സർവകലാശാലയുടെ ഗുജറാത്ത് മോഡൽ
May 12, 2018, 12:05 am
മാർക്ക് തട്ടിപ്പിനുമുതൽ നിയമന ക്രമക്കേടുകൾക്കുവരെ കുപ്രസിദ്ധി നേടിയ കേരള സർവകലാശാല ഏറ്റവും ഒടുവിൽ ശ്രദ്ധാകേന്ദ്രമാകുന്നത് ഗുജറാത്ത് മൂല്യനിർണയത്തിന്റെ പേരിലാണ്. അവസാന വർഷ എൽഎൽ.ബി പരീക്ഷയിൽ ഒരു പേപ്പറിന് കൂട്ടത്തോൽവി നേരിടേണ്ടിവന്ന മുഴുവൻ കുട്ടികളുടെയും ഉത്തരക്കടലാസ് ഗുജറാത്തിൽ അയച്ച് പുനർമൂല്യനിർണയം നടത്തുകയായിരുന്നു. സർവകലാശാലയുടെ ചട്ടമനുസരിച്ച് അനുവദനീയമല്ലാത്ത നടപടിയാണിത്. നേരത്തെ ഇവിടെ പുനർമൂല്യനിർണയം നടന്നപ്പോൾ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതിരുന്ന ഒരു വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ച് ഒരിക്കൽകൂടി പുനർമൂല്യനിർണയത്തിന് അനുമതി നേടി. തുടർന്നാണ് ഇൗ കുട്ടിയുടെ ഉത്തരക്കടലാസിനൊപ്പം മറ്റു 20 കുട്ടികളുടെ കൂടി ഉത്തരക്കടലാസുകൾ ഗുജറാത്തിലേക്ക് അയയ്ക്കാൻ സർവകലാശാല നടപടി എടുത്തത്. ഗുജറാത്തിൽ നടന്ന മൂല്യനിർണയത്തിൽ ഒരു കുട്ടി ഒഴികെ മറ്റെല്ലാവർക്കും ഉയർന്നതോതിൽ മാർക്കും ലഭിച്ചു. ഇൗ മാർക്ക് അംഗീകരിക്കാൻ കഴിഞ്ഞ ദിവസം സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുകയും ചെയ്തു. മാത്രമല്ല, നേരത്തെ ഇവിടെ പുനർമൂല്യ നിർണയം നടത്തിയ രണ്ട് മുതിർന്ന അദ്ധ്യാപകരെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കാനുള്ള ഒരുക്കത്തിലുമാണ്. ചട്ടം ലംഘിച്ച് ഉത്തരക്കടലാസ് ഗുജറാത്തിലേക്ക് അയച്ച് പരിശോധിപ്പിച്ച് നടപടി ശരിവയ്ക്കുന്ന സിൻഡിക്കേറ്റ് ഇവിടെ പുനർമൂല്യ നിർണയം നടത്തിയ അദ്ധ്യാപകർക്കെതിരെ വാളോങ്ങി നിൽക്കുകയാണ്. യഥാർത്ഥത്തിൽ ഇങ്ങനെയൊരു സാഹചര്യത്തിൽ സിൻഡിക്കേറ്റ് ചെയ്യേണ്ടിയിരുന്നത് എല്ലാ മൂല്യനിർണയങ്ങൾക്കും പിന്നിൽ കള്ളക്കളികൾ വല്ലതും നടന്നിട്ടുണ്ടോ എന്ന് ആളെവച്ച് പരിശോധിപ്പിക്കുകയാണ്. അതിനുപകരം പുനർമൂല്യനിർണയം നടത്തിയ അദ്ധ്യാപകരെ ക്രൂശിക്കാനുള്ള നീക്കം അത്യധികം വിചിത്രമാണ്. പരീക്ഷാസംബന്ധിയായ കാര്യങ്ങളിൽ സർവകലാശാല പണ്ടുമുതൽക്കേ കാണിക്കുന്ന നിരുത്തരവാദ സമീപനത്തിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണിത്. സിൻഡിക്കേറ്റിൽ സ്വാധീനവും ആളുമുണ്ടെങ്കിൽ ആർക്കും ഏത് പരീക്ഷാഫലവും അട്ടിമറിക്കാൻ കഴിയുമെന്ന് പച്ചയായി കാണിച്ചുതരികയാണിവിടെ. സ്വകാര്യ ലാ കോളേജിലെ ഒരു കുട്ടിക്കുവേണ്ടിയാണ് ഇൗ അഭ്യാസങ്ങൾക്കെല്ലാം മുതിർന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വാർത്ത ആദ്യം പുറത്തുകൊണ്ടുവന്ന 'കേരളകൗമുദി'ക്കെതിരെ കേസ് കൊടുത്ത് സ്വന്തം ക്രമക്കേടുകൾക്ക് മറപിടിക്കാനുള്ള ശ്രമത്തിലാണ് സിൻഡിക്കേറ്റ്.
സർവകലാശാല പരീക്ഷകളുടെ വിശ്വാസ്യതയും കൃത്യതയും ഉറപ്പാക്കാൻ ബാദ്ധ്യതയുള്ള സിൻഡിക്കേറ്റ് അതിന് വിപരീതമായ ചെയ്തികളെ അത് എത്രതന്നെ ചെറുതായാൽപ്പോലും ന്യായീകരിക്കുന്നതും ഉയർത്തിപ്പിടിക്കുന്നതും വിദ്യാർത്ഥികൾക്കിടയിൽ മാത്രമല്ല പൊതുസമൂഹത്തിലും അവഹേളനം ക്ഷണിച്ചുവരുത്താനേ ഇടയാക്കൂ. പരീക്ഷയും മൂല്യനിർണയവുമൊക്കെ അങ്ങേയറ്റം വിശ്വാസ്യതയോടെയാണ് നടത്തേണ്ടത്. പരീക്ഷ എഴുതിയ കുട്ടികൾക്ക് മൂല്യനിർണയത്തെക്കുറിച്ച് പരാതിയുണ്ടാവുക സ്വാഭാവികമാണ്. അതിന് പരിഹാരമായിട്ടാണ് പുനർമൂല്യനിർണയ വ്യവസ്ഥ വച്ചിരിക്കുന്നത്. നിശ്ചിത ഫീസ് അടയ്ക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകാം. എന്നാൽ ചട്ടം മറികടന്ന് അന്യദേശത്ത് കൊണ്ടുപോയി പുനർമൂല്യനിർണയം നടത്തുന്നതിന് പിന്നിൽ നല്ല ഉദ്ദേശ്യമാണെന്ന് എങ്ങനെ പറയാനാകും. എൽഎൽ.ബി പരീക്ഷകളുടെ പുനർമൂല്യനിർണയം മേലിൽ സംസ്ഥാനത്തിന് പുറത്തുനടത്തിയാൽ മതിയെന്ന് സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തിരിക്കുകയാണ്. ഇതിൽനിന്ന് എന്താണ് മനസിലാക്കേണ്ടത്. ഇവിടെ നടക്കുന്ന മൂല്യനിർണയത്തിൽ സിൻഡിക്കേറ്റിന് ഒട്ടുംതന്നെ വിശ്വാസമില്ലെന്നല്ലേ? അങ്ങനെ വിശ്വാസമില്ലാത്ത അദ്ധ്യാപകർ നടത്തുന്ന ആദ്യമൂല്യ നിർണയത്തെ വിദ്യാർത്ഥികൾ അംഗീകരിക്കണമെന്ന് എങ്ങനെ പറയാനാകും? മൂല്യനിർണയവും പുനർമൂല്യ നിർണയവുമൊക്കെ അങ്ങേയറ്റം പവിത്രമായ പ്രവൃത്തിയായാണ് കരുതപ്പെടുന്നത്. കുട്ടികളുടെ ഭാവിയുമായി അഭേദ്യമായി ബന്ധപ്പെട്ട പുണ്യപ്രവൃത്തിയാണിത്. തോന്നിയപോലെ മാർക്കിടുന്നതും അർഹമായ മാർക്ക് നൽകാതിരിക്കുന്നതും ഒരുപോലെ ഹീനമാണ്. ഇപ്പോഴത്തെ വിവാദത്തിനാധാരമായ സംഭവത്തിൽ രണ്ട് അദ്ധ്യാപകർ മനഃപൂർവം മാർക്ക് കുറച്ചു എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. കേസിനുപോയ കുട്ടിക്ക് ഗുജറാത്തിലെ പുനർമൂല്യ നിർണയത്തിൽ പഴയ 26 മാർക്ക് 54 ആയി ഉയർന്നുവെന്നത് ശ്രദ്ധേയമാണ്. ഇതോടൊപ്പം മറ്റു കുട്ടികൾക്കും ഇരുപത് ശതമാനം മുതൽ അറുപതു ശതമാനം വരെ മാർക്ക് അധികമായി ലഭിച്ചതായി കാണാം. ഇവിടെ നടന്ന മൂല്യനിർണയത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന കാര്യമാണിത്. അദ്ധ്യാപകർ മാത്രമല്ല, സർവകലാശാല തന്നെയാണ് ഇവിടെ പ്രതികൂട്ടിലും സംശയ നിഴലിലുമാകുന്നത്. കേരള സർവകലാശാലയെ സംബന്ധിച്ച് ഇതൊന്നും പുതുമയുള്ള കാര്യമല്ല. ഇതിനെക്കാൾ ഭീകരമായ എത്രയെത്ര അട്ടിമറികൾക്കും തട്ടിപ്പുകൾക്കും സാക്ഷിയായ സർവകലാശാലയാണിത്. ഇപ്പോഴാണെങ്കിൽ നാഥനില്ലാത്ത അവസ്ഥയുമാണ്. വിരമിച്ച വി.സിക്ക് പകരം ഒരാളെ കണ്ടെത്താൻ മാസങ്ങളായിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല. സിൻഡിക്കേറ്റിന്റെ ഇഷ്ടാനിഷ്ടങ്ങളാണ് അവിടെ നടക്കുന്നത്. പരീക്ഷകളും ഫലപ്രഖ്യാപനവുമൊക്കെ തോന്നിയ പടിയായിട്ടും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ