മോദിക്കൂറിൽ രാശി തെളിഞ്ഞ വാല
May 17, 2018, 12:05 am
സ്വന്തംലേഖകൻ
തിരുവനന്തപുരം: കർണാടകത്തിൽ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന ഗവർണ‌ർ വാജുഭായ് വാല പ്രധാന നരേന്ദ്രമോദിയുടെ സ്വന്തം ആളാണ്. 2001ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ മത്സരിക്കാൻ സ്വന്തം മണ്ഡലം ഒഴിഞ്ഞു കൊടുത്ത് കൂറുകാട്ടിയ നേതാവാണ് വാജുഭായി. കർണാടകത്തിൽ മന്ത്രിസഭയുണ്ടാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് - ജനതാദൾ (എസ് ) സഖ്യത്തിന്റെ ഉറക്കം കെടുത്തുന്നതും ഈ ബന്ധമാണ്.
ഗുജറാത്തിലെ ഭൂകമ്പത്തിന് ശേഷം കേശുഭായ് പട്ടേലിനെ മാറ്രി നിയമസഭാംഗമല്ലാത്ത നരേന്ദ്രമോദിയെ 2001 ഒക്ടോബറിൽ ബി.ജെ.പി കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയാക്കിയപ്പോഴാണ് അദ്ദേഹത്തിനായി വാജുഭായി രാജ്കോട്ട് മണ്ഡലം ഒഴിഞ്ഞുകൊടുത്തത്. അന്ന് എല്ലിസ് ബ്രിഡ്‌ജിൽ മത്സരിക്കാനായിരുന്നു മോദിക്ക് താല്പര്യം . എന്നാൽ അവിടത്തെ എം. എൽ. എ ആയിരുന്ന ഹരേൺ പാണ്ഡ്യ ഒഴിയാൻ തയ്യാറായില്ല. തുടർന്നാണ് വാല തന്റെ പ്രിയ മണ്ഡലം മോദിക്ക് സമ്മാനിച്ചത്. ഏഴ് തവണ രാജ് കോട്ട് എം.എൽ. എ ആയിരുന്നു വാല.
അന്നത്തെ ആ കൂറിന് വാലയെ എന്നും കൂടെ നിറുത്തി മോദി പ്രത്യുപകാരം ചെയ്‌തു. മോദി മന്ത്രിസഭയിൽ അദ്ദേഹം ധനകാര്യ, റവന്യൂ വകുപ്പുകളുടെ മന്ത്രിയായി. മോദി പ്രധാനമന്ത്രിയായപ്പോഴും വാലയെ മറന്നില്ല. 2014ൽ കർണാടകത്തിൽ ഗവർണറാക്കി.
ധനമന്ത്രിയെന്ന നിലയിൽ 18 തവണ ഗുജറാത്ത് നിയമസഭയിൽ ബഡജറ്റ് അവതരിപ്പിച്ച റെക്കാഡും വാലയ്‌ക്കുണ്ട്. 2012 മുതൽ രണ്ട് വർഷത്തോളം അദ്ദേഹം നിയമസഭാ സ്‌പീക്കറുമായിരുന്നു.
വാല നേരത്തേ രാ‌ജ്കോട്ടിലെ മേയർ ആയിരുന്നു. 1980ൽ ജലദൗർലഭ്യം കൊണ്ട് പൊറുതിമുട്ടിയ രാജ്കോട്ടുകാർക്ക് ട്രെയിനിൽ വെള്ളം എത്തിച്ച വാലയെ 'പാനിവാല മേയർ' എന്നാണ് വിളിച്ചിരുന്നത്. കുറച്ചു കാലം അദ്ദേഹം ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായിരുന്നു. അപ്പോഴാണ് സുരേഷ് മേത്തയുടെ ബി. ജെ. പി സർക്കാരിനെ അട്ടിമറിക്കാൻ പാർട്ടി വിമതരുടെ സഹായത്തോടെ കോൺഗ്രസ് ശ്രമിച്ചത്. അന്ന് മുഴുവൻ എം.എൽ .എമാരുടെയും പരേഡ് നടത്തി സുരേഷ് മേത്ത വിശ്വാസ വോട്ട് നേടിയിട്ടും ഗവർണർ കൃഷ്ണപാൽ സിംഗ് നിയമസഭ സസ്പെൻഡ് ചെയ്‌തു. അന്നത്തെ പ്രധാനമന്ത്രി ദേവഗൗഡയാണ് ഇതിന് പിന്നിലെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. അതേ ദേവഗൗഡയുടെ മകനാണ് ഇന്ന് കോൺഗ്രസ് പിന്തുണയോടെ കർണാടക മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്ന ജെ.ഡി.എസ് നേതാവ് കുമാരസ്വാമി എന്നതും കൗതുകമുളവാക്കുന്നു. കുമാരസ്വാമിയെ വെട്ടാനാണ് ബി. ജെ. പിയും ശ്രമിക്കുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ