കേരളത്തിലെ ഐ.ടി പാർക്കുകളിലേക്ക് കമ്പനികളുടെ ഒഴുക്ക്
May 16, 2018, 7:00 am
തിരുവനന്തപുരം: ഐ.ടി മേഖലയ്ക്ക് പ്രതീക്ഷയേകി സംസ്ഥാനത്തെ വിവിധ ഐ.ടി പാർക്കുകളിൽ കൂടുതൽ കമ്പനികളെത്തുന്നു. റെക്കാഡ് വേഗത്തിലാണ് സൈബർ പാർക്കുകളിലെ സ്ഥലം കമ്പനികൾ സ്വന്തമാക്കുന്നത്. ഐ.ടി മേഖലയിലുണ്ടായ കുതിപ്പും സൗഹൃദ അന്തരീക്ഷവുമാണ് കമ്പനികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഇടം തേടി കമ്പനികൾ ക്യൂവിലാണ്. ഇവിടെ ഒന്നാംഘട്ടത്തിൽ 104 കമ്പനികളും മൂന്നാംഘട്ടത്തിൽ 97 കമ്പനികളും സ്ഥലത്തിനായി ക്യൂവിലുണ്ട്. രണ്ടു വർഷത്തിനിടെ 45 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഐ.ടി പാർക്കുകളിൽ കമ്പനികൾ ഏറ്റെടുത്തത്. കൊച്ചി ഇൻഫോപാർക്കിലെ ജ്യോതിർമയി, കോഴിക്കോട് സൈബർ പാർക്കിലെ സഹ്യ എന്നീ കെട്ടിടങ്ങളിൽ സ്ഥലത്തിനായി നിരവധി കമ്പനികളാണെത്തുന്നത്. ഒൻപത് നില കെട്ടിടമായ ജ്യോതിർമയിയുടെ ആറു നിലകളും കമ്പനികൾ ഏറ്റെടുത്തു.

പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ 2019 ഏപ്രിലോടെ രണ്ടു ലക്ഷം ചതുരശ്ര അടി സ്ഥലം തയ്യാറാകും. ഇതോടെ ഇവിടെ കൂടുതൽ കമ്പനികളെ ഉൾക്കൊള്ളാൻ സാധിക്കും. ടെക്‌നോപാർക്കിലെ ഗായത്രി എന്ന കെട്ടിടത്തിന് മുകളിലായി 25,000 ചതുരശ്രഅടി സ്ഥലം ഒരുക്കി സ്റ്റാർട്ട് അപ്പ് കമ്പനികൾക്കായി നൽകി. പാർക്ക് സെന്ററിന് താഴെയായി 10,000 ചതുരശ്ര അടിയും ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് സിറ്റിയും ഊരാളുങ്കൽ സൈബർ പാർക്കും പൂർണ സജ്ജമാകുന്നതോടെ കൂടുതൽ കമ്പനികൾ സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ. ഊരാളുങ്കൽ സൈബർ പാർക്കിൽ 33 കമ്പനികൾക്ക് സ്ഥലം ലഭിക്കും.

കോഴിക്കോട് സൈബർ പാർക്ക് ആദ്യത്തെ വൈഫൈ കാമ്പസ് ആകാനൊരുങ്ങുകയാണ്. യു.എസിൽ നിന്നുള്ള ഓൺടാഷ് ഇന്ത്യ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഇവിടെ 50 സെന്റ് സ്ഥലം ഏറ്റെടുക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ