കേജ്‌രിവാളിന് ഇനി സ്വസ്ഥമായി ഭരിക്കാം
July 6, 2018, 12:28 am
ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ അവിശ്വസനീയമായ ഒരേടായിരുന്നു 2015 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്. എഴുപത് അംഗ നിയമസഭയിൽ അറുപത്തേഴ് സീറ്റ് നേടി അതിഗംഭീര വിജയം നേടിയ ആം ആദ്‌മി പാർട്ടി തുടർച്ചയായി പതിനഞ്ചുവർഷം ഡൽഹി ഭരിച്ച കോൺഗ്രസിനെ പടിക്കുപുറത്താക്കുകയായിരുന്നു. സംശുദ്ധവും അഴിമതി രഹിതവുമായ പ്രതിച്ഛായ സൃഷ്ടിച്ച് അധികാരമേറ്റ് കെജ്‌രിവാളിന് പക്ഷേ മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാനായില്ല. അതിനുപ്രധാന കാരണം ഭരണത്തലവനെന്ന നിലയിൽ ലഫ്. ഗവർണറുമായുള്ള അധികാരത്തർക്കങ്ങളാണ്. ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയ്ക്കും മന്ത്രിസഭയ്ക്കുമാണ് പരമാധികാരമെങ്കിലും ആ സങ്കല്പത്തെ തകിടം മറിക്കുന്ന സമീപനമാണ് ലഫ്. ഗവർണറിൽനിന്നുണ്ടായത്. മന്ത്രിസഭയുടെ ഉപദേശ പ്രകാരം തീരുമാനമെടുക്കേണ്ടതിന് പകരം സ്വന്തം തീരുമാനങ്ങൾ മന്ത്രിസഭ നടപ്പാക്കണമെന്ന ദുശാഠ്യവുമായി നിൽക്കുകയായിരുന്നു അദ്ദേഹം. സ്വാഭാവികമായും ഇൗ വിരുദ്ധ സമീപനങ്ങൾ തുടർച്ചയായ ഏറ്റുമുട്ടലുകളിലേക്കും ഭരണസ്തംഭനത്തിലേക്കും ഡൽഹിയെ കൊണ്ടെത്തിക്കുകയും ചെയ്തു. ഇതിനിടെ ഡൽഹിയുടെ ഭരണമേധാവി ലഫ്.ഗവർണർ തന്നെയാണെന്ന ഹൈക്കോടതിവിധികൂടി ഉണ്ടായതോടെ ഭരണരംഗത്തെ അരാജകത്വം പൂർണതോതിലായി. ഡൽഹി ഹൈക്കോടതി വിധിക്കെതിരെ എ.എ.പി സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി തീർപ്പാക്കിയ സുപ്രീംകോടതി തിരഞ്ഞെടുക്കപ്പെട്ട ജനകീയ മന്ത്രിസഭയ്ക്ക് തന്നെയാണ് പരമാധികാരമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. ഭരണകാര്യങ്ങളിൽ സ്വതന്ത്ര്യതീരുമാനങ്ങളെടുക്കാൻ ലഫ്. ഗവർണർക്ക് അധികാരമില്ലെന്ന ഇൗ വിധിയിലൂടെ കെജ്‌രിവാൾ സർക്കാർ മൂന്നുവർഷത്തിലധികമായി നേരിട്ടുകൊണ്ടിരുന്ന ഭരണപ്രതിസന്ധിയാണ് മറികടക്കുന്നത്. വിധി പ്രത്യക്ഷത്തിൽ ലഫ്. ഗവർണർക്കെതിരായിട്ടുള്ളതാണെങ്കിലും പരോക്ഷമായി കേന്ദ്രത്തിലെ മോദി സർക്കാരിൽ തന്നെയാണ് അത് ചെന്നുകൊള്ളുന്നത്. ലഫ്. ഗവർണറുടെ പല വിവാദതീരുമാനങ്ങൾക്കും ഉൗർജ്ജം പകർന്നിരുന്നത് കേന്ദ്രമാണെന്ന് അറിയാത്തവർ ചുരുങ്ങും. ലഫ്. ഗവർണറുമായുള്ള എ.എ.പി സർക്കാരിന്റെ അധികാരപ്പോരാട്ടം ഏത് നിലയിൽ നോക്കിയാലും കേന്ദ്രത്തിനെതിരെയുള്ള തുറന്ന യുദ്ധംതന്നെയായിരുന്നു.
ഡൽഹിയുടെ ഭരണമേധാവി ലഫ്. ഗവർണർ തന്നെയാണെങ്കിലും ക്രമസമാധാനം , പൊലീസ്, ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയിലൊഴികെ മറ്റെല്ലാ വിഷയങ്ങളിലും വെറും ഉപദേശകന്റെ റോൾ മാത്രമേ അദ്ദേഹത്തിന് ഉള്ളുവെന്നാണ് പരമോന്നത കോടതി വിധിച്ചിരിക്കുന്നത്. സർക്കാരിന്റെ ഉപദേശമനുസരിച്ചുതന്നെ വേണം അദ്ദേഹം പ്രവർത്തിക്കേണ്ടത്. ജനങ്ങളോട് ഉത്തരം പറയേണ്ട ബാദ്ധ്യത സർക്കാരിനാകയാൽ മന്ത്രിസഭയുടെ തീരുമാനങ്ങളാണ് മാനിക്കപ്പെടേണ്ടതും നടപ്പാക്കേണ്ടതും. ഡൽഹിക്ക് പ്രത്യേക പദവി ഉള്ളതിനാലാണ് ക്രമസമാധാനം, പൊലീസ്, ഭൂമി എന്നീ മൂന്ന് സുപ്രധാന വിഷയങ്ങളിൽ ലഫ്. ഗവർണർക്കുള്ള അധികാരം തുടർന്നും നിലനിറുത്തിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലുള്ളപ്പോൾ ദൈനംദിന ഭരണ നടപടികളിൽ അദ്ദേഹം ഇടപെടുന്നതും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതും അരാജകത്വത്തിനു വഴിവയ്ക്കുമെന്ന കോടതി നിരീക്ഷണം ശ്രദ്ധേയമാണ്. ചില വിഷയങ്ങളിൽ ലഫ്. ഗവർണറിൽ നിക്ഷിപ്തമായ വിവേചനാധികാരം യുക്തിപൂർവമാണ് വിനിയോഗിക്കപ്പെടുന്നതെന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യതയും അദ്ദേഹത്തിൽത്തന്നെയാണ് കുടികൊള്ളുന്നത്.
അഭൂതപൂർവമായ ജനസമ്മതിയോടെ അധികാരത്തിലേറിയ കെജ്‌രിവാളിനും സഹപ്രവർത്തകർക്കും സുപ്രീംകോടതിവിധി വലിയ രാഷ്ട്രീയ വിജയമാണ് സമ്മാനിച്ചിരിക്കുന്നത്. കേന്ദ്ര ഒത്താശയോടെ ലഫ്. ഗവർണർ സൃഷ്ടിച്ചുകൊണ്ടിരുന്ന പ്രതിസന്ധികൾ മറികടക്കാൻ വേണ്ടിയാണ് വിലപ്പെട്ട സമയത്തിൽ അധികപങ്കും ചെലവഴിക്കേണ്ടിവന്നത്. ഒരു പ്യൂണിനെപ്പോലും സ്ഥലം മാറ്റാൻ അധികാരമില്ലാത്ത ഒരു സർക്കാരിനാണ് താൻ നേതൃത്വം വഹിക്കുന്നതെന്ന് കെജ്‌രിവാൾ കൂടക്കൂടെ പറയുമായിരുന്നു. ഭരണതലങ്ങളെ നിയന്ത്രിക്കാൻ അധികാരമുള്ള ഉന്നത ഉദ്യോഗസ്ഥന്മാരുമായി നിരന്തരം സംഘർഷത്തിലായിരുന്നു എ.എ.പി. സർക്കാർ. മുഖ്യമന്ത്രിയെ അനുസരിക്കാൻ കൂട്ടാക്കാത്തവരായിരുന്നു പല ഐ.എ.എസ് മേധാവികളും. ഇതിന്റെ പേരിൽ അവസാനിക്കാത്ത കലഹവും പതിവായിരുന്നു. ഐ.എ.എസുകാരുടെ നിസ്സഹരണ സമരത്തിനെതിരെ അടുത്തകാലത്ത് മുഖ്യമന്ത്രിയും സഹപ്രവർത്തകരും ഒൻപതുദിവസം ലഫ്. ഗവർണറുടെ ഒാഫീസിൽ രാപകൽ സത്യാഗ്രഹസമരം നടത്തിയത് ദേശീയ തലത്തിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഒടുവിൽ ലഫ്. ഗവർണർതന്നെ ഇടപെട്ടാണ് സമരം അവസാനിപ്പിച്ചത്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ കേന്ദ്രത്തിന്റെ നിയന്ത്രണമുള്ള പ്രത്യേക ഭരണ സംവിധാനം വേണ്ടതാണെങ്കിലും രാഷ്ട്രീയ പരിഗണന വച്ചുകൊണ്ടാണ് കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നിയമസഭ ഉൾപ്പെടെ ജനായത്ത ഭരണസംവിധാനം കൊണ്ടുവന്നത്. ലഫ്. ഗവർണർക്ക് അനിയന്ത്രിതമായ അധികാരങ്ങളും നൽകി. എക്കാലവും കോൺഗ്രസ് അധികാരക്കുത്തക നിലനിറുത്തുമെന്ന പ്രതീക്ഷ തകർന്നപ്പോഴാണ് ഏറ്റുമുട്ടലും തുടങ്ങിയത്. ജനക്ഷേമകരമായ ഒട്ടേറെ ഭരണ നടപടികൾക്ക് മുതിർന്ന എ.എ.പി. സർക്കാരിനെ തുടക്കത്തിൽത്തന്നെ തളയ്ക്കേണ്ടത് കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയ ആവശ്യമായിരുന്നു. തങ്ങളെ അധികാരത്തിൽ നിന്ന് പാടേ പുറത്താക്കിയ എ.എ.പി യോടുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ പകയും പരക്കെ അറിവുള്ളതാണ്. ഏതായാലും ഇപ്പോഴത്തെ സുപ്രീംവിധിയോടെ ദീർഘകാലമായി നിലനിൽക്കുന്ന പ്രബലമായ ഒരു അധികാരത്തർക്കത്തിനാണ് വിരാമമായിരിക്കുന്നത്. തങ്ങൾ ആഗ്രഹിക്കുംപോലുള്ള ഭരണനടപടികളുമായി മുന്നോട്ടുപോകാൻ കെജ്‌രിവാളിനും അവസരം ലഭിച്ചിരിക്കുകയാണ്. ഇൗ അവസരം അദ്ദേഹം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നാകും ജനങ്ങൾ ഉറ്റുനോക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിന് ഇനി ഏറെ നാളുകളില്ലെന്നതും ഒാർക്കണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ