ലാൻഡിംഗ് അപകടകരം, 541 മീറ്റർ റൺവേ ഉപയോഗശൂന്യം
May 15, 2018, 12:33 am
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ 541മീറ്റർ റൺവേ ലാൻഡിംഗിന് ഉപയോഗപ്രദമല്ലെന്ന് കേന്ദ്ര എയർപോർട്ട് അതോറിട്ടി. ഉയരത്തിലുള്ള നിർമ്മിതികൾ കാരണം ഈ പ്രദേശത്തുകൂടിയുള്ള ലാൻഡിംഗ് അത്യന്തം അപകടകരമാണ്. അതിനാൽ 541മീറ്റർ റൺവേയിൽ ലാൻഡിംഗ് അനുവദിക്കുന്നില്ല. നിലവിലെ 3373 മീറ്റർ റൺവേയുടെ ശേഷിച്ച ഭാഗമേ ലാൻഡിംഗിനായി വിട്ടുനൽകുന്നുള്ളൂ.
വ്യോമയാന സുരക്ഷാ സംവിധാനങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം നിലപാടെടുത്തതോടെയാണ് പ്രശ്‌നമായത്. വേളി ഭാഗത്തുനിന്നുള്ള ലാൻഡിംഗിൽ തടസം സൃഷ്ടിക്കുന്നത് ട്രാവൻകൂർ ടൈറ്റാനിയത്തിലെ ചിമ്മിനിയാണ്. ലാൻഡിംഗിനായി എത്തുന്ന വിമാനങ്ങൾക്ക് 31മീറ്റർ ഉയരമുള്ള ചിമ്മിനി തടസമുണ്ടാക്കുന്നു. ഇത് ഗുരുതരമായ സുരക്ഷാപ്രശ്‌നമാണെന്ന് കണ്ടെത്തിയതോടെ ആൾസെയിന്റ്‌സ് ഭാഗത്തെ 406 മീറ്റർ റൺവേയിൽ ലാൻഡിംഗ് ഒഴിവാക്കി. ചിമ്മിനിയുടെ ഉയരം 26 മീറ്ററായി കുറയ്ക്കണമെന്ന് വിമാനത്താവള അതോറിട്ടി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം മന്ത്രി എ.സി. മൊയ്തീന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
മുട്ടത്തറയിലെ പൊന്നറ പാലമാണ് ലാൻഡിംഗിന് മറ്റൊരു പ്രശ്‌നം. റൺവേക്ക് തൊട്ടടുത്ത്, ഒരു മതിലിന്റെ അകലത്തിലുള്ള ഈ പാലത്തിൽ ഒരു വാഹനം നിറുത്തിയിട്ടാൽ ലാൻഡിംഗിന് വിഘാതമാണെന്ന് സുരക്ഷാപരിശോധനയിൽ കണ്ടെത്തി. പെരുനെല്ലി ഭാഗത്ത് പുതിയ പാലം നിർമ്മിച്ച് പൊന്നറ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കാനാണ് വ്യോമയാന അതോറിട്ടിയുടെ ശുപാർശ. അപകടരഹിതമായ ലാൻഡിംഗ് ഉറപ്പാക്കാൻ ഈ നിയന്ത്രണങ്ങൾ കൂടിയേ തീരൂ. സുരക്ഷയ്ക്ക് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചേ മതിയാവൂ.
3373 മീറ്റർ നീളവും 150 അടി വീതിയുമുള്ള തിരുവനന്തപുരത്തെ റൺവേയുടെ രണ്ട് അഗ്രങ്ങളിലൂടെയും വിമാനങ്ങൾ ഇറങ്ങുകയും പറന്നുയരുകയും ചെയ്യുന്നുണ്ട്. അറബിക്കടലിൽ നിന്നുള്ള കാറ്റിന്റെ ശക്തിയെ അടിസ്ഥാനമാക്കിയാണിത്. തിരുവനന്തപുരത്തിന്റെ ഭൂപ്രകൃതിയും സിവിൽ ഏവിയേഷൻ റൂൾബുക്കിലെ മാനദണ്ഡങ്ങളും അനുസരിച്ചാണ് റൺവേയിലെ അറ്റകുറ്റപ്പണി പോലും തീരുമാനിക്കേണ്ടത്. രാജ്യത്തെ തിരക്കേറിയ വിമാനത്താവളമായ തിരുവനന്തപുരത്ത് 110 വിമാനങ്ങളാണ് നിത്യേന എത്തുന്നത്. തിരുവനന്തപുരത്തെ എയർട്രാഫിക് കൺട്രോളിന്റെ നിയന്ത്റണത്തിൽ യാത്രാ-സൈനിക വിമാനങ്ങളടക്കം മുന്നൂറോളം വിമാനങ്ങൾ നിത്യേന കടന്നുപോകുന്നുമുണ്ട്. ലാൻഡിംഗിനായി ചില സമയങ്ങളിൽ വിമാനങ്ങൾ കാൽമണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറക്കുന്ന സ്ഥിതിയുണ്ടാവാറുണ്ട്. വിമാനമിറക്കാൻ ശ്രമിക്കുമ്പോൾ ഉയരത്തിലുള്ള നിർമ്മിതികൾ കണ്ടാൽ വിദേശ പൈലറ്റുമാർ ലാൻഡിംഗ് ഒഴിവാക്കുകയാണ് പതിവ്. ലാൻഡിംഗിനായി അഞ്ചു മിനിട്ട് വട്ടമിട്ടാൽ പോലും ലക്ഷക്കണക്കിന് രൂപയുടെ ഇന്ധനച്ചെലവ് അധികമായുണ്ടാവും. ഇത് ഒഴിവാക്കണമെന്നത് വിമാനക്കമ്പനികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്.
കൂടുതൽ വിമാനക്കമ്പനികൾ തിരുവനന്തപുരത്തുനിന്ന് സർവീസ് തുടങ്ങാൻ സന്നദ്ധത അറിയിച്ചതിനാൽ പാർക്കിംഗ് ബേകളുടെ എണ്ണം കൂട്ടുന്നുണ്ട്. ആഭ്യന്തരസർവീസ് നടത്തുന്ന വിമാനങ്ങൾക്കായി പതിനൊന്നും അന്താരാഷ്ട്ര വിമാനങ്ങൾക്കായി ഒമ്പതും ബേകളാണുള്ളത്. ആറ് പുതിയ ബേകളാണ് നിർമ്മിക്കുക. രാത്രിയിലും പുലർച്ചെയും കൂടുതൽ വിമാനങ്ങളെത്തുമ്പോൾ പാർക്കിംഗ് ഉറപ്പാക്കാനാണിത്. റൺവേക്ക് ദൂരെയായി റിമോട്ട് ബേകളാണ് നിർമ്മിക്കുക. എയർഇന്ത്യാ ഹാംഗറിലും മൂന്ന് എയർക്രാഫ്‌റ്റുകളേ നിറുത്തിയിടാനാവൂ. അറ്റകുറ്റപ്പണിക്കെത്തുന്ന വിമാനങ്ങൾക്കും റിമോട്ട് ബേകൾ ഉപയോഗിക്കാനാവും.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരമുള്ള ബേസിക് സ്ട്രിപ്പില്ലാത്തതിനാൽ വിമാനത്താവളത്തിന്റെ ലൈസൻസ് റദ്ദാവുന്ന ഗുരുതരമായ സ്ഥിതിയുണ്ടെന്ന് എയർപോർട്ട് അതോറിട്ടി അധികൃതർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. റൺവേയുടെ മദ്ധ്യത്തിൽ നിന്ന് 150 മീറ്റർ ഇരുവശത്തും ഒഴിച്ചിടണമെന്നാണ് ചട്ടം. ഈ സ്ഥലത്ത് നിർമ്മാണമടക്കം അനുവദിക്കില്ല. 628 ഏക്കർ സ്ഥലം മാത്രമാണ് വിമാനത്താവളത്തിന് കൈവശമുള്ളത്. റൺവേയുടെ പലഭാഗത്തും 20 മീറ്റർ വരെ കുറവുണ്ട്. എല്ലാവർഷവും പരിശോധനയ്ക്കെത്തുമ്പോൾ ബേസിക് സ്ട്രിപ്പ് സജ്ജമാക്കാൻ സമയം നീട്ടിച്ചോദിക്കുകയാണ് ചെയ്യുന്നത്. 13 ഏക്കർ ഏറ്റെടുത്താലേ അന്താരാഷ്ട്ര നിയമപ്രകാരമുള്ള സ്ട്രിപ്പ് സജ്ജമാക്കാനാവൂ. ആൾസെയിന്റ്സ് ഭാഗത്താണ് ഏറ്റവും സ്ഥലക്കുറവ്. സുരക്ഷാ ഏജൻസിയുടെ താത്കാലിക ലൈസൻസിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്.

വേണം ജാഗ്രത

അപകടരഹിതമായ ലാൻഡിംഗിന് നഗരത്തിൽ ഉയരമേറിയ കെട്ടിടങ്ങളോ നിർമ്മിതികളോ അനുവദിക്കാനാവില്ലെന്ന് എയർപോർട്ട് അതോറിട്ടി വ്യക്തമാക്കി. സമുദ്രനിരപ്പിൽ നിന്ന് 27 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾ അനുവദിക്കുന്നുണ്ട്. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകത പഠിച്ചശേഷമേ അനുമതി നൽകൂ. വിമാനങ്ങളുടെ യാത്രാപഥത്തിൽ കർശന നിയന്ത്രണങ്ങൾ വേണ്ടിവരും. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന് 4 മാസമെടുത്ത് എയ്‌റോനോട്ടിക്കൽ സ്റ്റഡി നടത്തിയ ശേഷമാണ് അനുമതി നൽകിയത്. ഇവയെല്ലാം വിമാനയാത്രക്കാരുടെ സുരക്ഷയ്ക്കായാണ് ഒരുക്കുന്നതെന്ന് വിമാനത്താവള അതോറിട്ടി അറിയിച്ചു.

850 കിലോമീറ്റർ

വിമാനങ്ങൾ ലാൻഡിംഗിനിറങ്ങുന്നത് മണിക്കൂറിൽ 850 കിലോമീറ്റർ വേഗത്തിലാണ്. സെക്കൻഡുകൾ കൊണ്ട് വിമാനം താഴേക്കുവരും. അതിനാൽ ഉയരമുള്ള കെട്ടിടങ്ങൾ ലാൻഡിംഗിന് ഭീഷണിയാണ്.


30 കോടി
ചെലവിലാണ് റൺവേകൾക്ക് അരികിൽ നാല് പാർക്കിംഗ് ബേകൾ നിർമ്മിക്കുന്നത്. ഇതോടെ 24 ബേകളാവും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ