ശ്ശൊ, നാണമാവുന്നു...
June 8, 2018, 3:47 pm
മനുഷ്യർക്ക് നാണം തോന്നാറുള്ളതുപോലെ മരങ്ങൾക്കും നാണമാകാറുണ്ടോ? സംശയിക്കേണ്ട മരങ്ങൾക്കും നാണമുണ്ടാകാറുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. കാട്ടിൽക്കൂടിയോ മരക്കൂട്ടങ്ങൾക്കിടയിൽക്കൂടിയോ നടന്നുപോകുമ്പോൾ മുകളിലേക്ക് നോക്കിയാൽ അടുത്തടുത്തു നിൽക്കുന്ന ഒരേ ഇനത്തിൽപ്പെട്ട മരങ്ങളുടെ ശിഖരങ്ങൾ തമ്മിൽ സ്പർശിക്കാതെ ഒരു അകലം പാലിക്കുന്നതു കാണാം. നാണിച്ചിട്ടെന്നപോലെ തൊടാതെ നിൽക്കുന്നു. കൗൺ ഷൈനസ് എന്നാണ് ഇതിനെ വിളിക്കുന്നത്.

ഈ 'തൊട്ടുകൂടായ്‌മയ്‌ക്ക് ' പിന്നിലെ കാരണങ്ങൾ ഇന്നും അജ്ഞാതമായിത്തന്നെ തുടരുകയാണ്.1920 മുതൽ ഈ പ്രതിഭാസത്തെപ്പറ്റി ചർച്ച ചെയ്യുന്നുണ്ടെങ്കിലും കൃത്യമായ ഒരു ഉത്തരത്തിലേക്ക് ഇന്നും ശാസ്ത്രലോകം എത്തിയിട്ടില്ല. പലതരത്തിലുള്ള അഭിപ്രായങ്ങൾ ഇതെപ്പറ്റിയുണ്ട്. മരത്തിന്റെ ഇലകൾ തിന്നുന്ന പുഴുക്കൾ ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് പടരുന്നത് തടയാൻ മരങ്ങൾ കണ്ടെത്തിയ വഴിയാണെന്നാണ് ഒരു നിഗമനം.കാറ്റടിക്കുമ്പോൾ മരത്തിന്റെ ചില്ലകൾ തമ്മിൽ കൂട്ടിമുട്ടി ഉരഞ്ഞുരഞ്ഞാവാം അത്രയും ഭാഗം ശൂന്യമാവുന്നതെന്നും കരുതുന്നുണ്ട്. അടുത്തുനിൽക്കുന്ന മരത്തിന്റെ തണലിന്റെ അടുത്തോട്ടു ചെന്നാൽ തന്റെ ഇലകൾക്ക് പ്രകാശം ലഭിക്കുകയില്ലല്ലോ എന്നു കരുതി മരങ്ങൾ അങ്ങോട്ട് ശിഖരത്തെ വളർത്താതിരിക്കുന്നതാണെന്നാണ് മറ്റൊരു സിദ്ധാന്തം. ഒരു മലേഷ്യൻ ശാസ്ത്രജ്ഞൻ നടത്തിയ പഠനത്തിൽ കണ്ടത് മരത്തിന്റെ വളർന്നുവരുന്ന അറ്റങ്ങൾ വെളിച്ചത്തിന്റെ അളവിനെ നന്നായി മനസിലാക്കാൻ ശേഷിയുള്ളവയാണെന്നും തണൽ ഉള്ളയിടങ്ങളിലേക്ക് അവ വളരാതിരിക്കുകയുമാണ് ചെയ്യുന്നതെന്നുമാണ്. എന്തൊക്കെയാണെങ്കിലും കാരണങ്ങൾ പൂർണമായി മനസിലായിട്ടില്ലെങ്കിലും നാണം കുണുങ്ങികയാണ് മരങ്ങളെന്നാണ് പൊതുവേയുള്ള കണ്ടെത്തൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ