ശുദ്ധ മലയാളത്തിന്റെ തലക്കെട്ട്
June 7, 2018, 12:00 am
ജനനമരണങ്ങൾക്കിടയിലെ ഒരു ചുരുക്കെഴുത്താണ് ജീവിതമെന്ന് പറയാറുണ്ട്. ജനിച്ചവർഷം മരിച്ച വർഷം എന്നിവയ്ക്കിടയിലുള്ള കാലത്തെ എങ്ങനെ നാടിനും സമൂഹത്തിനും വേണ്ടി വിനിയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ജീവിതത്തിന്റെ അർത്ഥ സമ്പുഷ്ടിയും വ്യാപ്തിയും. മഹാകവി കുമാരനാശാൻ പാടിയപോലെ 'അന്യജീവനുതകി സ്വജീവിതം ധന്യ'മാക്കിയ മഹാ പ്രതിഭാശാലിയായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച പ്രൊഫ. പന്മന രാമചന്ദ്രൻ നായർ.
മലയാളഭാഷയെ സമ്പന്നമാക്കിയ എഴുത്തുകാരൻ,തലമുറകളുടെ ഗുരുനാഥൻ, ഭാഷയുടെ ചാരിത്ര്യശുദ്ധിക്കു വേണ്ടി നിരന്തരം പോരാടിയ നായകൻ, കേരള ഗ്രന്ഥശാലാസംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം തുടങ്ങിയ പ്രസ്ഥാനങ്ങൾ വേറിട്ട ശൈലിയിൽ നയിച്ച സാരഥി ,നിശബ്ദനായ കാരുണ്യ പ്രവർത്തകൻ തുടങ്ങി അദ്ദേഹത്തിന് ചേരുന്ന വിശേഷണങ്ങൾ നിരവധി. പക്ഷേ,വിശേഷിപ്പിക്കപ്പെടാൻ വേണ്ടിയായിരുന്നില്ല അദ്ദേഹത്തിന്റെ ബഹുമുഖ പ്രവർത്തനങ്ങൾ.
സാഹിത്യത്തിലെന്നപോലെ സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും ശരിയുടെ വഴിയിലായിരുന്നു പന്മന. തെറ്റില്ലാത്ത മലയാളം, ശുദ്ധ മലയാളം, തെറ്റും ശരിയും തുടങ്ങിയ ജനകീയമായ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളുടെ തലക്കെട്ടുകൾ അദ്ദേഹത്തിന്റെ ജീവിതത്തിനും സ്വഭാവത്തിലും ചേരുന്നവതന്നെ. ആ വാക്കിലും രചനയിലും ശരിയുടെ ആ വിശുദ്ധി കാത്തുസൂക്ഷിക്കാൻ എന്നും ശ്രദ്ധിച്ചിരുന്നു. സമഭാവനയോടെയുള്ള ഹൃദയം തുളുമ്പുന്ന പുഞ്ചിരിയും തൂവെള്ള വേഷവും മൃദുലമായ സംഭാഷണവും ആരെയും ആകർഷിക്കാൻ പോന്നതാണ്. താൻ സംസാരിക്കുന്ന വ്യക്തിയുടെ വലിപ്പച്ചെറുപ്പമോ ഏതെങ്കിലും തരത്തിലുള്ള മഹിമകളോ അദ്ദേഹം ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. അക്കാര്യം വ്യക്തിബന്ധങ്ങളിൽ പരിഗണിച്ചിരുന്നുമില്ല.
മലയാള ഭാഷയായിരുന്നു ദശാബ്ദങ്ങളായി അദ്ദേഹത്തിന്റെ ഭവനം. 'കൈരളി' എന്നായിരുന്നു വീട്ടുപേരും. ഈ വീട്ടിലിരുന്നാണ് ആരോഗ്യവാനായിരുന്നപ്പോഴും രോഗശയ്യയിലായിരുന്നപ്പോഴും അദ്ദേഹം മലയാളത്തെ സേവിച്ചതും സ്നേഹിച്ചതും. നൈഷധവും നളചരിതം ആട്ടക്കഥയും ആശ്ചര്യ ചൂഢാമണി, മഴവില്ല്, ഊഞ്ഞാൽ, പൂന്തേൻ, ദീപശിഖ, കാളിദാസൻ തുടങ്ങിയ പ്രശസ്ത കൃതികൾ.
കേരളത്തിലെ പല പ്രമുഖ കോളേജുകളിലും അദ്ദേഹം അദ്ധ്യാപകനായിരുന്നു. ചോദ്യോത്തര രൂപത്തിലായിരുന്നു ക്ളാസുകൾ. പൊതുവേ വിരസമാകാനിടയുള്ള വ്യാകരണ വൃത്താലങ്കാരങ്ങൾ സരസ സുന്ദരവും ലളിതവുമായി അവതരിപ്പിക്കാനുള്ള വൈഭവം ആയിരക്കണക്കിന് ശിഷ്യരെ അദ്ദേഹത്തിന് നേടിക്കൊടുത്തു.
ചട്ടമ്പി സ്വാമികളുടെ ശിഷ്യോത്തമന്മാരിൽ ഒരാളായിരുന്നു പന്മനയുടെ പിതാവ് കുഞ്ചുനായർ. സ്വാമികൾ വാത്സല്യത്തോടെ അദ്ദേഹത്തെ ഭാഗവതർ എന്ന് വിളിച്ചിരുന്നു. ആത്മീയതയും സമഭാവനയും അങ്ങനെ പാരമ്പര്യമായി പന്മനയ്ക്ക് ലഭിച്ചുവെന്ന് പറയാം.
1987ൽ സർവീസിൽ നിന്ന് വിരമിച്ചെങ്കിലും സാഹിത്യ പ്രവർത്തനത്തിന്റെ സിംഹഭാഗവും അതിനുശേഷമായിരുന്നു. പി.കെ. പരമേശ്വരൻ നായർ സ്മാരക ട്രസ്റ്റിന്റെ മാർഗ്ഗദർശിയായി മലയാള സാഹിത്യ ചരിത്രം, കേരള സംസ്കാര പഠനങ്ങൾ എന്നീ വിലപ്പെട്ട സംഭാവനകൾ നൽകാനും അദ്ദേഹം യത്നിച്ചു.
ചെറുതും വലുതുമായി ആറ് ശസ്ത്രക്രിയകൾ. വലിയ ശസ്ത്രക്രിയമൂലം ബലംകുറഞ്ഞ നട്ടെല്ലിന് ബലം നൽകാനായി തോൾ മുതൽ അരക്കെട്ടുവരെ പൊതിഞ്ഞിരിക്കുന്നതും ഏഴ് കൊളുത്തുകളുളളതുമായ ബെൽറ്റിട്ടു മുറുക്കിക്കൊണ്ടായിരുന്നു കഴിഞ്ഞ ഏഴെട്ടു കൊല്ലമായി അദ്ദേഹത്തിന്റെ ഗൃഹവാസം. അപ്പോഴും ഭാഷയുടെ നട്ടെല്ലുറപ്പിനും തലയെടുപ്പിനും വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ നിരന്തരമായ സാഹിത്യസേവനം.
ശതാഭിഷേകത്തോടനുബന്ധിച്ച് ഒരു നിശബ്ദ കാരുണ്യ പ്രവർത്തനത്തിനും അദ്ദേഹം തുടക്കമിട്ടു. പാവപ്പെട്ട കാൻസർ രോഗികളായ കുട്ടികളുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ ഓരോ വർഷവും പലിശ ലഭിക്കത്തക്കവണ്ണം പത്തുലക്ഷം രൂപ തിരുവനന്തപുരം ആർ.സി.സിക്ക് നൽകി. ഭാഷാ സ്നേഹവും മാനവ സേവനവും അദ്ദേഹത്തിന് ഒന്നുതന്നെയായിരുന്നു.
'സ്മൃതിരേഖ'യാണ് പന്മനയുടെ ആത്മകഥ. സ്നേഹത്തിന്റെയും സമഭാവനയുടെയും സേവനത്തിന്റെയും വിശുദ്ധിയും വെണ്മയും കലർന്നതാണ് ആ രേഖകൾ. അദ്ദേഹത്തിന്റെ നിര്യാണം മലയാള ഭാഷയ്ക്കും കുടുംബത്തിനുമെന്നപോലെ കേരളകൗമുദിക്കും വലിയൊരു നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ആ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം ഭാഷയെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്ത ആ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ