വരൾച്ച നേരിടാൻ ഗോവൻ ബന്ധാര ജലസംഭരണികൾ
June 14, 2018, 3:39 am
തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ച നേരിടുന്നതിന് ഗോവൻ മാതൃകയിൽ ബന്ധാര നദീജല സംഭരണികൾ പണിയാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസർകോ‌‌ട് ചന്ദ്രഗിരി, വയനാട് പനമരംപുഴ, പത്തനംതിട്ട അച്ചൻകോവിൽ നദികളിലും ഉപനദികളിലുമാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക. ഇതിലൂടെ 1938 കോടി ലിറ്റർ വെള്ളം കൂടുതൽ ലഭിക്കും. ഹരിതമിഷനുമായി സഹകരിച്ച് ജലവിഭവ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗോവൻ ബന്ധാര
 ചെലവ് കുറഞ്ഞതും എളുപ്പത്തിൽ പ്രവർത്തിക്കാവുന്നതും. നദിയിൽ കുറുകെ രണ്ട് മീറ്റർ ഇടവിട്ട് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് ഫൈബർ റീഇൻഫോഴ്സ്ഡ് പ്ളാസ്റ്റിക് കൊണ്ട് ഷട്ടർ ഇടും.
 മഴ തുടങ്ങിയാൽ ഷട്ടറുകൾ പൂർണമായി തുറക്കും. നദികളിൽ സ്വാഭാവിക ഒഴുക്കുണ്ടാവും. പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കാനും മത്സ്യസമ്പത്ത് സംരക്ഷിക്കാനും കഴിയും.
 മഴക്കാലം കഴിയുമ്പോൾ എല്ലാ ഷട്ടറുകളുമിട്ട് പൂർണ്ണ ഉയരത്തിൽ വെള്ളം സംഭരിക്കും. ജലനിരപ്പ് കുറയുന്നതിനനുസരിച്ച് ഷട്ടറുകൾ മാറ്റി വെള്ളം നിയന്ത്രിതമായി ഒഴുക്കി വിടും.


വരൾച്ച: കാരണം
മഴക്കുറവല്ല

വരൾച്ചയുടെ മുഖ്യകാരണം മഴക്കുറവല്ലെന്ന് ഇത് സംബന്ധിച്ച പഠനം നടത്തിയ ജലസേചന വകുപ്പ് ചീഫ് എൻജിനിയർ ടെറൻസ് ആന്റണി ചെയർമാനായ സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
മഴ വെള്ളം വളരെ വേഗം കടലിലേക്ക് ഒഴുകിപ്പോകുന്നു. ഭൂമിയുടെ ഉപരിതലത്തിലും ഭൂഗർഭത്തിലും വേണ്ടത്ര സംഭരിക്കപ്പെടുന്നില്ല. വനവിസ്തൃതിയിലും തണ്ണീർത്തട വിസ്തൃതിയിലും വന്ന കുറവ്, മനുഷ്യവാസ പ്രദേശങ്ങളുടെ വിസ്തൃതിയിൽ വന്ന വർദ്ധന, നദികളിലെ മണൽ വാരൽ എന്നിവയാണ് മറ്റ് കാരണങ്ങൾ.
മന്ത്രി മാത്യു ടി. തോമസ് , ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ഹരിതകേരള മിഷൻ ചെയപേഴ്സൺ ടി.എൻ.സീമ, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.ശിവശങ്കർ, സർക്കാരിന്റെ ഉപദേഷ്ടാവ് സി.എസ്. രഞ്ജിത് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ