട്. ഉപയോഗം കഴിഞ്ഞ് നെറ്റ് കണക്ഷൻ വിച്ഛേദിക്കാതെ അലക്ഷ്യമായി ഫോൺ വീട്ടിലെ കുട്ടികൾക്ക് കൈകാര്യം ചെയ്യാനാവുംവിധം അലക്ഷ്യമായി വയ്ക്കുന്നു. ഇൗ സാഹചര്യമാണ് മക്കൾ മുതലാക്കുന്നത്. കുഞ്ഞായിരിക്കുമ്പോൾ ഗെയിം കളിയിലാരംഭിക്കുന്ന മൊബൈൽ ഉപയോഗം പിന്നീട് പ്രായത്തിന് ഉചിതമാകാത്ത പലവിധ സാധ്യതകളിലേക്കും കൊണ്ടെത്തിക്കുന്നു. പുതുതലമുറയിലെ കുട്ടികൾക്ക് ആധുനിക സാങ്കേതികവിദ്യയിലുള്ള പരിജ്ഞാനം രക്ഷിതാക്കളെക്കാൾ പതിന്മടങ്ങായിരിക്കും. അതുകൊണ്ടുതന്നെ മുതിർന്ന കൂട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കൂടിയാകുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന ആകാംക്ഷയുടെ പ്രേരണയാൽ കാണാൻ പാടില്ലാത്ത പല കാഴ്ചകളിലേക്കും കുട്ടി നയിക്കപ്പെടും. പക്വതയെത്താത്ത പ്രായത്തിലുള്ള ഇത്തരം കാഴ്ചകൾ ഭ്രമാത്മകമായ ലോകത്തേക്കും അസ്വഭാവികമായ പെരുമാറ്റത്തിലേക്കും നയിക്കും. ഫെയ്സ് ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ നവീന സാങ്കേതങ്ങൾ വഴി നാടിന്റെ മറ്റേതെങ്കിലും കോണിലുള്ളവരുമായി ചങ്ങാത്തം സ്ഥാപിക്കുന്നതിലേക്ക് നയിക്കും. പലപ്പോഴും സ്വന്തം വ്യക്തിത്വം മറച്ചുവയ്‌ക്കുന്ന മറുഭാഗത്തുള്ള വ്യക്തിയുമായി തുടങ്ങുന്ന സൗഹൃദ ചാറ്റിംഗുകൾ പിന്നീട് ലൈംഗിക ചുവയുള്ള സംഭാഷണത്തിലേക്കും മറ്റു അധാർമ്മിക പ്രവർത്തനങ്ങളിലേക്കും കുട്ടിയെ നയിക്കും. ആധുനിക കാലത്തിന്റെ ആഹാരക്രമം ചെറിയ പ്രായം മുതൽ വിശിഷ്യാ പെൺകുട്ടികളിൽ ഹോർമോൺ വ്യതിയാനം സൃഷ്ടിക്കുകയും ശാരീരിക വളർച്ചയെ ത്വരിതഗതിയിലാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ എട്ടോ ഒൻപതോ വയസിൽ പെൺകുട്ടികൾ ഋതുമതികളാകുന്നു. ഇൗയൊരു ശാരീരികമാറ്റം കുട്ടികളെ വൈകാരികമായൊരു അസന്തുലിതാവസ്ഥയുടെ പിരിമുറുക്കത്തിലാക്കുന്ന കുട്ടിയുടെ കൈകളിലേക്കാണ് രക്ഷിതാക്കൾ മൊബൈൽ ഫോണുകൾ അലക്ഷ്യമായി ഇട്ടുകൊടുക്കുന്നത്. കൺമുന്നിൽ കാണുന്ന ലോകം എന്തെന്നും ഏതെന്നും തിരിച്ചറിയപ്പെടാനാകാതെ, കുട്ടികൾ കെണികളിലേക്ക് എത്തപ്പെടുന്നു. അശ്ളീല സംഭാഷണങ്ങളുടെയും കാഴ്ചകളുടെയും മാസ്മര വലയത്തിൽ കുടുങ്ങി, മറുതലയ്ക്കൽ മറഞ്ഞിരിക്കുന്ന വ്യക്തിയുടെ യഥാർത്ഥ മുഖമറിയാത്ത കുട്ടികൾ ചതിക്കുഴികളിലാണ് പെടുന്നത്. അങ്ങനെ ജീവിതം തകരുകയും ഒടുവിൽ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നു. ഇതാണ് നാം നിത്യവും പത്രത്താളുകളിൽ കാണുന്നത്. ചാറ്റിംഗിലെ ചതി മനസിലാക്കാനുള്ള വിവേകബുദ്ധിയില്ലാത്ത ചില പെൺകുട്ടികൾ പ്രണയം നടിച്ചെത്തുന്ന കാമുകന്റെ പ്രലോഭനത്തിൽപ്പെട്ട് വീട്ടിലുള്ള ആഭരണങ്ങളും പണവുമെല്ലാം രക്ഷിതാക്കളറിയാതെ എടുത്ത് കാമുകന് കൈമാറിയ സംഭവങ്ങളും പലയിടത്തും അരങ്ങേറുന്നു. എന്നാൽ ഇത്തരം പല സംഭവങ്ങളും വീട്ടുകാർ അഭിമാനത്തിന്റെ പേരിൽ മൂടിവയ്ക്കുന്നു. ഇതിനാൽ ഭൂരിഭാഗം കൗമാര വേട്ടക്കാർക്കും ഇതൊരു പ്രോത്സാഹനമാണ്. പിടിക്കപ്പെടുമെന്ന ഭയമില്ലാതെ ഇവർ കുട്ടികൾക്ക് വേണ്ടി വലവിരിച്ച് കാത്തിരിക്കുന്നു.

മറ്റൊന്ന് നെറ്റ് കണക്ഷനോടുകൂടിയ മൊബൈൽ ഫോണുകൾ അലക്ഷ്യമായി സൂക്ഷിക്കാതിരിക്കുക. കുരുന്നു പ്രായം മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് നെറ്റ് കണക്ഷനുള്ള മൊബൈൽ ഫോണുകൾ ഒരു രീതിയിലൂടെയും ലഭ്യമാകില്ല എന്ന് ഉറപ്പുവരുത്തുക. നമ്മുടെ മക്കളുടെ മൊബൈൽ ഫോൺ സാങ്കേതികവിദ്യയിലുള്ള പരിജ്ഞാനത്തെ അതിഥികൾക്ക് മുന്നിൽ പ്രകീർത്തിച്ചുകൊണ്ട് കുഞ്ഞുങ്ങളുടെ കൈകളിലേക്ക് ഒരു കളിപ്പാട്ടമായി ഫോൺ നൽകാതിരിക്കുക. നമ്മുടെ മക്കളെ പതിനേഴ് വയസായാലും ഇരുപത് വയസായാലും ഒരു വയസിലെന്നവണ്ണം കുഞ്ഞുങ്ങളായി കണ്ടുകൊണ്ട് സ്നേഹപൂർവം വാത്സല്യപൂർവം തലോടി മാറോടണച്ച് ഒപ്പം നിറുത്താൻ ശ്രമിക്കുക. കൗമാരഘട്ടത്തിൽ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടതായ ലൈംഗിക വിദ്യാഭ്യാസം പകർന്നുകൊടുക്കാനുള്ള മാനസിക പക്വതയും ആർജവവും അമ്മമാരും അച്ഛന്മാരും നേടിയെടുക്കുക. കുട്ടികൾ വളരുന്നതിനനുസരിച്ച് സമയോചിതമായി കുട്ടികൾക്ക് അറിവ് പകർന്നുകൊടുക്കുക. നമ്മുടെ മക്കളെ അന്ധമായി വിശ്വസിക്കാതിരിക്കുക. എന്നാൽ അവരുടെ പിറകെ ചാരക്കണ്ണുമായി നടക്കുകയുമരുത്. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റേതുമായ അദൃശ്യകരങ്ങൾകൊണ്ട് അവരെ ബന്ധിച്ച് നേർവഴിക്ക് നയിക്കുക. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നൽകി തനിക്ക് കാവലായ് അച്ഛനും അമ്മയും ഉണ്ടെന്നുള്ള സുരക്ഷിതത്വബോധം മക്കളിൽ ഉണ്ടാക്കിയെടുക്കുക. പുതുതലമുറയെ നേർവഴിക്ക് നയിക്കുന്നതിൽ അദ്ധ്യാപക സമൂഹത്തിന് ഒരു നല്ല പങ്ക് വഹിക്കാനാകും എന്ന ബോധമുൾക്കൊണ്ട് അവർക്ക് ക്രിയാത്മകമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നൽകി അദ്ധ്യാപകരെ പിൻതുണയ്ക്കുക. ഒപ്പം അദ്ധ്യാപകരെ വിശ്വാസത്തിലെടുത്ത് കുട്ടിയുടെ അദ്ധ്യാപകർ കണ്ടെത്തുന്ന ചെറിയ തെറ്റുകുറ്റങ്ങൾ ക്ഷമയോടെ കേട്ട് മനസിലാക്കുക. സ്വന്തം കുട്ടിയിൽ കണ്ടെത്തിയ തെറ്റുകൾ തിരുത്താൻ അദ്ധ്യാപകരുമായി മാതാപിതാക്കൾ സഹകരിക്കണം. ഇതിനെല്ലാമുപരിയായി സ്വന്തം കുഞ്ഞുങ്ങൾ ഏതെങ്കിലും രീതിയിൽ ചാറ്റിംഗ് വലയിൽ കുരുങ്ങി ചതിക്കുഴിയിൽപ്പെട്ടാൽ രക്ഷിതാക്കൾ അത് മറച്ചുവയ്ക്കാതെ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുക. സാഹചര്യവുമായി സമരസപ്പെട്ട് മൗനം പാലിക്കുന്നത് കുട്ടിയ്‌ക്കും സമൂഹത്തിനും ദോഷം ചെയ്യും.

മേൽപ്പറഞ്ഞ സാഹചര്യങ്ങളെല്ലാം നിലനിൽക്കെ 'ഇനിയെന്ത്?' എന്നാണ് നാം ആലോചിക്കേണ്ടതും പ്രതിരോധ നടപടികൾ പ്രാവർത്തികമാക്കേണ്ടതും. നമുക്ക് നഷ്ടമായ സംസ്കാരവും മൂല്യവും ധാർമ്മികതയും നാം തിരിച്ചുപിടിച്ചേ മതിയാകൂ. അതിന് ആദ്യം നാം ചെയ്യേണ്ടത് നമ്മുടെ ഭാഷയെ, മാതൃഭാഷയെ ഹൃദയത്തിലേറ്റുക എന്നതാണ്. ഭാഷ എന്നത് ആശയവിനിമയോപാധി എന്നതിൽ കവിഞ്ഞ് സംസ്കാര വാഹിനികൂടിയാണ്. മാതൃഭാഷയിലൂടെ തനത് സംസ്കാരത്തെ ഉൾക്കൊള്ളുക, മാതൃഭാഷയുടെയും സംസ്കാരത്തിന്റെയും മടിത്തട്ടിലിരുന്നുകൊണ്ട് അന്യഭാഷയെയും സംസ്കാരത്തെയും സ്വായത്തമാക്കുക. അവിടെ നാം മൂല്യബോധമുള്ളവരായി മാറുക തന്നെചെയ്യും.

(ജ്യോതിസ് സെൻട്രൽ സ്കൂൾ ചെയർമാൻ ആണ് ലേഖകൻ )
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ