നിങ്ങൾ സിനിമ കാണുമ്പോൾ ഈ കാമറകൾ തിരക്കിലാണ്
May 15, 2018, 12:10 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: സിനിമ ഇപ്പോൾ തുടങ്ങും, തിയേറ്ററിനുള്ളിലെ വെളിച്ചം കെടും. പിന്നെ, എന്തുമാകാം എന്ന ചിന്തയിൽ തിയേറ്ററിൽ കയറുന്നവർ പലപ്പോഴും അറിയുന്നില്ല മൂങ്ങക്കണ്ണുകളുമായി കാമറകൾ അവരെ നിരീക്ഷിക്കുന്നുവെന്ന്. എടപ്പാളിലെ മൾട്ടിപ്ലക്സ് തിയേറ്ററിലുമുണ്ടായിരുന്നു കിടിലൻ കാമറകൾ. മൊയ്തീൻകുട്ടി 10 വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒപ്പിയെടുത്തത് ആ കാമറകളായിരുന്നു. കുറ്റം നിഷേധിക്കാനാകാത്തവിധം പ്രതി കുടുങ്ങിപ്പോയതും ദൃശ്യങ്ങൾ ഉള്ളതുകൊണ്ടാണ്.

സീറ്റുകൾ കുത്തിക്കീറി നശിപ്പിക്കുന്നവരെ പിടികൂടാനാണ് തിയേറ്ററുകൾക്കുള്ളിൽ കാമറകൾ സ്ഥാപിച്ചു തുടങ്ങിയത്. സ്ത്രീകൾക്കു സ്വതന്ത്രമായി തിയേറ്ററുകളിലെത്താനും അനാശാസ്യപ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാനും അത് സഹായമായതോടെ കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചു. കേരളം ‌ഞെട്ടിയ സംഭവത്തെ തെളിവോടെ ലോകത്തിനു മുന്നിൽ എത്തിക്കുന്നതിനും അതിപ്പോൾ ഉപകരിച്ചു.

തിയേറ്ററിനുള്ളിൽ നടക്കുന്നതെല്ലാം റെക്കാഡ് ചെയ്യുക മാത്രമല്ല, അവ സൂക്ഷിച്ചു വയ്ക്കുന്നുമുണ്ട്. 14 ദിവസം വരെയുള്ള ദൃശ്യങ്ങൾ സുരക്ഷിതമാണ്. തിയേറ്ററിലെ ഇരുട്ടിനു പകലിനെക്കാൾ വെളിച്ചമുണ്ട്. സംസ്ഥാനത്തെ മിക്ക തിയേറ്ററുകളിലും 12 മുതൽ 36 വരെ നിരീക്ഷണ കാമറകൾ പ്രവർത്തിക്കുന്നുണ്ട്.

സിനിമ നടക്കുമ്പോൾ തിയേറ്റർ ജീവനക്കാർ കാമറകളിലെ ദൃശ്യങ്ങൾ നിരീക്ഷിക്കും. ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉയർന്നാൽ റെക്കാഡ് ചെയ്ത ഭാഗങ്ങൾ വീണ്ടും പരിശോധിക്കും. പാർക്കിംഗ് ഏരിയ മുതൽ നടപ്പാതയിലും ഇടനാഴികളിലുമെല്ലാം കാമറകളുണ്ടാകും. ഇൻഫ്രാറെഡ് തരംഗങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന കാമറകൾക്ക് ഇരുട്ടിലും നല്ല വ്യക്തതയാണ്.

2005 മുതലാണ് തിയേറ്ററിനു മുന്നിൽ സി.സി ടിവി കാമറകൾ സ്ഥാപിച്ചുതുടങ്ങിയത്. അഞ്ച് വർഷത്തിനു ശേഷം തിയേറ്ററുകൾക്കുള്ളിലും കാമറകൾ വച്ചു. പൂവാല ശല്യത്തിനും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഇത് ‌കടിഞ്ഞാണിട്ടു.

 കാമറയില്ലാത്ത തിയേറ്ററുകൾ
കാമറയില്ലാത്ത റിലീസിംഗ് കേന്ദ്രങ്ങളുൾപ്പെടെയുള്ള എ ക്ലാസ് തിയേറ്ററുകളും സംസ്ഥാനത്തുണ്ട്. മൾട്ടി പ്ലക്സ് ഉൾപ്പെടെ ഇരുനൂറോളം തിയേറ്ററുകളിൽ ഇപ്പോൾ ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ട്. ഇതിൽ അമ്പതോളം തിയേറ്ററുകളിൽ കാമറയില്ല. തലസ്ഥാനനഗരത്തിൽ തന്നെ അഞ്ചിലേറെ തിയേറ്ററുകളിൽ കാമറകൾ സ്ഥാപിക്കാൻ തയ്യാറായിട്ടില്ല. നിലവിൽ കാമറ സ്ഥാപിക്കണമെന്ന് നിയമവുമില്ല.

തിയേറ്ററിൽ കാമറ ചെലവ്

ഒരു കാമറയ്ക്ക് വില ₹1500 മുതൽ ₹3500 വരെ
റെക്കാഡ് ചെയ്യുന്ന ഡി.വി.ആറിന്റെ വില ₹10,000
വയറിംഗ് ഉൾപ്പെടെ ശരാശരി ചെലവ് ₹രണ്ട് ലക്ഷം

''തിയേറ്ററിനുള്ളിൽ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയാണ് കാമറകൾ സ്ഥാപിച്ചത്. അതു ഫലം കണ്ടു. സുരക്ഷയ്ക്ക് പരമപ്രധാനമാണ് കാമറകൾ''
- ഗിരീഷ്‌കുമാർ, എം.ഡി, പത്മനാഭ തിയേറ്റർ, തിരുവനന്തപുരം (തിരുവനന്തപുരത്ത് ആദ്യമായി കാമറ സ്ഥാപിച്ചത് പത്മനാഭയിലാണ്)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ