ഓൺലൈൻ റിസർവേഷൻ: ഇടനിലക്കാരെ ഒഴിവാക്കി കെ.എസ്.ആർ.ടി.സി
June 13, 2018, 10:07 pm
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: ഓൺലൈൻ റിസർവേഷൻ സംവിധാനത്തിനുള്ള ഇടനിലക്കാരെയെല്ലാം ഒഴിവാക്കിക്കൊണ്ട് ബംഗളൂരൂ കമ്പനിയുമായി കെ.എസ്.ആർ.ടി.സി കുറഞ്ഞ നിരക്കിൽ കരാർ ഒപ്പിട്ടു. ഇതോടെ ടിക്കറ്റൊന്നിന് 3.25 രൂപയായി ചെലവ് കുറഞ്ഞു. കെൽട്രോണും, ഊരാളുങ്കൽ സർവീസ് സൊസൈറ്റിയും ഇടനിലക്കാരായ കരാർ പ്രകാരം ടിക്കറ്റൊന്നിന് 15.50 രൂപയാണ് കെ.എസ്.ആർ.ടി.സി നൽകേണ്ടിയിരുന്നത്.

ഇടപാടിലെ വൻ നഷ്ടം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എം.ഡി ടോമിൻ തച്ചങ്കരി കെൽട്രോണുമായുള്ള കരാർ റദ്ദാക്കിയിരുന്നു. ആൻണി ചാക്കോ എം.ഡിയായിരുന്നപ്പോൾ അഞ്ചുവർഷം മുമ്പാണ് കെൽട്രോണുമായി കരാർ ഒപ്പിട്ടത്. കെൽട്രോൺ ഈ കരാർ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കും അവർ അത് ബംഗളൂരൂ ആസ്ഥാനമായ റേഡിയന്റ് എന്ന കമ്പനിക്കും നൽകി. നേരിട്ട് കരാർ നൽകാമായിരുന്നെങ്കിലും ഇടനിലക്കാരെ ആശ്രയിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. ഈ ഇടപാടിലൂടെ കോടികളുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. ഇതിനെക്കാൾ കുറഞ്ഞ നിരക്കിൽ മറ്റുപല കോർപ്പറേഷനുകളും ഓൺലൈൻ സൗകര്യം നേടുന്നതായി ടോമിൻതച്ചങ്കരി പറഞ്ഞു.

രാജ്യത്തെ ഒട്ടുമിക്ക പൊതുമേഖലാ - സ്വകാര്യ റോഡ് ട്രാൻസ്‌പോർട്ട് സ്ഥാപനങ്ങൾക്കും ഓൺലൈൻ സൗകര്യം ഒരുക്കുന്നത് ബംഗളൂരുവിലെ റേഡിയന്റ് കമ്പനിയാണ്. അവരുമായി കരാറിൽ ഏർപ്പെടുന്നതിന് അംഗീകൃത നിരക്ക് കേന്ദ്ര ഏജൻസി നിശ്ചയിച്ചിട്ടുമുണ്ട്. ഇതുപ്രകാരം ടിക്കറ്റൊന്നിന് 3.25 രൂപയ്ക്ക് റേഡിയന്റ് റിസർവേഷൻ സൗകര്യം ഒരുക്കും. കെ.എസ്.ആർ.ടി.സിയിൽ നിന്നും കെൽട്രോൺ അധികമായി ഈടാക്കിയ 4.08 കോടി രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ടോമിൻ തച്ചങ്കരി കത്ത് നൽകിയിട്ടുണ്ട്. ടോട്ടൽ സർവീസ് പ്രൊവൈഡർ എന്ന നിലയിൽ ഈടാക്കേണ്ടതിൽ കൂടുതൽ ലാഭം കെൽട്രോൺ കൈപറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയ നിരക്ക് പ്രകാരം പരമാവധി 5.50 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്.

 രാജ്യമാണിക്യം എട്ടാക്കി
രാജമാണിക്യം കെ.എസ്.ആർ.ടി.സി മേധാവായിയിരുന്നപ്പോൾ ടിക്കറ്റൊന്നിന് എട്ടുരൂപമാത്രമേ നൽകാൻ കഴിയൂ എന്ന നിലപാട് എടുത്തിരുന്നു. ഏകപക്ഷീയമായി തീരുമാനം നടപ്പാക്കുകയും ചെയ്തു. കെൽട്രോൺ ഇതിനെ എതിർത്തില്ല. കരാറിൽ 15.50 രൂപ പറയുന്നെങ്കിലും ഒന്നരവർഷമായി എട്ടുരൂപയാണ് നൽകുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ