കാൻസറിനുള്ള മരുന്ന് നിർമ്മാണത്തിലേക്ക് കെ.എസ്.ഡി.പി
July 11, 2018, 12:30 am
ശ്രീകുമാർപള്ളീലേത്ത്
തിരുവനന്തുപരം: കാൻസറിനുള്ള വിവിധ മരുന്നുകളുടെ നിർമാണത്തിന് ആലപ്പുഴയിലെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പി നടപടികൾ ഊർജിതമാക്കി. പുതിയ പ്ളാന്റ് നിർമാണം അടക്കമുള്ള കാര്യങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കാൻ കൺസൾട്ടൻസി നിയമനത്തിന് ടെൻഡർ വിളിച്ചുകഴിഞ്ഞു.
ജൂലായ് 21 വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള സമയം. നിലവിൽ കേരളത്തിൽ കാൻസർ ചികിത്സയ്ക്ക് മരുന്നു നിർമിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ മരുന്നു നിർമാണ ശാലകളിൽ നിന്നാണ് മരുന്നു വാങ്ങുന്നത്. ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ള 20 കോടി ഉപയോഗിച്ചാണ് പ്ളാന്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുക. പാതിരപ്പള്ളിയിലെ പ്ളാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുതിയ ഒരു പ്ളാന്റ് കൂടി സ്ഥാപിക്കാനുള്ള സൗകര്യമില്ല. പുതിയ പ്ളാന്റിനുള്ള സ്ഥലം വാങ്ങൽ, കെട്ടിടത്തിന്റെ പ്ളാൻ തയ്യാറാക്കൽ അടക്കമുള്ള കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാനാണ് കൺസൾട്ടൻസിയെ നിയോഗിക്കുന്നത്. ടെൻഡർ കഴിഞ്ഞാൽ മൂന്ന് മാസത്തിനുള്ളിൽ ഏജൻസി റിപ്പോർട്ട് നൽകണം. ഇത് ഡയറക്ടർ ബോർഡിൽ ചർച്ചചെയ്ത് അംഗീകാരം വാങ്ങിയ ശേഷം സർക്കാരിന് സമർപ്പിക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ പ്ളാന്റിന്റെ നിർമാണം തുടങ്ങാനാണ് ഉദ്ദേശ്യമെന്ന് മാനേജിംഗ് ഡയറക്ടർ എസ്.ശ്യാമള പറഞ്ഞു.

ലാഭത്തിൽ
മുമ്പ് പലപ്പോഴും നഷ്ടത്തിന്റെ കണക്കുകൾ മാത്രം പറഞ്ഞിരുന്ന കെ.എസ്.ഡി.പി അതെല്ലാം പഴങ്കഥയാക്കി. രണ്ട് വർഷമായി ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 36 കോടിയുടെ വിറ്റുവരവ് നേടിയതായും ശ്യാമള പറഞ്ഞു. ആരോഗ്യ വകുപ്പിന് ആവശ്യമായ നല്ലൊരു പങ്ക് മരുന്നും ഇവിടെ നിന്നാണ് സപ്ളൈ ചെയ്യുന്നത്. 57 ഇനം മരുന്നുകളാണ് ഇപ്പോൾ നിർമ്മിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ