ലൈസൻസ് അതോറിട്ടിയില്ല; ആയുർവേദം മറുനാട്ടിലേക്ക്
May 15, 2018, 12:05 am
എസ്. പ്രേംലാൽ
തിരുവനന്തപുരം: ലൈസൻസ് നൽകാൻ അതോറിട്ടി ഇല്ലാതായതോടെ സംസ്ഥാനത്ത് ആയുർവേദ മരുന്നുകളുടെ നിർമ്മാണം കുത്തനെ കുറഞ്ഞു. കയറ്റുമതിയും നിലച്ചു. പ്രതിവർഷം 150 കോടിയുടെ നഷ്ടം.പുതിയ കമ്പനികൾ തുടങ്ങാൻ അനുമതിയില്ല. അതേസമയം മറ്റ് സംസ്ഥാനങ്ങൾ മരുന്നുകമ്പനികളെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്നു. വലിയ കമ്പനികൾ അവിടേക്ക് ചേക്കേറുന്നു. അവിടെ യൂണിറ്റുകൾ തുടങ്ങി മരുന്ന് നിർമ്മിച്ച് ഇവിടെ വില്പന നടത്തുന്നു. കേരളത്തിന്റെ പരമ്പരാഗത ചികിത്സാ രീതിക്ക് ഇവിടെ പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥ.

700 ആയുർവേദ മരുന്ന് നിർമ്മാണ കമ്പനികളാണ് സംസ്ഥാനത്തുള്ളത്. 60 വർഷമായി പ്രവർത്തിച്ചുവരുന്ന മരുന്ന് കമ്പനികൾക്ക് ലൈസൻസ് പുതുക്കി നൽകാനും സംവിധാനമില്ലാതായതാണ് ആയുർവേദത്തിന് തിരിച്ചടിയായത്. ലൈസൻസ് നൽകുന്നത് നിലച്ചിട്ട് ഒരു വർഷം പിന്നിട്ടു.
25 ഡി ലൈസൻസാണ് മരുന്ന് നിർമ്മാണത്തിന് നൽകി വരുന്നത്. ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർക്കാണ് ഇതിന്റെ ചുമതല. ഏഴു വർഷമായി ഡെപ്യൂട്ടി കൺട്രോളറായി പ്രവർത്തിച്ചുവന്ന വനിതയെ മാറ്റി പുതിയ ആളെ നിയമിക്കാൻ തീരുമാനിച്ചതാണ് പ്രശ്നത്തിന് ഇടയാക്കിയത്. ഇന്റർവ്യൂവിൽ തന്നെ ഒഴിവാക്കിയതിനെതിരെ അവർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഇതോടെ ലൈസൻസ് നൽകുന്നതിന് അവർക്കുള്ള അധികാരം സർക്കാർ എടുത്തുകളഞ്ഞു. മറ്റൊരു ഓഫീസർക്ക് അധികാരം നൽകി. വീണ്ടും തർക്കമായപ്പോൾ രണ്ടാമത്തെ ലൈസൻസിംഗ് ഓഫീസറുടെ അധികാരം ഹൈക്കോടതി റദ്ദാക്കി. അതോടെ ലൈസൻസ് നൽകാൻ ആളില്ലാത്ത സ്ഥിതിയായി.

ലൈസൻസ് പുതുക്കി നൽകാതായപ്പോൾ, വർഷങ്ങളായി പ്രവർത്തിച്ചുവന്ന പത്തോളം കമ്പനികൾക്ക് താഴ് വീണു. ഇതിന്റെ ഉടമകൾ മരിച്ചപ്പോൾ അവകാശികൾ ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചു. അപേക്ഷകൾ വെളിച്ചം കണ്ടില്ല. ബാങ്ക് വായ്പയെടുത്ത് പുതിയ യൂണിറ്റ് തുടങ്ങാൻ കെട്ടിടം പണിതവരുടെ കഷ്ടം വേറെ. യൂണിറ്റ് തുടങ്ങാനും വായ്പ തിരിച്ചടയ്ക്കാനും കഴിയാത്ത സ്ഥിതി.

മറ്റ് സംസ്ഥാനങ്ങളിലേക്ക് നിർമ്മാണം മാറ്റിയവർ
വൈദ്യരത്നം, കോട്ടയ്ക്കൽ, ആര്യവെദ്യ ഫാർമസി, കണ്ടംകുളത്തി, കെ.പി. നമ്പൂതിരീസ്, നാഗാർജുന.

''എല്ലാ സംസ്ഥാനങ്ങൾക്കും ആയുർവേദ ഡ്രഗ്സ് കൺട്രോളറുണ്ട്. അവരാണ് ലൈസൻസ് നൽകുന്നത്. കേരളത്തിൽ മാത്രം ഡ്രഗ്സ് കൺട്രോളറില്ലാത്തത് കേന്ദ്ര നിയമത്തിന് വിരുദ്ധം.''
-ഡോ. ഡി.ആർ. രാമനാഥൻ
ജനറൽ സെക്രട്ടറി, ആയുർവേദ മെഡിസിൻ
മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ

ഒരു വർഷത്തെ മൊത്തം വിറ്റുവരവ് 1000 കോടി
 അന്യസംസ്ഥാനങ്ങൾക്ക് കിട്ടുന്നത് 150 കോടി
സംസ്ഥാന സർക്കാരിന് നികുതിയിനത്തിൽ നഷ്ടം 20 കോടി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ