ഐക്കോൺസ്; വേണ്ടപ്പെട്ടവർക്ക് ജോലി നൽകുന്ന വിശ്വസ്‌ത സ്ഥാപനം
May 12, 2018, 12:10 am
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളെ പൊതുധാരയിലെത്തിക്കാൻ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേറ്റിവ് ആൻഡ് കോഗ്നിറ്റിവ് ന്യൂറോ സയൻസിൽ (ഐക്കോൺസ്) ജീവനക്കാരെ നിയമിക്കുന്നത് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ. സംവരണവും അട്ടിമറിച്ച് ഇഷ്ടക്കാരെ കുത്തിനിറയ്ക്കുന്നതായാണ് ആക്ഷേപം.

ഓട്ടിസം, പഠനവൈകല്യം, ബുദ്ധിമാന്ദ്യം, സെറിബ്രൽ പാൾസി, ബധിരത, ‌ഡിമൻഷ്യ തുടങ്ങിയവയ്ക്ക് ചികിത്സ, പുനരധിവാസം എന്നിവയാണ് ഐക്കോൺസ് ചെയ്യുന്നത്. സർവകലാശാല അംഗീകരിച്ച ബി.എ.എസ്.എൽ.പി എന്ന ബിരുദ കോഴ്സും നടത്തുന്നുണ്ട്.

ഗവേണിംഗ് കൗൺസിലിൽ ചെയർമാൻ ആരോഗ്യ മന്ത്രിയും കോ ചെയർമാൻ സാമൂഹ്യക്ഷേമ മന്ത്രിയുമാണ്. ആരോഗ്യ വകുപ്പ് സെക്രട്ടറി ചെയർമാനായ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് നിയമനങ്ങൾ നടത്തുന്നത്. എന്നാൽ ഗവേണിംഗ് ബോഡിയിലും എക്സിക്യൂട്ടിവ് കമ്മിറ്റിയിലും ഉൾപ്പെട്ട റിട്ട . ഉദ്യോഗസ്ഥനാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അഭിമുഖമെന്ന പ്രഹസനം നടത്തി വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നതായാണ് ആരോപണം.

ന്യൂറോളജിസ്റ്ര്, സൈക്കോളജിസ്റ്ര്, സ്പീച്ച് പാത്തോളജിസ്റ്ര്, ഫിസിയോ തെറാപ്പിസ്റ്ര്, വാർഡ്
അസിസ്റ്രന്റ്, സ്വീപ്പർ, അറ്റൻഡന്റ്, ഡ്രൈവർ തുടങ്ങിയ തസ്തികകളാണ് ഇവിടെയുള്ളത്. സ്ഥിരം, താത്കാലിക നിയമനങ്ങളിൽ സംവരണം പാലിക്കുന്നേയില്ല.

തിരുവനന്തപുരം പുലയനാർകോട്ട ആസ്ഥാനമായ ഐക്കോൺസിന് ഷൊർണൂരിൽ സബ് സെന്ററുണ്ട്. പുലയനാർകോട്ടയിൽ 55ൽ 24 പേരാണ് സ്ഥിരം ജീവനക്കാർ. ഷൊർണൂരിലാകട്ടെ 150ൽ 26 പേർ മാത്രമേ സ്ഥിരം ജീവനക്കാരുള്ളൂ.

നിയമനങ്ങളിൽ സംവരണം പാലിച്ചിട്ടില്ലെന്ന് സർക്കാർ തന്നെ സമ്മതിച്ച കാര്യമാണ്. നിയമസഭയിൽ ഷൊർണൂർ എം.എൽ.എ പി.കെ. ശശിയുടെ ചോദ്യത്തിന് സംവരണം പാലിച്ചിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി മറുപടി പറഞ്ഞത്.

അറ്റൻഡറും വിദഗ്ദ്ധനോ?
സംവരണം പാലിക്കാതിരിക്കുന്നതിന് അധികൃതർ പറയുന്ന ന്യായം തസ്തികകൾ വിദഗ്ദ്ധരുടേതാണെന്നും അതിൽ പ്രത്യേക പരിശീലനം നേടിയവരെ കിട്ടാൻ പ്രയാസമാണെന്നുമാണ്. എന്നാൽ സൈക്കോളജിസ്റ്ര്, ഫിസിയോ തെറാപ്പിസ്റ്ര്, സ്പീച്ച് പാത്തോളജിസ്റ്ര്, നഴ്സ്, വാർഡ് അസിസ്റ്രന്റ്, ക്ലീനിംഗ് സ്റ്രാഫ്, ഡ്രൈവർ, അറ്റൻഡർ നിയമനങ്ങളിൽ സംവരണത്തിന് അർഹതയുള്ളവരെ കിട്ടില്ലേ എന്നു ചോദിച്ചാൽ ഇവർക്ക് ഉത്തരമില്ല.

ഉടൻ നിയമനം നടക്കുന്നത്
അഡോളസന്റ് ക്ലിനിക്കിനായി പുതുതായി 6 വാർഡ് അസിസ്റ്രന്റുമാരുടെയും കെയർടേക്കർമാരുടെയും നാല് നഴ്സുമാരുടെയും രണ്ട് ക്ലീനിംഗ് ജീവനക്കാരുടെയും തസ്തിക സൃഷ്ടിച്ച് നിയമനം നടത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച റൂൾസ് പ്രകാരം 10 പേരെ വരെ നിയമിക്കാൻ അഭിമുഖവും അതിന് മുകളിൽ തസ്തികകളുണ്ടെങ്കിൽ എഴുത്തുപരീക്ഷയും നടത്തണം.

''അങ്ങേയറ്റത്തെ ക്രമക്കേടാണ് നടക്കുന്നത്. ഇവിടത്തെ കണക്കുകൾ ഓഡിറ്റിന് വിധേയമാക്കണം. നിയമനങ്ങൾ സുതാര്യമാക്കുകയും സംവരണം പാലിക്കുകയും വേണം. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.''
പി.കെ. ശശി എം.എൽ.എ

''നിയമനത്തിൽ 10 % സംവരണം പാലിക്കുന്നുണ്ട്. വിദഗ്ദ്ധരെ കിട്ടാനുള്ള ബുദ്ധിമുട്ടുണ്ട്.''
‌ഡോ.പി.എ. സുരേഷ്, ഡയറക്ടർ, ഐക്കോൺസ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ