ബിയറും ബുദ്ധനും തമ്മിൽ?
June 12, 2018, 10:45 am
ബിയറും ബുദ്ധനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഒന്നുമില്ലെന്ന് പറഞ്ഞ് തള്ളാൻ വരട്ടെ! അതിനു മുമ്പ് തായ്‌ലൻഡിലെ വാറ്റ് പാ മഹാ ചേദി ക്യൂ എന്ന ബുദ്ധക്ഷേത്രംസന്ദർശിക്കണം. ഒരിക്കലെങ്കിലും ഇവിടെ വന്നിട്ടുള്ളവർ ബുദ്ധനെ ഓർത്താൽ, ബിയറിനെയും ഓർക്കും '' വന്യതയുടെ നടുവിലുള്ള ചില്ലുക്ഷേത്രം'' എന്നാണ് തായ് ഭാഷയിൽ ഈ ക്ഷേത്രത്തിന്റെ പേര്. 10 ലക്ഷത്തിലേറെ ബിയർ കുപ്പികൾ കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പിറവിക്ക് പിന്നിൽ ഒരു കഥയുണ്ട്.

കടലിൽ തള്ളുന്ന മദ്യക്കുപ്പികൾ വലിയ മാലിന്യഭീഷണി ഉയർത്തിയപ്പോഴാണ് , ഏതാണ്ട് മുപ്പത് വർഷം മുമ്പ്, സമീപത്തുള്ള മഠത്തിലെ ബുദ്ധസന്യാസികൾ വ്യത്യസ്തമായ ഈ ആശയം മുന്നോട്ടുവച്ചത്. വലിച്ചെറിയുന്ന കുപ്പികൾ കൊണ്ടൊരു ക്ഷേത്രം പണിയുക. അങ്ങനെ അവർ പണി തുടങ്ങി. തൂണുകളും കൈവരികളും മേൽക്കൂരയും എല്ലാം ബിയർ കുപ്പികൾ കൊണ്ട് കലാപരമായി നിർമിച്ചതാണ്. നാട്ടിൽ കിട്ടുന്ന ചാംഗ് എന്ന ബിയറിന്റെയും ആഗോള ബ്രാൻഡായ ഹെയിൻകെൻ ബിയറിന്റെയും കുപ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രം പണിതിട്ടും കുപ്പികൾ ബാക്കി വന്നു. അതുകൊണ്ട് ഗോപുരങ്ങളും, കിടപ്പുമുറികളും, വാട്ടർ ടാങ്കും, ടോയ്‌ലറ്റും എന്തിനേറെ ഒരു ശ്‌മശാനം വരെ ഇവർ നിർമ്മിച്ചെടുത്തു. ഇപ്പോൾ നിരവധി സന്ദർശകരാണ് ഈ ബിയർ ക്ഷേത്രത്തിലേക്ക് എത്തുന്നത്. പൊതുവെ മദ്യവും ആത്മീയതയും വിരുദ്ധ ചേരികളിലാണ്. എന്നാൽ ഒരു നല്ല ഉദ്ദേശ്യത്തിനായി ഈ ബുദ്ധസന്യാസികൾ ചെയ്ത ചെറിയ പ്രവൃത്തിക്ക് വലിയ പ്രശംസയാണ് പരിസ്ഥിതി സംഘടനകളിൽ നിന്നും ലഭിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ