കർണാടകത്തിൽ കോൺഗ്രസിന്റെ കുമാരസംഭവം, താമരയും ത്രിശങ്കുവിൽ
May 16, 2018, 1:05 am
പി.എച്ച്.സനൽകുമാർ
ബംഗളൂരു:എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ച പോലെ കർണാടകത്തിൽ നിലവിൽ വന്ന തൂക്ക് സഭയിൽ കോൺഗ്രസിനെ തകർത്ത ബി. ജെ. പി വലിയ കക്ഷിയായെങ്കിലും ചടുലമായ നീക്കത്തിലൂടെ ജനതാദളുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസ് സർക്കാരുണ്ടാക്കാൻ മുന്നിട്ടിറങ്ങിയെങ്കിലും അനിശ്ചിതത്വം തുടരുന്നു. 104 സീറ്റുമായി ഭൂരിപക്ഷത്തിന് വളരെ അടുത്തെത്തിയ ബി. ജെ. പിയും സർക്കാരുണ്ടാക്കാൻ മറുതന്ത്രങ്ങളുമായി രംഗത്തിറങ്ങിയതോടെ പ്രകടമായും ബി. ജെ. പി അനുഭാവമുള്ള ഗവർണരുടെ തീരുമാനം നിർണായകമാകും.

ഗോവയിലും മണിപ്പൂരിലും സമാന സാഹചര്യങ്ങളിൽ ബി. ജെ. പി പയറ്റിയ തന്ത്രവുമായി കോൺഗ്രസ് കർണാടകത്തിൽ മുന്നേറുകയായിരുന്നു. 224 അംഗ സഭയിൽ വോട്ടെടുപ്പ് നടന്ന 222സീറ്റിൽ 104 സീറ്റാണ് ബി.ജെ.പി നേടിയത്. ഭരണം കൈയാളിയ കോൺഗ്രസ് 78സീറ്റിൽ ഒതുങ്ങി. 37 സീറ്റ് നേടിയാണ് കർണാടകം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ശക്തിയായി ദൾ മാറിയത്.

തൂക്ക് സഭയുണ്ടായാൽ ദൾ പിന്തുണയോടെ ഭരിക്കാമെന്ന ബി.ജെ.പി പ്രതീക്ഷ തകിടം മറിച്ച് വോട്ടെണ്ണൽ തീരും മുമ്പേ കോൺഗ്രസ് ദൾ നേതാവ് എച്ച്.ഡി.കുമാരസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം നിരുപാധികം വാഗ്ദാനം ചെയ്യുകയായിരുന്നു. കുമാരസ്വാമി ഇത് സ്വീകരിച്ചതോടെ ബി.ജെ.പി.വേറെ വഴിതേടുകയാണ്. ഇതോടെ ബംഗളൂരുവിൽ നാടകീയ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

സർക്കാർ രൂപീകരിക്കാൻ അപേക്ഷയുമായി എത്തിയ ദൾ - കോൺഗ്രസ് നേതാക്കൾക്ക് അനുമതി നിഷേധിച്ച ഗവർണർ വാജിഭായ് വാല അപേക്ഷ ആദ്യം നൽകാനുള്ള അവസരം ബി.ജെ.പി.നേതാവ് യെദിയൂരപ്പയ്ക്കാണ് നൽകിയത്. ഭൂരിപക്ഷം പിന്നീട് തെളിയിക്കാമെന്ന് ഗവർണറെ അറിയിച്ചതായി യെദിയൂരപ്പ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ദൾ സംസ്ഥാന അദ്ധ്യക്ഷൻ കുമാരസ്വാമിയും സർക്കാരുണ്ടാക്കാൻ ഗവർണർക്ക് അപേക്ഷ നൽകി. ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പി.യെ തന്നെ ഗവർണർ ആദ്യം ക്ഷണിക്കാനാണ് സാദ്ധ്യത. എങ്കിൽ ജനതാദളിന്റെയോ കോൺഗ്രസിന്റെയോ അംഗങ്ങളെ ബി. ജെ. പിക്ക് പാട്ടിലാക്കേണ്ടി വരും. ദൾ - കോൺഗ്രസ് സഖ്യത്തിൽ അതൃപ്തരായ എം.എൽ.എമാരെ ചാക്കിടാൻ ബി.ജെ.പി ശ്രമം തുടങ്ങിയെന്നാണ് റിപ്പോർട്ട്. സിദ്ധരാമയ്യയുടെ അഞ്ച് അനുയായികളും ഏതാനും ജനതാദൾ എം. എൽ. എ മാരും ബി.ജെ.പിയെ സമീപിച്ചെന്നാണ് വിവരം. കോൺഗ്രസിന്റെ ഏതാനും ലിംഗായത്ത് എം. എൽ. എമാരുമായി ബി. ജെ. പി. ചർച്ച ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. കൂറുമാറ്റ വ്യവസ്ഥ ബാധിക്കാത്ത വിധത്തിൽ എം. എൽ.എ മാരെ എങ്ങനെ ചാക്കിടാമെന്നാണ് ബി. ജെ. പിയുടെ ആലോചന. സ്വതന്ത്രനുൾപ്പെടെ ഒൻപത് എം.എൽ.എമാരുടെ പിന്തുണക്കത്ത് കിട്ടിയതായി യെദിയരൂപ്പ ക്യാമ്പ് അവകാശപ്പെട്ടു. അങ്ങനെയെങ്കിൽ ബി. ജെ. പിക്ക് 113 പേരുടെ പിന്തുണയാകും.

സുസ്ഥിര സർക്കാരുണ്ടാക്കേണ്ട ഗവർണർ രാഷ്ട്രീയം കളിക്കരുതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ഗവർണറുടെ നീക്കം എതിരെങ്കിൽ നിയമ പോരാട്ടത്തിനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.

കോൺഗ്രസ് -- ദൾ പാക്കേജ്
കുമാരസ്വാമി അഞ്ച് വർഷവും മുഖ്യമന്ത്രി
രണ്ട് ഉപമുഖ്യമന്ത്രിമാർ കോൺഗ്രസിന് . ജി.പരമേശ്വരയും മല്ലികാർജുന ഖാർഗെയും
അഞ്ച് പ്രധാന വകുപ്പുകൾ കോൺഗ്രസിന്
ഡി.കെ.ശിവകുമാറിനെ മന്ത്രിയാക്കുന്നത് ദൾ എതിർക്കരുത്
ദളിന്റെ സാമൂഹ്യ, സാമ്പത്തിക നിർദ്ദേശങ്ങൾ അംഗീകരിക്കണം

കർണാടകത്തിലെ കക്ഷിനില
ആകെ സീറ്റ് 224
വോട്ടെടുപ്പ് നടന്നത് 222
ബി.ജെ.പി. 104
കോൺഗ്രസ് - 78
ജനതാദൾ എസ് - 37
ബി.എസ്.പി - 1
കെ.പി.ജെ.പി - 1
സ്വതന്ത്രർ - 1
കേവല ഭൂരിപക്ഷം ഭൂരിപക്ഷം 112

നാടകീയ മുഹൂർത്തങ്ങൾ
ഉച്ചയ്ക്ക് 1 ന്. ബി.ജെ.പിക്ക് 104 സീറ്റ്. ആർക്കും ഭൂരിപക്ഷമില്ല.
ഉച്ചയ്‌ക്ക് 2 ന് സോണിയ ദൾ നേതാവ് എച്ച്. ഡി.ദേവഗൗഡയെ ഫോണിൽ വിളിച്ച് ചർച്ച
2.20 ന് ദേവഗൗഡ സിംഗപ്പൂരിലുള്ള കുമാരസ്വാമിയുമായി ചർച്ച. വാഗ്ദാനം സ്വീകാര്യമെന്ന് മറുപടി നൽകി.
2.30 സർക്കാർ രൂപീകരിക്കാൻ ജനതാദളിന് നിരുപാധിക പിന്തുണ നൽകുമെന്ന് കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അശോക് ഗെലോട്ട്, കെ.സി. വേണുഗോപാൽ എന്നിവർ പ്രഖ്യാപിച്ചു
3.00 കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് സിദ്ധരാമയ്യ
3.15 ഡൽഹിയിൽ അമിത് ഷായുടെ വീട്ടിൽ പിയൂഷ് ഗോയൽ, ധർമ്മേന്ദ്രപ്രധാൻ, ജാവദേക്കർ, ജെ.പി.നഡ്ഡ എന്നിവരുടെ യോഗം.
അമിത്ഷായുടെ വാർത്താസമ്മേളനം മാറ്റി
3.30 ജാവദേക്കറും നഡ്ഡയും പ്രധാനും ചാർട്ടേഡ് വിമാനത്തിൽ ബംഗളുരുവിലേക്ക്
4.40 സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു
4.50 കെ.പി.സി.സി.പ്രസിഡന്റ് ജി.പരമേശ്വര രാജ്ഭവനിലെത്തിയെങ്കിലും കാണാൻ അനുമതി കിട്ടിയില്ല.
5.00 കുമാരസ്വാമി ബംഗളുരുവിലെത്തി ദേവഗൗഡയുടെ വീട്ടിൽ ചർച്ച
5.50 കുമാരസ്വാമി കോൺഗ്രസ് നേതാക്കളുമായി കൂടികാഴ്ച.
6.00 യെദിയൂരപ്പ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു.
6.10 ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദിയൂരപ്പ മാദ്ധ്യമങ്ങളോട്
6.40 എച്ച്. ഡി.കുമാരസ്വാമി ഗവർണറെ കണ്ട് കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ കത്ത് കൈമാറി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ