ടെൻഡറില്ലാതെ കോടികളുടെ പണി; നിയമങ്ങൾക്ക് പുല്ലുവില
May 17, 2018, 12:05 am
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ എംപാനൽ ചെയ്ത അക്രഡിറ്റഡ് ഏജൻസികൾക്ക് പ്രവൃത്തി നൽകാൻ സർക്കാർ തന്നെ നിയമം ലംഘിക്കുന്നു. ടെൻഡറില്ലാതെ ഒരു സർക്കാർ പ്രവൃത്തിക്കും കരാർ നൽകരുതെന്നാണ്‌ കേന്ദ്ര വിജിലൻസ് കമ്മിഷൻ നിബന്ധന. ഇത് ലംഘിച്ച് കരാർ നൽകിയതിനെതിരെ ഒരു വിഭാഗം കരാറുകാർ കോടതിയെ സമീപിച്ചിരുന്നു. അക്രഡിറ്റ് ചെയ്ത കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചശേഷം മാത്രം പ്രവൃത്തി നൽകാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇത്‌ വകവയ്ക്കാതെ പലയിടത്തും ടെൻഡറില്ലാതെ ഇപ്പോഴും പ്രവൃത്തി നൽകുന്നു. അമ്പലപ്പുഴ- തിരുവല്ല റോഡ് നിർമ്മാണത്തിനുള്ള കരാർ ടെൻഡറില്ലാതെ ഒരു അക്രഡിറ്റഡ് ഏജൻസിക്ക് നൽകിയതും വിവാദമായിരുന്നു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരും അവരുടെ കാലത്ത് ഇതേ സ്ഥാപനത്തിന് ടെൻഡറില്ലാതെ 977 കോടിയുടെ പ്രവൃത്തി നൽകിയിരുന്നു. ടൂറിസം വകുപ്പാകട്ടെ സ്വദേശി ദർശൻ പരിപാടിയുടെ ഭാഗമായി 78 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനം സർക്കാർ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങൾക്ക് വീതിച്ചുനൽകിയതും ടെൻഡർ കൂടാതെയായിരുന്നു.

കേരള സ്റ്രേറ്റ് ഹൗസിംഗ് ബോർഡ്, കിറ്റ്കോ, കേരള കോസ്റ്രൽ ഏരിയാ ഡെവലപ്മെന്റ് കോർപറേഷൻ, കെ.എസ്.ഇ.ബി, നിർമ്മിതി കേന്ദ്ര, ഇൻകെൽ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തുടങ്ങിയ 17 കമ്പനികളെയാണ് മുൻ യു.ഡി.എഫ് സർക്കാർ എംപാനൽ ചെയ്തത്. ജില്ലാ നിർമ്മിതി കേന്ദ്രങ്ങൾ ഉൾപ്പെടെ അക്രഡിറ്റഡ് ഏ‌‌ജൻസികളുടെ എണ്ണം ഇപ്പോൾ 33 ആയി.

ഈ സ്ഥാപനങ്ങളെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് ആയി നിയമിക്കുമ്പോഴും സുതാര്യമായ ടെൻ‌ഡർ നടപടികളിലൂടെ വേണം കരാറുകാരെ പ്രവൃത്തി ഏല്പിക്കേണ്ടതെന്ന് 2017 ജൂലായ് 25ന് ധനകാര്യവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. ചെലവ് കുറഞ്ഞ കെട്ടിടങ്ങൾ നിർമ്മിക്കുന്ന നിർമ്മിതി കേന്ദ്ര, ഹാബിറ്റാറ്റ്, കോസ്റ്ര് ഫോർഡ്, ജില്ലാ നിർമ്മിതി കേന്ദ്ര തുടങ്ങിയവയെ മാത്രമാണ് ഇതിൽ നിന്നൊഴിവാക്കിയത്. എന്നാൽ ഇവർ ദേശീയ കെട്ടിട നിർമ്മാണ ചട്ടമനുസരിച്ച് തുക കുറച്ചാണ് കെട്ടിടം നിർമ്മിക്കുന്നതെന്നുറപ്പുവരുത്തണം.

പ്രവൃത്തി മറിച്ചുനൽകി ലാഭംകൊയ്യൽ
സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ മാത്രമല്ല സഹകരണ സ്ഥാപനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും പോലെ പ്രവർത്തിക്കുന്നവയും അക്രഡിറ്റഡ് ഏജൻസികളിലുണ്ട്. ഇവയിൽ പലതും സർക്കാരിൽ നിന്ന് പ്രവൃത്തി ഏറ്റെടുത്ത ശേഷം ലാഭമെടുത്ത് മറ്റുള്ളവരെ പണി ഏല്പിക്കുകയാണ് പതിവ്. പ്രധാനമായും കെട്ടിട നിർമ്മാണവും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ജോലികളുമാണ് ഇവരേറ്റെടുക്കുന്നത്. വൻകിട ഐ.ടി സ്ഥാപനങ്ങളെ സമീപിച്ച് പ്രവൃത്തി ഏറ്റെടുത്തശേഷം ഔട്ട്‌‌‌സോഴ്സ് ചെയ്യുന്നവരുമുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ