ഇനി മുതൽ അപേക്ഷിച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ റേഷൻ കാർഡ് കൈയിൽ കിട്ടും
June 14, 2018, 12:40 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: പുതിയ റേഷൻ കാർഡ് കിട്ടാനുള്ള നൂലാമാലകളൊക്കെ എടുത്തുകളയാൻ സിവിൽ സപ്ളൈസ് വകുപ്പ് തീരുമാനിച്ചു. ഇനി മുതൽ അപേക്ഷിച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ റേഷൻ കാർഡ് കൈയിൽ കിട്ടും.

അപേക്ഷ ഓൺലൈനിലാക്കാൻ ഇന്നലെ വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനിച്ചത്. ഓൺലൈനിൽ അപേക്ഷ നൽകിയാൽ മൂന്നാം ദിവസം സ്വന്തം ഇ-മെയിലിൽ റേഷൻ കാ‌‌ർഡ് ലഭിക്കും. പ്രിന്റ് എടുത്ത് റേഷൻ കടയിൽ എത്തിയാൽ റേഷൻ സാധനം വാങ്ങാം.

ഓൺലൈൻ സംവിധാനങ്ങൾ സ്വന്തമായി ഉപയോഗിക്കാൻ അറിയാത്ത ഉപഭോക്താവാണെങ്കിൽ നേരെ അക്ഷയ കേന്ദ്രങ്ങളിലെത്തിയാൽ മതി. സിവിൽ സപ്ളൈസ് വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ അവർ അപേക്ഷ അയയ്ക്കും. പ്രിന്റും അവിടെ നിന്ന് എടുക്കാം. ഈ രണ്ടു മാർഗങ്ങളിലൂടെയും അപേക്ഷിക്കാൻ കഴിയാത്തവരും വിഷമിക്കേണ്ടതില്ല. നേരെ താലൂക്ക് സപ്ളൈ ഓഫീസിലെത്തുക. അവിടെ ഒരു അപേക്ഷ പൂരിപ്പിച്ചു നൽകുക. റേഷൻ കാർഡ് ലഭ്യമായ വിവരം ഗുണഭോക്താക്കളെ താലൂക്ക് ഓഫീസിൽ നിന്ന് അറിയിക്കും.

ആധാർകാർഡാണ് പുതിയരീതിക്ക് അവലംബമാക്കുന്നത്. ആധാർ കാർഡിലുള്ള ഫോട്ടോ റേഷൻ കാർഡ് അപേക്ഷയിലും പതിയുമെന്നതിനാൽ പ്രത്യേകമായി ഫോട്ടോയെടുക്കൽ വേണ്ട. ബന്ധുത്വ സർട്ടിഫിക്കറ്റ് സ്‌കാൻ ചെയ്ത് അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മതിയാകും.നിലവിലെ സംവിധാനമനുസരിച്ച് റേഷൻകാർഡ് ലഭിക്കാൻ രണ്ടു മാസത്തോളമെടുക്കും.

 നിലവിലെ രീതി
*റേഷനിംഗ് ഇൻസ്‌പെക്ടർ ഓഫീസിൽനിന്ന് അപേക്ഷാഫാറം വിതരണം ചെയ്യുന്നത് ആഴ്ചയിലൊരിക്കൽ
* പൂരിപ്പിച്ചു സ്റ്റാമ്പ് ഒട്ടിച്ച് താമസസ്ഥലത്തിന്റെ രേഖയും ബന്ധുത്വ സാക്ഷ്യപത്രവും നിലവിൽ റേഷൻ കാർഡ് ഇല്ലെന്നു കാണിക്കുന്ന രേഖയും നൽകണം.
*റേഷനിംഗ് ഇൻസ്‌പെക്ടർ നേരിട്ടെത്തി പരിശോധന നടത്തണം
*കാർഡുടമയെ വിളിച്ചുവരുത്തി ഫോട്ടോയെടുക്കണം
* എം.എൽ.എയുടെ സാക്ഷ്യപത്രം ഉൾപ്പെടെ സംഘടിപ്പിക്കേണ്ടിവരും

'' റേഷൻ വിതരണം കൂടുതൽ സുതാര്യമാവുകയാണ്. നൂലാമാലകളിൽ പെട്ട് ആർക്കും റേഷൻ കാർഡ് കിട്ടാതിരിക്കുന്ന അവസ്ഥ ഇനി ഉണ്ടാകില്ല''-പി. തിലോത്തമൻ, ഭക്ഷ്യമന്ത്രി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ