അത്രയെങ്കിലുമായി
June 10, 2018, 12:25 am
കൂടുതൽ ട്രെയിനുകൾക്കായി ആറ്റുനോറ്റിരിക്കുന്ന മലയാളികൾക്ക് ഇന്നലെ പുതുതായി സർവീസ് ആരംഭിച്ച അന്ത്യോദയ എക്സ്‌‌പ്രസ് വലിയ അനുഗ്രഹമാണ്. ആഴ്ചയിൽ രണ്ടുദിവസം കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന ഈ ട്രെയിൻ പന്ത്രണ്ടു മണിക്കൂറിൽ കുറഞ്ഞ സമയമെടുത്താണ് ഓട്ടം പൂർത്തിയാക്കുന്നത്. രാത്രിയിൽ പുറപ്പെട്ട് പിറ്റേദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തത്തക്ക വിധത്തിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. റിസർവേഷൻ സൗകര്യം ഇല്ലെന്നതാണ് അന്ത്യോദയ ട്രെയിനുകളുടെ പ്രത്യേകത. സീറ്റ് ഒഴിവുണ്ടെങ്കിൽ സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. പ്രധാന സ്റ്റേഷനുകളിൽ മാത്രമേ നിറുത്തുകയുള്ളൂ എന്നതിനാൽ യാത്രാസമയവും ചുരുങ്ങും. ഇപ്പോൾ ആഴ്ചയിൽ രണ്ടുദിവസമേ ഓടുകയുള്ളൂവെങ്കിലും ഭാവിയിൽ കൂടുതൽ സർവീസുകൾക്കു സാദ്ധ്യത ഇല്ലാതില്ല. എത്ര കൂടുതൽ ട്രെയിനുകൾ ഓടിച്ചാലും യാത്രക്കാരെ കിട്ടാൻ പ്രയാസമില്ലാത്തതിനാൽ ഇത്തരം പ്രത്യേക വണ്ടികൾ റെയിൽവേയ്ക്ക് ഒരിക്കലും നഷ്ടക്കച്ചവടമാകില്ല. കഴിഞ്ഞ റെയിൽവേ ബഡ്ജറ്റ് മുതൽ പുതിയ ട്രെയിനുകൾ മുൻകൂർ പ്രഖ്യാപിക്കുന്ന പതിവ് നിറുത്തലാക്കിയിരിക്കുകയാണ്. ഇന്നലെ സർവീസ് ആരംഭിച്ച അന്ത്യോദയ എക്സ്‌‌പ്രസ് നേരത്തെ പ്രഖ്യാപിക്കപ്പെട്ടതാണ്. ഇതുപോലെ 2014-ലെ ബഡ്ജറ്റിൽ ഇടം നേടിയ കൊച്ചുവേളി - ബംഗ്ളുരു ട്രെയിൻ ഇതുവരെ തുടങ്ങിയിട്ടില്ല. തുടങ്ങാത്ത വേറെയും പുതിയ ട്രെയിനുകൾ ഊഴവും കാത്തിരിപ്പുണ്ട്. പുതിയ കൊച്ചുവേളി - ബംഗ്ളുരു ട്രെയിനിന് റെയിൽവേയിലെ ഉന്നതന്മാർ തന്നെയാണ് തടസം നിൽക്കുന്നത്. സാങ്കേതികവും അല്ലാത്തതുമായ കാരണങ്ങൾ നിരത്തി എങ്ങനെ പുതിയ വണ്ടികൾ ഓടിക്കാതിരിക്കാമെന്ന ഗവേഷണത്തിൽ ഏർപ്പെടുന്നവർ റെയിൽവേയിൽ ധാരാളമുണ്ട്. പുതുതായി തുടങ്ങാനിരുന്ന കൊച്ചുവേളി - ബംഗ്ളുരു ട്രെയിനിന് സ്റ്റേഷനുകളിൽ സ്ഥലസൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് തടസങ്ങൾ സൃഷ്ടിക്കുന്നത്. ബംഗ്ളുരു സ്റ്റേഷനു പരിമിതികളുണ്ടെങ്കിൽ ഈ വണ്ടി മൈസുരുവിലേക്കു റൂട്ടു മാറ്റാൻ ആലോചന നടന്നതാണ്. അതും നടപ്പായില്ല. ചുരുക്കത്തിൽ ഐ.ടി നഗരമായ ബംഗ്ളുരുവിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിനു മലയാളി പ്രൊഫഷണലുകളെ നിരാശരാക്കി റെയിൽവേ സംതൃപ്തിയടയുന്നു. സംസ്ഥാനത്ത് ഇനിയും തീരാത്ത പാത ഇരട്ടിപ്പിക്കലും മുഖ്യ സ്റ്റേഷനുകളിലെ സൗകര്യക്കുറവുമെല്ലാം കാരണം പുതിയ സർവീസുകൾ തുടങ്ങാനാവാത്ത സ്ഥിതിയാണുള്ളത്. ഇതിനൊപ്പം പാത നവീകരണ ജോലികൾ കൂടിയായപ്പോൾ നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾ പോലും കുറഞ്ഞിരിക്കുകയാണ്. എത്രയോ മാസങ്ങളായി ട്രെയിനുകളുടെ വൈകി ഓട്ടം സ്ഥിരം ദുരിതമായിട്ടുണ്ട്. പാസഞ്ചർ വണ്ടികൾ പലപ്പോഴും റദ്ദാക്കപ്പെടുന്നു. മിനിട്ടുകളല്ല മണിക്കൂറുകൾ വൈകിയാണ് പല ട്രെയിനുകളും ഓടുന്നത്. പാത നവീകരണ ജോലികൾ തീരാൻ ഇനിയും ഏറെ നാൾ വേണ്ടിവരുമെന്നതിനാൽ യാത്രക്കാരുടെ ദുരിതം ഇപ്പോഴത്തെപ്പോലെ തുടരുമെന്നുവേണം കരുതാൻ. മഴക്കാലം തുടങ്ങിയതോടെ അതിന്റെ കെടുതികളും നേരിടേണ്ടിവരുന്നു. മരങ്ങൾ വീണ് സിഗ്നൽ സംവിധാനം തകരാറിലാകുന്നതിനാൽ ട്രെയിനുകൾ പലതും നിറുത്തിയിടേണ്ടിവരാറുണ്ട്. ഇവിടെ ഓടുന്ന ബോഗികളിൽ ഭൂരിപക്ഷവും ഏറെ പഴക്കമുള്ളവയാകയാൽ ചോർന്നൊലിച്ചു വേണം യാത്ര ചെയ്യാൻ. പുതിയ ബോഗികൾക്കുവേണ്ടിയുള്ള കേരളത്തിന്റെ കാത്തിരിപ്പ് വർഷങ്ങളായി ഫലം കാണാതെ തുടരുകയാണ്. വെള്ളിയാഴ്ച സന്ധ്യയ്ക്ക് പട്ടാമ്പിയിൽ മംഗലാപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ രണ്ട് ബോഗികൾ വേർപെട്ടുപോയ സംഭവം സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഒരിക്കൽക്കൂടി ആശങ്ക ഉണർത്തുന്നതാണ്. സ്റ്റേഷൻ വിട്ട ഉടനെയായതിനാൽ ആപത്തൊന്നും സംഭവിച്ചില്ലെന്നേയുള്ളൂ. ബ്രോഡ്‌ഗേജാക്കി മാറ്റിയ പുനലൂർ - ചെങ്കോട്ട പാതയുടെ ഉദ്ഘാടനം ഇന്നലെ നടന്നതോടെ തമിഴ്‌നാട്ടിലേക്ക് കൊല്ലത്തു നിന്നുള്ള യാത്രാസൗകര്യം വർദ്ധിച്ചിരിക്കുകയാണ്. ഗേജ് മാറ്റത്തിനു വേണ്ടി പത്തുവർഷമായി ഈ പാത അടച്ചിട്ടിരിക്കുകയായിരുന്നു. കേരളത്തിൽ നിന്ന് ചെങ്കോട്ട വഴി തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് പുതിയ സർവീസുകൾ തുടങ്ങാൻ ഇതോടെ വഴി തെളിഞ്ഞിരിക്കുകയാണ്. കൊല്ലം സ്റ്റേഷൻ ഉൾപ്പെടെയുള്ളവയുടെ വികസനം സമയബന്ധിതമായി പൂർത്തിയായാൽ മാത്രമേ ഇതു സാദ്ധ്യമാകൂ. കൊച്ചുവേളിയിൽ നാല് പുതിയ പ്ളാറ്റ്‌ഫോമുകൾ നിർമ്മിക്കാനുള്ള തീരുമാനം എത്രയും വേഗം നടപ്പാക്കാൻ കഴിയണം. രണ്ട് പതിറ്റാണ്ടിലധികമായി സ്റ്റേഷൻ വികസനത്തിനായി ഇവിടെ സ്ഥലം ഏറ്റെടുത്തതാണ്. നാമമാത്ര വികസനമേ നടന്നിട്ടുള്ളൂ. അതുപോലെ നേമം സ്റ്റേഷൻ കൂടി ഉപഗ്രഹ സ്റ്റേഷനായി വികസിപ്പിച്ചാൽ സെൻട്രൽ സ്റ്റേഷനിലെ ഞെരുക്കം ഗണ്യമായി കുറയ്ക്കാനാകും. ഒന്നിനു പിറകെ ഒന്നായി ഉറപ്പുകൾ ലഭിക്കുന്നതല്ലാതെ വികസനം മാത്രം നടക്കുന്നില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ