കെ.എസ്.ആർ.ടി.സി പെൻഷൻ പ്രായം കൂട്ടില്ല; 56 തുടരും
May 11, 2018, 8:43 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം:കെ. എസ്. ആർ. ടി. സി പെൻഷൻ പ്രായം ഉയർത്തേണ്ടെന്ന് മാനേജ്മെന്റ് തീരുമാനിച്ചു. ഇക്കാര്യം ഉടൻ സർക്കാരിനെ അറിയിക്കും.

പെൻഷൻ പ്രായം 56ൽ നിന്ന് 58 ആക്കാനായിരുന്നു ആലോചന. ഭാവിയിൽ കോർപ്പറേഷന് കടുത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുമെന്ന് വ്യക്തമായതോടെയാണ് വേണ്ടെന്ന് തീരുമാനിച്ചത് പെൻഷൻ പ്രായം 58 ആക്കുന്നത് സർക്കാർ തത്വത്തിൽ അംഗീകരിച്ചതാണ്. തീരുമാനം കെ.എസ്.ആർ.ടി.സിക്ക് വിടുകയായിരുന്നു.

കൺസോർഷ്യത്തിന്റെ വായ്പ കോർപ്പറേഷന് ആശ്വാസമായതോടെ സർക്കാരിൽ നിന്ന് കടം വാങ്ങാതെ ശമ്പളം കൊടുക്കാമെന്നായി. ടോമിൻ തച്ചങ്കരി എം.ഡിയായ ശേഷം ബസുകളുടെ സമയം ക്രമീകരിച്ചതുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ കാരണം കളക്‌ഷനിൽ വൻ വർദ്ധനയുണ്ടായി. പ്രതിമാസ ടിക്കറ്റ് വരുമാനം 170 കോടിയിൽ നിന്ന് 196 കോടി വരെ എത്തിയിട്ടുണ്ട്. ഇപ്പോൾ വിരമിക്കുന്നവർക്ക് നൽകേണ്ട ആനുകൂല്യങ്ങളെ ഭയന്ന് പെൻഷൻ പ്രായം വർദ്ധിപ്പിച്ചാൽ രണ്ടു വർഷം കഴിയുമ്പോൾ കൂടുതൽ ആനുകൂല്യം നൽകേണ്ടി വരുമെന്ന ഉപദേശവും മാനേജ്മെന്റിന് ലഭിച്ചിരുന്നു. ചില തൊഴിലാളി സംഘടനകൾക്കും യുവജനസംഘനടകൾക്കും പെൻഷൻ പ്രായം കൂട്ടുന്നതിനോട് എതിർപ്പാണ്.

തീരുമാനത്തിനു പിന്നിൽ
അടുത്ത് വിരമിക്കേണ്ട ആയിരം പേർക്ക് 70 കോടി രൂപ നൽകേണ്ടി വരും. പെൻഷൻ പ്രായം കൂട്ടിയാൽ ഇടയ്ക്ക് ശമ്പള വർദ്ധന വരും. അതനുസരിച്ചുള്ള പെൻഷൻ ആനൂകൂല്യം ആകുമ്പോൾ അന്ന് 100 കോടി വേണ്ടി വരും.
ഏറ്റവും മുതിർന്ന ഡ്രൈവർക്ക് 35,000 - 40,000 രൂപയാണ് ശമ്പളം. പുതിയ ഡ്രൈവറുടെ ശമ്പളം 20,000ത്തിനു താഴെ.
സുശീൽഖന്ന റിപ്പോർട്ട് പ്രകാരം ജീവനക്കാരുടെ അനുപാതം 5 : 5 ആക്കണം. ഇപ്പോൾ 8: 5 ആണ്. ജീവനക്കാർ പിരിയുമ്പോൾ വർക്ക് അറേഞ്ച്‌മെന്റിലൂടെ പ്രശ്നം പരിഹരിക്കാം.
മെക്കാനിക്ക്, കണ്ടക്ടർ, ‌ഡ്രൈവർ തസ്‌തികകളിൽ നല്ല ആരോഗ്യം വേണം. അമ്പതുകൾ കഴിയുമ്പോൾ തന്നെ പലരും രോഗികളാകുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ