കൊട്ടാരക്കര ഗണപതിയുടെ ഉണ്ണിയപ്പത്തിനും ശാന്തിയില്ല
May 17, 2018, 1:38 am
സജീവ് കൃഷ്ണൻ
തിരുവനന്തപുരം: കൊട്ടാരക്കര ഗണപതിയുടെ പ്രശസ്തമായ ഉണ്ണിയപ്പത്തിന്റെ പഴയ മേന്മ നിലനിറുത്താൻ ദേവസ്വം ബോർഡ് ശ്രമിക്കുമ്പോൾ, ഭരണകക്ഷിയും ഒരുകൂട്ടം കീഴ്ശാന്തിമാരും ചേർന്ന് ഉണ്ണിയപ്പച്ചുമതല കുത്തകയാക്കി കീശവീർപ്പിക്കാൻ സമ്മർദ്ദതന്ത്രങ്ങൾ പയറ്റുന്നു.

കീഴ്ശാന്തിക്കാണ് ഉണ്ണിയപ്പത്തിന്റെ നിർമ്മാണച്ചുമതല. അപ്പനിർമ്മാണത്തിലെ ക്രമക്കേടുകളെ പറ്റിയുള്ള വിജിലൻസ് റിപ്പോർട്ടുകളുടെ ബലത്തിൽ കീഴ്ശാന്തി നിയമനം നറുക്കെടുപ്പിലൂടെ സുതാര്യമാക്കാനും ഉണ്ണിയപ്പ നിർമ്മാണം അഡ്മിനിസ്ട്രേറ്റിവ് ഓഫീസറെ ഏല്പിക്കാനും ദേവസ്വം ബോർഡ് ഉത്തരവിറക്കിയിരുന്നു. അത് പിൻവലിക്കാനും ഉണ്ണിയപ്പത്തിന്റെ ചാർജുള്ള കീഴ്ശാന്തിയായി ബോർഡിലെ സി.ഐ.ടി.യു അംഗമായ ശാന്തിയെത്തന്നെ നിലനിറുത്താനുമാണ് രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്നത്. ഇത് കാരണം കീഴ്ശാന്തി നിയമനത്തിന് തത്കാലം നറുക്കെടുപ്പു വേണ്ട എന്ന നിലപാടിലേക്ക് ബോർഡ് പ്രസിഡന്റും അംഗങ്ങളും എത്തിയിരിക്കുകയാണ്.
കീഴ്ശാന്തിയായി നിയമിക്കാൻ ഒരു നമ്പൂതിരി തനിക്ക് അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്‌തതായി ദേവസ്വം പ്രസിഡന്റ് പത്മകുമാർ ക്ഷേത്രത്തിലെ ചടങ്ങിൽ പ്രസംഗിച്ചിരുന്നു. തുടർന്നാണ് അപ്പം നിർമ്മാണത്തിലെ തരികിടകൾ ബോർഡ് അന്വേഷിച്ചത്. അപ്പം മോശമാകുന്നത് കമ്മിഷൻ തട്ടി വാങ്ങുന്ന മോശപ്പെട്ട സാധനങ്ങൾ ഉപയോഗിക്കുന്നത് മൂലമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മാത്രമല്ല, അപ്പം ഉണ്ടാക്കുന്നതിന്റെയും വിൽക്കുന്നതിന്റെയും കണക്കുകൾ കീഴ്‌ശാന്തി കൊടുക്കുന്നത് കണ്ണുമടച്ച് സ്വീകരിക്കുകയാണ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ.
പണ്ടേയുള്ള ആചാരം എന്നനിലയിൽ ഉണ്ണിയപ്പം നിർമ്മാണം കീഴ്ശാന്തിമാരുടെ കുത്തകയാണ്. അതാണ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർക്ക് കൈമാറാൻ പ്രസിഡന്റ് ഉത്തരവിട്ടത്. മുന്തിയ അരിയും സാധനങ്ങളും വാങ്ങാൻ രണ്ടുലക്ഷം രൂപ അഡ്വാൻസ് അനുവദിക്കുകയും ചെയ്തു. ഉണ്ണിയപ്പം ഉണ്ടാക്കാൻ ദിവസം 600 രൂപ കൂലിക്ക് ശാന്തിക്കാരെ നിയമിക്കാനും തീരുമാനിച്ചു. പക്ഷേ, നിർമ്മാണക്കുത്തക വിട്ടുകൊടുക്കാനും അപ്പത്തിന്റെ ചേരുവ പറഞ്ഞുകൊടുക്കാനും കീഴ്ശാന്തി തയ്യാറല്ല.

സ്ഥലംമാറ്റത്തിന് അപേക്ഷിക്കുമ്പോൾ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്നത് കൊട്ടാരക്കരയിലെ കീഴ്ശാന്തി തസ്തികയാണ്. അതുകൂടി ശ്രദ്ധയിൽ പെട്ടപ്പോഴാണ് അപേക്ഷകരിൽ നിന്ന് ശാന്തിയെ നറുക്കെടുക്കാൻ തീരുമാനിച്ചത്. അതുനടക്കില്ലെന്നും പാർട്ടി ഭരിക്കുന്ന കാലത്ത് തങ്ങളുടെ അംഗങ്ങൾ തന്നെ കീഴ്ശാന്തിയാകണം എന്നുമാണ് സി.ഐ.ടി.യു നിലപാട്. ഇതേത്തുടർന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി പ്രശ്നത്തിൽ ഇടപെട്ടിരിക്കുകയാണ്.

തരികിടകൾ
അപ്പമുണ്ടാക്കാൻ മോശം സാധനങ്ങൾ
അതിന് കമ്മിഷൻ പറ്റുന്നു
മറ്റ് സാമ്പത്തിക തട്ടിപ്പുകൾ
കേടാവാതിരിക്കാൻ കൂടുതൽ കാരം ചേർക്കുന്നു
അപ്പത്തിന്റെ കണക്കുകൾ സുതാര്യമല്ല
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ