മൂന്ന് മലയാളി സ്ഥാനാർത്ഥികൾക്ക് ജയം, മൂന്നും കോൺഗ്രസുകാർ
May 16, 2018, 12:10 am
സ്വന്തം ലേഖകൻ
ബംഗളൂരു: കർണാടക നിയമസഭയിലേക്ക് മത്സരിച്ച ഏഴ് മലയാളി സ്ഥാനാർത്ഥികളിൽ മൂന്ന് പേർ ജയിച്ചു. ജയിച്ചവരെല്ലാം കോൺഗ്രസുകാരാണ്.
മുൻ മന്ത്രിമാരായ കെ.ജെ. ജോർജ് സർവജ്ഞ നഗറിൽ 53,304 വോട്ടിനും യു.ടി. ഖാദർ മംഗളൂരുവിൽ 14,509 വോട്ടിനും ജയിച്ചു. ശാന്തിനഗറിൽ എൻ. എ. ഹാരിസ് മൂന്നാം തവണയും ജയിച്ചു, ഭൂരിപക്ഷം 18,205. മംഗളൂരുവിൽ മുൻ എം.എൽ.എ യു.ടി. ഫരീദിന്റെ മകനായ ഖാദർ ഇത് നാലാം തവണയാണ് ജയിക്കുന്നത്. സിദ്ധരാമയ്യ സർക്കാരിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. കോട്ടയം സ്വദേശിയായ കെ.ജെ. ജോർജ് നഗരവികസനമന്ത്രിയായിരുന്നു. ബംഗളൂരു സർവജ്ഞ നഗർ മണ്ഡലത്തിൽ മൂന്നാം തവണയും ജനവിധി നേടിയ ജോർജ് ബി.ജെ.പിയിലെ എം.എൻ. റെഡ്ഡിയെയാണ് തോല്പിച്ചത്. വ്യവസായിയും കോൺഗ്രസ് നേതാവുമായ നാലപ്പാട്ട് ഗ്രൂപ്പ് ചെയർമാൻ എൻ.എ. മുഹമ്മദിന്റെ മകനായ എൻ.എ. ഹാരിസ് ബി.ജെ.പിയുടെ വാസുദേവശർമ്മയെ തോല്പിച്ചു. ഇവിടെ ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച മലയാളിയായ മുൻ ഐ.എ.എസ് ഓഫീസർ രേണുകാ വിശ്വനാഥൻ തോറ്റു.
ബിദാർ സൗത്തിൽ ബഹുജൻ സമാജ്‌‌‌വാദി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ടി.ജെ. എബ്രഹാം തോറ്റു. ബംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ എബ്രഹാം പത്തനംതിട്ട സ്വദേശിയാണ്. ബൊമ്മനഹള്ളിയിൽ സ്വതന്ത്രനായി മത്സരിച്ച വ്യവസായ പ്രമുഖൻ ഡോ. അനിൽകുമാർ തോറ്റു. ബി.ജെ.പിയുടെ സതീഷ് റെഡ്ഡിയാണിവിടെ വിജയിച്ചത്. മൈസൂരിലെ നരസിംഹരാജ മണ്ഡലത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ച വയനാട് സ്വദേശി അബ്ദുൽ മജീദും തോറ്റു. കോൺഗ്രസിന്റെ തൻവീർ സേട്ടാണിവിടെ വിജയിച്ചത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ