രക്തദാനത്തോടുള്ള ഭയപ്പാടും തെറ്റിദ്ധാരണയും മാറണം: മുഖ്യമന്ത്രി
June 14, 2018, 5:25 pm
തിരുവനന്തപുരം: രക്തം ദാനം ചെയ്യുന്നതിനെ ഭയപ്പാടോടെയും സംശത്തോടെയും കാണുന്ന മനോഭാവം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏത് വികാരത്തിന്റെ പേരിലാണെങ്കിലും ഇത്തരം സമീപനം മാറണം. ലോക രക്തദാതാ ദിനാചരണവും ബ്ളഡ് മൊബൈൽ ബസിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്തത്തിന് പകരമായി രക്തമല്ലാതെ വേറൊന്നുമില്ല, ഓരോ തുള്ളി രക്തത്തിനും ഒരു ജീവൻ രക്ഷിക്കാൻ കഴിയും. സന്നദ്ധരക്തദാനത്തിന് കൂടുതൽ പേർ മുന്നോട്ടുവരണം. അങ്ങേയറ്റം മഹത്വപൂർണമായ കാരുണ്യ പ്രവൃത്തിയാണിത്. രക്തം ദാനം ചെയ്യുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ടെന്നത് നല്ല കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ തവണ രക്തദാനം ചെയ്തവരെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. രക്ത സാമ്പിളുകൾ വേർതിരിക്കുന്ന സെപറേഷൻ യൂണിറ്റുകളും രക്ത ബാങ്കുകളും എല്ലാ ജില്ലാ ആശുപത്രികളിലും പ്രധാന ആശുപത്രികളിലും സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.

സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ടി.കെ.എ നായർ, ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, നാഷണൽ ബ്ളഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ പ്രതിനിധി ഡോ. ശോഭിനി രാജൻ, ബ്ളഡ് ഡോണേഴ്സ് സൊസൈറ്റി പ്രസിഡന്റ് ലിഡാ ജേക്കബ്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, കൗൺസിലർ ഐ.പി. ബിനു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി. പ്രീത, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി, ഗവ. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. ബിജുകുമാർ, ലോ കോളേജ് യൂണിയൻ ചെയർമാൻ സൂരജ്, എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. എ. ഷാജി തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആർ. രമേശ് സ്വാഗതവും ഐ.ഇ.സി ജോയന്റ് ഡയറക്ടർ രശ്മി മാധവൻ നന്ദിയും പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ