നാണവും മാനവും വെടിഞ്ഞ് കോൺഗ്രസ്
June 9, 2018, 12:19 am
കൈയിലുള്ള രാജ്യസഭാ സീറ്റ് കെ.എം. മാണിക്ക് തീറെഴുതിയ കോൺഗ്രസ് നേതൃത്വത്തിന്റെ അമ്പരപ്പിക്കുന്ന തീരുമാനത്തോട് കോൺഗ്രസ് അണികൾ മാത്രമല്ല സ്വബോധമുള്ള ആർക്കും യോജിക്കാനാവില്ല. നേതൃത്വത്തിന്റെ ഈ ഭ്രാന്തൻ തീരുമാനത്തിന് പിന്നിൽ നടന്നിട്ടുള്ള ചരടുവലികളുടെ വിശദാംശങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ആസൂത്രിതമായി തയ്യാറാക്കിയ ഒരു തിരക്കഥ തീർച്ചയായും ഇതിനു പിന്നിലുണ്ട്. കോൺഗ്രസിൽ തന്നെയുള്ള രാജ്യസഭാ മോഹികളെ പടിക്കു പുറത്തു നിറുത്തുക എന്നതു മാത്രമായിരിക്കില്ല ലക്ഷ്യം. മാണി കൂടെയില്ലെങ്കിൽ യു.ഡി.എഫ് ഇല്ല എന്ന മൂഢ വിശ്വാസത്തിനും നിലവിലുള്ള സാഹചര്യത്തിൽ പ്രസക്തിയില്ല. മാണിയുടെ ശക്തിയും സാംഗത്യവും അതിന്റെ തനി രൂപത്തിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു ഫലം തെളിയിച്ചതാണ്. നാണം മറന്ന് വീട്ടിൽച്ചെന്ന് ക്ഷണിച്ചുകൊണ്ടു വന്നിട്ടും ചെങ്ങന്നൂരിലെ വോട്ടർമാർക്കിടയിൽ ചെറുചലനം സൃഷ്ടിക്കാൻ പോലും മാണിക്കോ അദ്ദേഹത്തിന്റെ പാർട്ടിക്കോ കഴിഞ്ഞില്ല. രാഷ്ട്രീയമായി ഏറ്റവും ദുർബലമായ അവസ്ഥയിലെത്തി നിൽക്കുന്ന ഒരു പാർട്ടിയെ യു.ഡി.എഫിൽ ഉറപ്പിച്ചു നിറുത്താൻ വേണ്ടിയാണ് കോൺഗ്രസ് ഇപ്പോൾ ശേഷിക്കുന്ന അഭിമാനവും പണയപ്പെടുത്തി മാണിക്ക് രാജ്യസഭാ സീറ്റ് താലത്തിൽ വച്ചു നൽകിയത്. ഇതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കലാപത്തിന് അല്പായുസേ കാണുകയുള്ളൂ എന്നും എല്ലാവർക്കും അറിയാം.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള നാണക്കേടുകൾ ഇതാദ്യവുമല്ലല്ലോ.
രാജ്യസഭാ സീറ്റ് ലഭിച്ചതോടെ കേരള കോൺഗ്രസ് എം ഔപചാരികമായി ഇന്നലെ യു.ഡി.എഫിൽ മടങ്ങി എത്തിയതായ പ്രഖ്യാപനം വന്നുകഴിഞ്ഞു. സീറ്റ് ദാനമായി നൽകിയത് യു.ഡി.എഫിന്റെയും ജനങ്ങളുടെയും താൽപര്യം പരിഗണിച്ചാണെന്ന വിശദീകരണമാണ് പാർട്ടിയുടെ സംസ്ഥാന നേതാക്കൾ നൽകുന്നത്. ഇപ്രാവശ്യത്തേക്കു മാത്രമാണ് സീറ്റ് നൽകുന്നതെന്നും ഭാവിയിൽ ഇത് അവകാശമാക്കരുതെന്നും നിബന്ധന വച്ചിട്ടുണ്ടത്രെ. മിഠായിക്കുവേണ്ടി കരയുന്ന കുട്ടിക്ക് അതു വാങ്ങിയശേഷം ഇനി ചോദിക്കരുതെന്ന് പറയുന്നതുപോലെയേ ഉള്ളൂ ഇത്തരം നിബന്ധനകൾ. യഥാർത്ഥത്തിൽ ഡൽഹി ചർച്ചയ്ക്ക് പോയവർ വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യത്തോടെ നടത്തിയ രാഷ്ട്രീയക്കളിയുടെ പരിണാമ ഗുപ്തിയാണ് ഈ രാജ്യസഭാ സീറ്റ് കൈമാറ്റം. വീണ്ടുവിചാരം ഒട്ടുമില്ലാതെ കോൺഗ്രസ് നേതൃത്വം കൈക്കൊണ്ട രണ്ടുംകെട്ട തീരുമാനത്തിന്റെ കെടുതികൾ ഇനി വരാനിരിക്കുന്നതേയുള്ളൂ. ബാർക്കോഴക്കേസ് വിവാദത്തെത്തുടർന്ന് യു.ഡി.എഫ് വിട്ടുപോയ മാണിയെ മടക്കിക്കൊണ്ടുവരാനുള്ള രാഷ്ട്രീയ തീരുമാനത്തിന് മുന്നണി രാഷ്ട്രീയത്തിൽ അതിന്റേതായ പ്രാധാന്യമുണ്ടായിരിക്കാം. യു.ഡി.എഫ് വിട്ടുപോയ മാണി ഗ്രൂപ്പിനെ ഒപ്പം കൂട്ടാൻ ഇടതുമുന്നണി ഇടക്കാലത്തു നടത്തിയ നീക്കങ്ങൾ തങ്ങൾ നിർണ്ണായക ശക്തിയാണെന്ന അമിത വിശ്വാസത്തിൽ കേരള കോൺഗ്രസിനെ എത്തിച്ചുവെന്നത് സത്യമാണ്. എന്നാൽ ഇടതുമുന്നണി ഒടുവിൽ കൈവിടുകയും ഇപ്പുറത്ത് യു.ഡി.എഫ് ദക്ഷിണ വച്ചു സ്വീകരിക്കുകയും ചെയ്തതിലൂടെ സംസ്ഥാനത്തെ രാഷ്ട്രീയം ഒരിക്കൽക്കൂടി സമ്മർദ്ദ ഗ്രൂപ്പുകളുടെ സ്വാധീന വലയത്തിലാക്കുകയാണ്. യു.ഡി.എഫിലേക്കുള്ള തിരിച്ചുവരവിന് മാന്യമായ പ്രതിഫലമെന്ന നിലയിലാണത്രെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറായത്. സ്വന്തം പാർട്ടിയിൽ ഈ തീരുമാനം സൃഷ്ടിക്കാനിടയുള്ള കലാപത്തെയും അസംതൃപ്തിയെയും കുറിച്ച് നേതൃത്വം ചിന്തിച്ചിട്ടുണ്ടാവില്ലെന്ന് കരുതാനാവില്ല. കലാപം തനിയെ കെട്ടടങ്ങിക്കൊള്ളുമെന്നായിരിക്കും വിശ്വാസം. എന്നാൽ അണികൾ അത്ര പെട്ടെന്ന് ഇതൊക്കെ മറക്കുമെന്ന് തോന്നുന്നില്ല. അവസരത്തിനായി അവർ കാത്തിരിക്കുക തന്നെ ചെയ്യും.
എന്തിന്റെ പേരിലായാലും മാണി ഗ്രൂപ്പ് യു.ഡി.എഫ് വിട്ടുപോയത് രാഷ്ട്രീയ ശുദ്ധീകരണത്തിന് നിമിത്തമാകുമെന്ന് ശുദ്ധാത്മാക്കളിൽ കുറച്ചുപേരെങ്കിലും കരുതിയിട്ടുണ്ടാവും.
എന്നാൽ ഒരാവശ്യവുമില്ലാതിരുന്നിട്ടും അവരെ വശത്താക്കാൻ ഇടതുമുന്നണി വലവിരിക്കുന്നതു കണ്ടതോടെ ആ പ്രതീക്ഷ അസ്തമിച്ചു. സംസ്ഥാനത്തെ രണ്ടു പ്രബല പാർട്ടികൾ സി.പി.എമ്മും കോൺഗ്രസുമാണ്. മറ്റു ചെറിയ പാർട്ടികളെല്ലാം ഇവയോട് ഒട്ടി നിന്ന് വെറുതേ വലിപ്പം ഭാവിക്കുന്നുവെന്നു മാത്രം. മുന്നണിയായി നിന്നു തിരഞ്ഞെടുപ്പിനെ നേരിടുകയും അധികാരത്തിലേറാനുള്ള ഭൂരിപക്ഷം കിട്ടിയാൽ സമ്മർദ്ദ ഗ്രൂപ്പുകളായി നിന്ന് ആകാവുന്നതത്ര സ്ഥാനങ്ങൾ പിടിച്ചു വാങ്ങുകയും ചെയ്യുന്ന ഏർപ്പാടാണ് പതിറ്റാണ്ടുകളായി നടന്നുവരുന്നത്. സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തെപ്പോലും തടസപ്പെടുത്തുന്നത് ഇത്തരം സമ്മർദ്ദ ഗ്രൂപ്പുകളാണ്. ഭരണത്തിൽ ഏറ്റവുമധികം അഴിമതി കാണിക്കുന്നതും വഴിവിട്ട തീരുമാനങ്ങളിലൂടെ സർക്കാരിന് പ്രശ്നങ്ങളുണ്ടാക്കി വയ്ക്കുന്നതും ഇവരൊക്കെതന്നെത്താണ്. ഈ ദൂഷിത വലയത്തിൽ നിന്നും മുക്തമാകാതെ സംസ്ഥാനത്തിന് നല്ല രീതിയിലുള്ള വളർച്ച സാദ്ധ്യമല്ല. ശക്തിയും സ്വാധീനവുമുള്ള വലിയ പാർട്ടികൾ വിചാരിച്ചാലേ അതു നടക്കൂ. മുന്നണി രാഷ്ട്രീയത്തിന്റെ പരിമിതികൾ മനസിലാക്കി ജനങ്ങളും ഏക പാർട്ടി ഭരണത്തിനായി മാറിച്ചിന്തിക്കണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ