വിധി നിശ്ചയിക്കുന്നത് ഗവർണർ
May 16, 2018, 12:05 am
ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ പോയ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ അവസാന നിമിഷം താരമായി മാറാൻ പോകുന്നത് ഗവർണറാണ്. ഫലപ്രഖ്യാപനം പൂർത്തിയായ ഉടനെ ജനതാദൾ-എസ് കോൺഗ്രസിന്റെ കരം ഗ്രഹിച്ചുകൊണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു. രണ്ടു പാർട്ടികൾക്കും കൂടി സഭയിൽ 116 പേരുടെ പിൻബലമുണ്ടാകുമെന്നതിനാൽ ഭൂരിപക്ഷത്തെച്ചൊല്ലി സംശയം വേണ്ട. എന്നാൽ 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കകക്ഷിയായ ബി.ജെ.പിയും മന്ത്രിസഭയുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഗവർണറുടെ തീരുമാനം നിർണായകവും വിവാദവുമാകാൻ പോകുന്നത് ഈ സാഹചര്യത്തിലാണ്. ഗുജറാത്തിൽ മുൻപ് മന്ത്രിയും സ്പീക്കറുമൊക്കെയായിരുന്ന ആളാണ് കർണാടകത്തിലെ ഇപ്പോഴത്തെ ഗവർണർ. നിയമവും കീഴ്വഴക്കവുമൊക്കെ ഇരുഭാഗക്കാർക്കും ധാരാളമായി ചൂണ്ടിക്കാണിക്കാൻ കഴിയുമെങ്കിലും ഗവർണറുടെ തീരുമാനം തന്നെയാകും കർണാടകത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കാൻ പോകുന്നത്. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയിൽ ജനതാദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയാകും കിംഗ് മേക്കറാകാൻ പോകുന്നതെന്ന സൂചന ശരിവയ്ക്കുന്നതാണ് ഫലപ്രഖ്യാപനത്തിനു ശേഷമുണ്ടായ സംഭവ വികാസങ്ങൾ. തിരഞ്ഞെടുപ്പിലെ കനത്ത തോൽവി ഏല്പിച്ച ആഘാതത്തിൽ നിന്നു കരകയറാൻ നാണവും മാനവും വെടിഞ്ഞ് കുമാരസ്വാമിയുടെ പിറകേ പോയ കോൺഗ്രസിന് അഭിമാനിക്കാൻ യാതൊരു വകയും ഈ തിരഞ്ഞെടുപ്പ് നൽകുന്നില്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം.
സാധാരണക്കാരുടെ മനസിലിരുപ്പ് കൃത്യമായി വായിച്ചെടുക്കുന്നതിൽ രാഷ്ട്രീയ നിരീക്ഷകർക്ക് ഒരിക്കൽകൂടി അമളി പിണഞ്ഞുവെന്നാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഓർമ്മിപ്പിക്കുന്നത്. ബി.ജെ.പിക്ക് മാത്രമല്ല, ഭരണകക്ഷിയായ കോൺഗ്രസിനും മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ പാർട്ടിയായ മതേതര ജനതാ ദളിനും ഏറെ നിർണായകമായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഏതൊരു യുദ്ധത്തിലും കരുത്തു മാത്രമല്ല, എതിരാളികളെ നിഷ്പ്രഭരാക്കാൻ പോന്ന തന്ത്രങ്ങൾകൂടി കൈവശമുള്ളവരാകും ആത്യന്തിക വിജയം നേടുന്നത്. കർണാടകയിൽ ബി.ജെ.പി സ്വന്തം കരുത്തിനൊപ്പം പുറത്തെടുത്ത അടവുകളും ഏറെ ഫലപ്രദമായി എന്നതാണ് പ്രത്യേകത. എന്നാൽ 104 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായെങ്കിലും ഒറ്റയ്ക്ക് അധികാരത്തിൽ കയറാൻ വേണ്ട ഭൂരിപക്ഷം ഉറപ്പാക്കാൻ പാർട്ടിക്കായില്ല. 1985 നുശേഷം കർണാടകയിൽ അധികാരത്തിലിരുന്ന ഒരു പാർട്ടിയും അധികാരം നിലനിറുത്തിയതായ ചരിത്രമില്ല. മുഖ്യമന്ത്രിയെന്ന നിലയിൽ ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ടായിട്ടും സിദ്ധരാമയ്യ ഒരിക്കൽകൂടി തത്‌സ്ഥാനത്ത് തുടരേണ്ടതില്ല എന്ന് ഭൂരിപക്ഷം വോട്ടർമാരും വിധിയെഴുതിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭരണത്തെക്കുറിച്ച് അത്ര വലിയ എതിരഭിപ്രായങ്ങളാെന്നുമില്ലായിരുന്നു. മുൻ സർക്കാരുകളെ അപേക്ഷിച്ച് അഴിമതികളും കുറവായിരുന്നു. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. അനുകൂല ഘടകങ്ങൾ വോട്ടാക്കി മാറ്റാൻ പറ്റിയ തന്ത്രങ്ങളോ ജനങ്ങളെ ആകർഷിക്കുന്ന നേതാക്കളോ കോൺഗ്രസിനൊപ്പം കുറവായിരുന്നു.
അടുത്തവർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടക വിജയം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വർദ്ധിച്ച ആത്മവീര്യം പ്രദാനം ചെയ്യുന്നതാണ്. ദക്ഷിണേന്ത്യയിലേക്കുള്ള പ്രവേശന കവാടമെന്ന നിലയിലാണ് അവർ ഈ തിരഞ്ഞെടുപ്പിനെ കണ്ടിരുന്നത്. പതിനഞ്ചു സംസ്ഥാനങ്ങളിൽ തനിച്ചും അഞ്ചിടങ്ങളിൽ മുന്നണിയായും അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്ക് കർണാടക ഭരണം ഏറ്റവും വിലപ്പെട്ട കനിതന്നെയാണ്. എന്നാൽ ആ കനി തനിച്ച് അനുഭവിക്കാനുള്ള അവസരം കൈവന്നില്ല. ഒറ്റയ്ക്ക് ഭൂരിപക്ഷമെന്ന ലക്ഷ്യത്തിൽ വരെ എത്തിയെന്ന് ഒരു ഘട്ടത്തിൽ തോന്നിയെങ്കിലും അവസാന നിമിഷം അത് വഴുതി മാറുകയായിരുന്നു. കഴിഞ്ഞതവണത്തെ 40 സീറ്റിൽ നിന്ന് 104 സീറ്റിലേക്കുള്ള കുതിച്ചുചാട്ടം ഏതു നിലയിലും അതിഗംഭീരം തന്നെയാണ്. സംസ്ഥാനത്തെ ആറു മേഖലകളിലും മുന്നേറാൻ ബി.ജെ.പിക്ക് സാധിച്ചു. തിരഞ്ഞെടുപ്പു പണ്ഡിതന്മാരുടെ കണക്കുകൂട്ടലുകളും നിഗമനങ്ങളും ഇവിടെ പാടേ തെറ്റുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പദവി പോലും മറന്ന് കർണാടകയിലുടനീളം പാഞ്ഞുനടന്ന് പ്രചാരണം നടത്തിയതിനെതിരെ കോൺഗ്രസും മറ്റും പ്രതിപക്ഷ പാർട്ടികളും വിമർശനമുന്നയിക്കുകയുണ്ടായി. മോദി തങ്ങളെ തരംതാണ ഭാഷയിൽ പ്രചാരണത്തിലുടനീളം അധിക്ഷേപിക്കുകയായിരുന്നുവെന്ന് പരാതിപ്പെട്ടുകൊണ്ട് ഒരു ഡസൻ കോൺഗ്രസ് നേതാക്കൾ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാഷ്ട്രപതിക്ക് കത്തു നൽകുകപോലും ചെയ്തു. വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഏതാണ്ടൊരു സൂചന അതിൽത്തന്നെ അടങ്ങിയിരുന്നു എന്നു പറയാം. ബി.ജെ.പിയുടെ തീ പാറിയ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ പക്കൽ മതിയായ ബാണങ്ങളോ ഉള്ളവ പ്രയോഗിക്കാനറിയാവുന്ന യോദ്ധാക്കളോ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. യുദ്ധമുഖത്ത് തന്ത്രങ്ങൾ പാളിയാൽ പരാജയമായിരിക്കും ഫലമെന്ന് കൊച്ചുകുട്ടികൾക്കുപോലും അറിയാം. കർണാടകയിലൂടെ കോൺഗ്രസിന് നവോന്മേഷവും കൂടുതൽ ഓജസും പകരാനാവുമെന്ന് കരുതിയ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം വ്യക്തിഗതമായ നഷ്ടം കൂടിയാണ് പാർട്ടിക്കേറ്റ കനത്ത തിരിച്ചടി. 37 സീറ്റ് നേടിയ ജെ.ഡി.എസിനു പിന്തുണ പ്രഖ്യാപിച്ച് ഒരു രാഷ്ട്രീയ ചൂതാട്ടത്തിന് കോൺഗ്രസ് മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തി ഗവർണറെ ആശ്രയിച്ചാണിരിക്കുന്നത്. ഇപ്പോഴത്തെ നിയമസഭയിൽ 122 സീറ്റുമായി ഭരണത്തിലിരുന്ന കോൺഗ്രസിന് 78 സീറ്റിൽ ഒതുങ്ങേണ്ടിവരുന്നത് ഭാവിയെക്കുറിച്ച് ശുഭസൂചനയൊന്നുമല്ല നൽകുന്നത്. ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന പ്രവചനങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ദളിനെ വശത്താക്കാൻ ഡൽഹിയിൽ നിന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ബംഗളൂരുവിലേക്ക് ദൂതന്മാരെ വിട്ടത്
വ്യക്തമായ ഗെയിം പ്ളാനുമായിട്ടാണെന്ന് ഫലപ്രഖ്യാപനത്തിനുശേഷമുള്ള രാഷ്ട്രീയ കരുനീക്കങ്ങൾ വ്യക്തമാക്കുന്നു.
വോട്ടിംഗ് ശതമാനം ഏറ്റവും ഉയർന്ന ‌ (72.8) ഈ തിരഞ്ഞെടുപ്പിൽ പണത്തിന്റെ അനിയന്ത്രിതമായ സ്വാധീനം വളരെ പ്രകടമായിരുന്നു. കർക്കശമായ നിരീക്ഷണമുണ്ടായിട്ടും മണ്ഡലങ്ങളിൽ പണം വെള്ളംപോലെ ഒഴുകുകയായിരുന്നു. വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാനായി കൊണ്ടുപോയ എൺപതു കോടിയിൽപ്പരം രൂപ പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥന്മാരും നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്തിരുന്നു. കൈമറിഞ്ഞ പണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണിത്. ഉപഹാരങ്ങളായി വോട്ടർമാരുടെ പക്കലെത്തിയ വസ്തുക്കൾക്കു കൈയും കണക്കുമില്ല. പിടിച്ചെടുത്ത മദ്യക്കുപ്പികളുടെ കണക്കും ഞെട്ടിക്കും. തിരഞ്ഞെടുപ്പ് ചെലവുകൾക്ക് അതിർവരമ്പു നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആദ്യ ദിനങ്ങളിൽത്തന്നെ പണത്തിന്റെ കുത്തൊഴുക്കിൽ അതെല്ലാം ഒലിച്ചുപോയി. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മാറ്റിയെഴുതാൻ സമയം കഴിഞ്ഞുവെന്ന് ബോദ്ധ്യമാക്കുന്നതാണ് സമീപകാലത്തെ ഓരോ തിരഞ്ഞെടുപ്പും. ഒരാൾ ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നത് വിലക്കുന്നതുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ അനിവാര്യമായിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രിയും ദൾ നേതാവുമായ കുമാരസ്വാമി എന്നിവർ ഇക്കുറി രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. സിദ്ധരാമയ്യ ഒരു മണ്ഡലത്തിൽ തോറ്റതിനാൽ അവിടെ വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരില്ല. രണ്ടിടത്തും ജയിക്കുന്ന ആൾ ഒരു സീറ്റ് ഒഴിയേണ്ടി വരുമ്പോൾ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത് അധികച്ചെലവാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ