ജോലിചെയ്യാൻ വയ്യ: തേഞ്ഞുതേഞ്ഞ് 200 ബസുകൾ കട്ടപ്പുറത്ത്
May 16, 2018, 1:02 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: ടയർ ക്ഷാമം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി കൊണ്ടുവന്ന പരിഷ്കാരങ്ങളോട് ജീവനക്കാർ മുഖംതിരിച്ചതോടെ 200 ബസുകൾ കട്ടപ്പുറത്തായി. ഇത്രത്തോളം സർവീസുകളും നിലച്ചു. ടയർ റീട്രെഡിംഗ് കൂട്ടി ടയർക്ഷാമം പരിഹരിക്കുകയായിരുന്നു ലക്ഷ്യം. കുറച്ചു നാളായി വരുമാനത്തിൽ വർദ്ധന നേടുന്ന കോർപറേഷന് ടയർക്ഷാമം തിരിച്ചടിയായ സാഹചര്യത്തിലാണ് പരിഷ്കാരം കൊണ്ടുവന്നത്.

പക്ഷേ, മാനേജ്‌മെന്റ് കൈക്കൊണ്ട തീരുമാനം ജീവനക്കാരെല്ലാം അതേ സ്പിരിറ്റോടെ ഉൾക്കൊണ്ടില്ല. ആലുവ യൂണിറ്റിലാണ് കൂടുതൽ നിഷേധമുണ്ടായത്. അവിടെ എട്ടു താത്കാലിക ജീവനക്കാരെ, നിബന്ധനകൾ പാലിച്ചില്ലെന്ന കാരണം കാണിച്ച് പിരിച്ചുവിട്ടു. അഞ്ച് സ്ഥിരം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. ഇവരുടെ ശമ്പളത്തിൽനിന്നു പിഴ ഈടാക്കാനും തീരുമാനിച്ചു. ഇതിനെതിരെ ജീവനക്കാർ പ്രതിഷേധ സമരവും ആരംഭിച്ചിട്ടുണ്ട്.

ടോമിൻ തച്ചങ്കരി എം.ഡിയായതിനെ തുടർന്ന് കൊണ്ടുവന്ന പരിഷ്കരണ നടപടികളുടെ ഭാഗമായാണ് പാപ്പനംകോട് സെൻട്രൽവർക്‌സ്, എടപ്പാൾ, ആലുവ എന്നിവിടങ്ങളിലെ ടയർ റീട്രെഡിംഗ് യൂണിറ്റുകളിലെ ഉത്പാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

സ്ഥിര ജീവനക്കാരൻ ദിവസം നാലു ടയറും താത്കാലിക ജീവനക്കാരൻ 12 ടയറുമാണ് റീട്രെഡിംഗ് ചെയ്തിരുന്നത്. അത് യഥാക്രമം ആറും എട്ടുമായി പുനഃക്രമീകരിച്ചിരുന്നു. എന്നാൽ സ്വകാര്യമേഖലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണെന്ന് കണ്ടെത്തി. മാത്രമല്ല അടുത്തിടെ സ്ഥാപിച്ച ആധുനിക യന്ത്രങ്ങൾക്ക് അനുസൃതമായ ഉത്പാദനക്ഷമത ഇല്ലെന്നും പരിശോധനയിൽ ബോദ്ധ്യമായി. തുടർന്നാണ് ഒരാൾ ഒരു ദിവസം 10 ടയർ റീട്രെഡ് ചെയ്യുന്ന വിധത്തിൽ ജോലി പുനഃക്രമീകരിച്ചത്. ഇതിനെതിരെയാണ് പ്രതിഷേധം. കെ.എസ്.ആർ.ടി.സിയുടെ അതേ യന്ത്രസംവിധാനങ്ങളുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു ജീവനക്കാരൻ ദിവസം 40 ടയർ വരെ റീട്രെഡിഗ് ചെയ്യുന്നുണ്ടെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ വാദം.

മൂന്ന് യൂണിറ്റുകളിലായി 50 ജീവനക്കാരാണുള്ളത്. കുറഞ്ഞത് 450 ടയർ രൂപപ്പെടുത്താനുള്ള ശേഷി യൂണിറ്റുകൾക്കുണ്ട്. എന്നാൽ ലാഭകരമായി ഇത് നടത്താൻ കഴിഞ്ഞിട്ടില്ല. ടയർ റീട്രെഡിംഗ് വിഭാഗത്തിൽ നേരിട്ട് നിയമനം നടത്താറില്ല. താത്കാലിക ജീവനക്കാരെ ക്രമേണ സ്ഥിരപ്പെടുത്തുകയാണ് പതിവ്.

 പ്രതിസന്ധി പശ്ചാത്തലം
*മാസം 2000 ടയറുകളാണ് കെ.എസ്.ആർ.ടി.സിക്കു വേണ്ടത്
*ടയർക്ഷാമത്തിന് മുഖ്യകാരണം കരാർ നടപടികളിലെ കാലതാമസം
* കുടിശിക തീർത്തിട്ടും ടയർ കമ്പനികളിൽ നിന്നു ആവശ്യത്തിന് ടയർ ലഭിക്കുന്നില്ല
* ചൈനയിൽ നിന്നുള്ള ടയർ ഇറക്കുമതി കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ