ഉന്നത വിദ്യാഭ്യാസം: കൂ​​​ടു​​​തൽ ക​​​രു​​​തൽ വേ​​​ണ്ട മേ​​​ഖല
June 13, 2018, 12:20 am
ഡോ. എം. ശാർങ്‌ഗധരൻ
കഴിഞ്ഞ രണ്ടുവർഷത്തെ ഭരണത്തിൽ പല മേഖലകളിലും തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞു. എന്നാൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധവേണ്ടിവരും എന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ ട്വിറ്റർ സന്ദേശം വെളിവാക്കുന്ന രണ്ട് വസ്തുതകൾ ഉണ്ട്. ഒന്ന്: ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രകടനം തിളക്കമാർന്നതല്ല. മറ്റൊന്ന്: സർക്കാർ അതീവ ജാഗ്രത പുലർത്തേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. സ്വാഭാവികമായും തുടർന്നുള്ള വർഷങ്ങളിൽ സർക്കാർ ഈ മേഖലയിൽ ഏറെ ശുഷ്ക്കാന്തി കാണിക്കും എന്നു കരുതാം.
വിദ്യതന്നെ സർവധനാൽ പ്രധാനം എന്ന തത്വം നമ്മുടെ നാടിന്റെ സംസ്കാരവുമായിബന്ധപ്പെട്ടതാണ്. ഇതിനെ മുൻനിറുത്തി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ മഹാനായ ഒരു ഗുരു വിദ്യകൊണ്ട് സ്വതന്ത്രരാകുക എന്ന ലളിതമായ വ്യാഖ്യാനത്തിലൂടെ മലയാളികളെ ഉദ്ബുദ്ധരാക്കി. വിദ്യാഭ്യാസത്തിലൂടെ മാത്രമേ അജ്ഞതയിൽ നിന്നും അന്ധവിശ്വാസത്തിൽ നിന്നും മോചനം നേടാനാകുകയുള്ളൂവെന്നും മൗലികവും സ്വതന്ത്രവും ആയ ആശയം ഉരുത്തിരിക്കാനുള്ള കഴിവ് സ്വായത്തമാക്കാനാവുകയുള്ളൂവെന്നും ആയിരുന്നു ഗുരുവിന്റെ ഉദ്ബോധനത്തിന്റെ പൊരുൾ. എന്നാൽ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലയളവിൽ വിജ്ഞാനം നേടുന്നതിന്റെ പ്രസക്തി ആഗോള വ്യാപകമായി പുതിയ മാനം കൈവരിച്ചു.
'വിജ്ഞാനമാണ് ശക്തി' എന്ന നൂതനാശയം ആധുനിക മാനേജ്മെന്റ് ശാസ്ത്ര ശാഖ മുന്നോട്ട് വച്ചതോടെ ആണ് വിദ്യാഭ്യാസ മേഖല കാതലായ പരിഷ്കാരങ്ങൾക്ക് പാത്രീഭൂതമാകാൻ തുടങ്ങിയത്. ഇത് വിദ്യാഭ്യാസരംഗത്തിന് ചില വ്യക്തതകൾ പകർന്നു നൽകി. സാമാന്യ ജ്ഞാനം ഭാഷയിലും സാഹിത്യത്തിലും ശാസ്ത്രത്തിലും സാമൂഹിക വിഷയങ്ങളിലും ഗണിതശാസ്ത്രത്തിലും പൊതു അറിവ് നേടുന്നതിന് 10-12 ക്ളാസ് വരെയുള്ള പൊതു വിദ്യാഭ്യാസം ലക്ഷ്യം ഇടാൻ ഇത് പര്യാപ്തമായി.
അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദിശാബോധം നഷ്ടപ്പെട്ടരീതിയിലുള്ള പ്രവർത്തനമാണ് കാണാനാകുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല അഭിമുഖീകരിക്കുന്ന ഗുരുതരമായ ഈ പ്രതിസന്ധിക്ക് തെല്ലൊരളവിൽ പോലും ഇടതുപക്ഷസർക്കാരിന് പരിഹാരം കാണാനായില്ല.
വൻതോതിലുള്ള പണച്ചെലവ് വേണ്ടിവരുന്ന ഉന്നതവിദ്യാഭ്യാസമേഖല വികസിപ്പിക്കാനുള്ള ചുമതല സർക്കാരിനാണ് എന്ന് ആർക്കും വാദിക്കാനാവില്ല. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തേടെ മാത്രമേ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഉന്നതിയിലേക്ക് കുതിക്കാനാവൂ. എന്നാൽ ഈ മേഖലയിൽ സുതാര്യത, സാമൂഹിക ഉത്തരവാദിത്വം, ഗുണമേന്മ, നവീകരണം, വൈശിഷ്‌ട്യം എന്നിവ ഉറപ്പുവരുത്തുന്നതിനായി സർക്കാർ നിയന്ത്രണം പൂർണമായ തോതിൽ അനിവാര്യമാണ്. കാരണം നാളത്തെ സാങ്കേതിക വിദഗ്ദ്ധർ, ശസ്ത്രജ്ഞർ, ഡോക്ടർമാർ, എൻജിനിയർമാർ, അദ്ധ്യാപകർ, ഭരണാധികാരികൾ, രാഷ്ട്രീയ പ്രവർത്തകർ, വ്യവസായ സംരംഭകർ തുടങ്ങിയവരെ വാർത്തെടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തന വൈഭവം തിട്ടപ്പെടുത്തുന്നതിന് നിയതമായ അളവുകോലുകൾ ഉണ്ട്. ധനവിഭവ വിനിയോഗം, സാമൂഹിക നീതി, അടിസ്ഥാന സൗകര്യ വികസനം, സമർത്ഥരായ അദ്ധ്യാപകർ, ദേശീയശാല അക്രഡിറ്റേഷൻ, ഗവേഷണ വൈഭവം എന്നീ ഘടകങ്ങളിലെ തിളക്കമാർന്ന നേട്ടങ്ങളാണ് ഈ മേഖലയെ വിജയം നിർണയിക്കാനുള്ള മർമ്മ പ്രധാനമായ അളവുകോലുകൾ. ഇപ്പറഞ്ഞവ മാനദണ്ഡമാക്കിയുള്ള വിലയിരുത്തൽ നടത്തിയാൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധപതിയേണ്ട ചില ഘടകങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാനാവും.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഉള്ള വിദഗ്ദ്ധ സമിതികൾ ഗുണനിയന്ത്രണത്തിന് മേൽനോട്ടം വഹിക്കുന്ന വൊക്കേഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രധാനമായും എൻജിനിയറിംഗ്, പാരാമെഡിക്കൽ തുടങ്ങിയ ശാഖകളിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളും ഡിപ്ളോമ കോഴ്സുകളും മികവിൽ ശരാശരിക്ക് മേൽ പ്രവർത്തനവിജയം ഉറപ്പ് വരുത്തുന്നുണ്ട്.
ജ്ഞാന സമ്പാദനത്തിനായി പഠിക്കുക, കർമ്മ മണ്ഡലത്തിലേക്ക് കടക്കാനായി പഠിക്കുക, ഉത്തമ പൗരനാകാനായി പഠിക്കുക, യുക്തമായ ശ്രേണികളിൽ എത്താനായി പഠിക്കുക എന്ന നാലുതലങ്ങളിൽ വിദ്യാർത്ഥിയെ പരിപാലിക്കാൻ കഴിയേണ്ട പ്രൊഫഷണൽ പഠനമേഖല മോശമല്ലാത്ത പ്രകടനം കഴിഞ്ഞ രണ്ടുവർഷവും നടത്തിയിട്ടുണ്ട്. ഇതിനു മുഖ്യകാരണം ദേശീയതലത്തിലെ ഗുണനിയന്ത്രണ ഏജൻസികളുടെ കർക്കശമായ വ്യവസ്ഥകളും അവ നടപ്പിലാക്കുന്നതിനുള്ള ഉറച്ച നിലപാടുകളുമാണ്. അതേസമയം, സ്വകാര്യ മേഖലയുടെ വാണിജ്യപരമായ സമീപനവും പണക്കൊതിയും പഴയപോലെ തന്നെ തുടർന്നു വരുന്നു.
ഗുണ നിയന്ത്രണം കർക്കശമാക്കിയാൽ അതിരുകവിഞ്ഞ വെള്ളം ചേർക്കൽ അപകടം ഉണ്ടാക്കുമെന്ന് എൻജിനിയറിംഗ് മാനേജ്മെന്റ് പഠന രംഗങ്ങൾ സംസ്ഥാനത്ത് തെളിയിച്ചു. കള്ളനാണയങ്ങളെ തിരിച്ചറിയാനും അവയെ ഒഴിവാക്കാനും വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും തിരിച്ചറിവ് ഉണ്ടായത് ഔചിത്യപൂർണമായി മാറി. സ്കൂൾപഠനമേഖലയിൽ സർക്കാർ സ്ഥാപനങ്ങൾ തിരസ്കരിച്ചവർ തന്നെ പ്രൊഫഷണൽ പഠനരംഗത്ത് പരക്കെ വിലമതിക്കപ്പെടുന്നു. ഇവയുടെ ശോഭ കെടാതെ സൂക്ഷിക്കുന്നതിനാവശ്യമായ അദ്ധ്യാപക നിയമനവും ഭൗതിക സാഹചര്യം ഒരുക്കലും മുൻഗണനനൽകേണ്ട ഘടകംതന്നെ.
സയൻസ്, ആർട്സ്, കൊമേഴ്സ്, മാനേജ്മെന്റ്, ലാ തുടങ്ങിയ രംഗങ്ങളിലെ ഉപരിപഠനവും ഗവേഷണവും കേരളത്തിൽ അലങ്കോലപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തെ ഇടതുപക്ഷ ഭരണത്തിൽ സർക്കാരിന് ഒന്നും ചെയ്യാനായില്ല. മാത്രമല്ല, ദിനംപ്രതി ഉന്നത വിദ്യാഭ്യാസ മേഖല തകരുകയുമാണ്.
സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാലകളിൽ സർക്കാർ ഇടപൽ സാധ്യമല്ല എന്ന ബന്ധപ്പെട്ടവരുടെ ധാരണയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സർവകലാശാലാ നിയമം നിയമസഭയിൽ പാസാക്കിയതാണ്. ഈ നിയമപ്രകാരം സെനറ്റ്, സിൻഡിക്കേറ്റ്, അക്കാഡമിക് കൗൺസിൽ, ഫാക്കൽട്ടി, ബോർഡ്ഒഫ് സ്റ്റഡീസ്, ഫിനാൻസ് കമ്മിറ്റി, സ്റ്റുഡന്റ്സ് കൗൺസിൽ എന്നിങ്ങനെ ഏഴ് സമിതികൾ ഉണ്ട്. ഇവയിൽ ത്രിതല സംവിധാനത്തിലുള്ള അക്കാഡമിക് കൗൺസിൽ, ഫാക്കൽട്ടി, ബോർഡ് ഒഫ് സ്റ്റഡീസ് എന്നിവയാണ് പരമാധികാരമുള്ള അക്കാഡമിക സമിതികൾ. യോഗ്യരായവരെ നിയോഗിച്ച് ഈ സമിതികളുടെ പ്രവർത്തനം ക്രിയാത്മകമാക്കാനും പാഠ്യപദ്ധതി, പഠനക്രമം, മൂല്യനിർണയസംവിധാനം തുടങ്ങിയവ നവീകരിക്കാനും കഴിയും. ഈ സമിതികളെ നോക്കുകുത്തികളാക്കി സിൻഡിക്കേറ്റ് സമസ്തരംഗങ്ങളിലും ആധിപത്യം പുലർത്തുന്നു. ജനാധിപത്യസംവിധാനം പാലിക്കണമെന്ന വ്യവസ്ഥകൾ, വിശിഷ്യാ കേരള -കോഴിക്കേട് സർവകലാശാലകളിൽ നിലവിൽ ഉണ്ടെങ്കിലും സിൻഡിക്കേറ്റിൽ എത്തുന്നവർ ചുരുങ്ങിയത് ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ചും നിയമ വ്യവസ്ഥകളെക്കുറിച്ചും ധനവിനിയോഗ ക്രമത്തെക്കുറിച്ചും നിശ്ചയമുള്ളവരായിരിക്കണം എന്ന് ഉറപ്പുവരുത്താൻ സർക്കാരിന് കഴിയും.
സർക്കാർ നിയോഗിക്കുന്ന വിദഗ്ദ്ധാംഗങ്ങളായ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് ഉന്നത വിദ്യാഭ്യാസരംഗവുമായി പുലബന്ധം പാേലും ഇല്ലാതെവന്നാൽ, അവരുടെ പ്രവർത്തനവൈകല്യം യുവതലമുറയ്ക്ക്
ഹാനി വരുത്തിവയ്ക്കുമെന്നെങ്കിലും സർക്കാർ തിരിച്ചറിയണം. സിൻഡിക്കേറ്റിലെ സർക്കാർ നോമിനികളുടെ അജ്ഞത, അപക്വമായ പെരുമാറ്റം, ധാർഷ്ട്യം നിറഞ്ഞ ഇടപെടൽ എന്നിവയ്ക്കൊക്കെ പാർട്ടി നിർദ്ദേശം എന്ന പുകമറ അവർ സ്വയം സൃഷ്ടിക്കുന്നുമുണ്ട്. 30 വർഷം മുമ്പുള്ള അദ്ധ്യാപക ഒഴിവുകൾ പോലും ഇപ്പോഴും സർവകലാശാലകളിൽ ഒഴിഞ്ഞു കിടക്കുന്നു. പകരം കരാർ അദ്ധ്യാപകർ ക്ളാസുകൾ എടുക്കുന്നു. ഇതിലൂടെ ഗവേഷണ മികവും ഗുണമേന്മയും നഷ്ടപ്പെടുന്നത് 1990 വരെ കേരള സംസ്ഥാനത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടായിരിക്കുന്ന യശസിന് മുന്തിയ അളവിൽ മങ്ങൽ ഉണ്ടാക്കിയിരിക്കുന്നു. സർക്കാർ മനസുവച്ചാൽ നിസാരമായി പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്നതെന്നതും ഓർക്കുക.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ