നീതി നടപ്പാക്കാൻ എത്ര കടമ്പകൾ
July 11, 2018, 12:00 am
നീതി നടപ്പാക്കാൻ എന്തെല്ലാം കടമ്പകളാണ് കടക്കേണ്ടിവരുന്നതെന്ന് ചൂണ്ടിക്കാട്ടുന്നതാണ് 'നിർഭയ' കേസിലെ തിങ്കളാഴ്ചത്തെ സുപ്രീംകോടതി വിധിയും. ആറുവർഷം മുൻപ് 2012 ഡിസംബർ 16-ന് രാത്രിയാണ് ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനി ഓടുന്ന ബസിൽ ആറു നരാധമന്മാരുടെ അതിക്രൂരവും പൈശാചികവുമായ ബലാത്സംഗത്തിനും ഞെട്ടിപ്പിക്കും വിധമുള്ള ശാരീരിക പീഡനങ്ങൾക്കും ഇരയായത്. എല്ലാ പീഡനങ്ങൾക്കും ഒടുവിൽ ബസിൽ നിന്നു പുറത്തേക്ക് വലിച്ചെറിയപ്പെട്ട യുവതിക്ക് പ്രാണൻ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ഡൽഹിയിലും സിംഗപ്പൂരിലുമായി പന്ത്രണ്ടുദിവസത്തെ ആശുപത്രി വാസത്തിനിടെ അവസാന ശ്വാസവും നിലച്ച് ഞെട്ടിപ്പിക്കുന്ന ഒരോർമ്മ മാത്രമായി മാറിയ 'നിർഭയ' ഹൃദയമുള്ള സകലരുടെയും മനസുകളിൽ ഇന്നും കെടാവിളക്കായി ശേഷിക്കുന്നു. മൻമോഹൻ സിംഗ് സർക്കാരിന്റെ അവസാന വർഷം ഡൽഹിയുടെ ഹൃദയഭാഗത്തു നടന്ന കാട്ടാളത്തത്തെയും ലജ്ജിപ്പിക്കുന്ന കൊടും പാതകമാണ് പിന്നീട് സ്ത്രീസംരക്ഷയുമായി ബന്ധപ്പെട്ട ' പോക്സോ' നിയമത്തിനു വഴിവച്ചത്. സ്‌ത്രീകളെ, പ്രത്യേകിച്ചും പെൺകുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാർക്ക് വധശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്ന നിയമം പാസായ ശേഷവും പെൺകുട്ടികൾ ഉൾപ്പെടെയുള്ള സ്ത്രീസമൂഹത്തിന് ഇപ്പോഴും അങ്ങേയറ്റം അരക്ഷിതാവസ്ഥയാണ് തുടരുന്നതെന്നത് പരിഷ്‌കൃത സമൂഹമെന്ന അവകാശ വാദത്തിന്റെ പൊള്ളത്തരമാണ് എടുത്തുകാട്ടുന്നത്.
'നിർഭയ' കേസിൽ ആറു പ്രതികളാണുള്ളത്. അവരിൽ ഒരുത്തൻ കൗമാരക്കാരനായതിനാൽ ജുവനൈൽ കോടതി മൂന്ന് വർഷത്തെ നല്ല നടപ്പാണു വിധിച്ചത്. ആറുപേരിൽ ഏറ്റവും ക്രൂരമായ പീഡനങ്ങൾക്കു തുനിഞ്ഞ ഈ കൗമാരക്കാരൻ ബാലനിയമത്തിന്റെ സഹായത്താൽ കേസിൽ നിന്നു ഊർന്നിറങ്ങുകയായിരുന്നു. ശേഷിക്കുന്ന അഞ്ച് പ്രതികളിലൊരാൾ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചു. മറ്റു നാലു പ്രതികൾക്കും വിചാരണ കോടതി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ തൂക്കുകയർ തന്നെ വിധിച്ചു. ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും അതു ശരിവയ്ക്കുകയും ചെയ്തു. വധശിക്ഷ നീട്ടിക്കൊണ്ടു പോകാനുള്ള പഴുതുപയോഗിച്ചാണ് പ്രതികൾക്കായി പുനഃപരിശോധനാഹർജി സമർപ്പിക്കപ്പെട്ടത്. അപ്പോഴും മൂന്നു പ്രതികൾ മാത്രമേ അതിനു മുതിർന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്. പുനഃപരിശോധനാഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയപ്പോഴാണ് നേരത്തെ മാറിനിന്ന നാലാമനും പുനഃപരിശോധനാ ഹർജി നൽകാനൊരുങ്ങുന്നു എന്ന വാർത്ത എത്തുന്നത്. അർത്ഥം വളരെ വ്യക്തമാണ്. ശിക്ഷ നടപ്പാക്കൽ ആകാവുന്നത്ര നീട്ടിക്കൊണ്ടുപോവുക. മനുഷ്യത്വത്തിനും മാനവികതയ്ക്കും എതിരായ കുറ്റകൃത്യമാണെങ്കിൽപ്പോലും പ്രതിയുടെ അവകാശങ്ങൾക്ക് പരമപ്രാധാന്യം നൽകുന്ന നിയമസംഹിത നിലവിലുള്ളപ്പോൾ ഇരകളുടെ അവകാശങ്ങൾക്ക് രണ്ടാം പരിഗണനയേ ലഭിക്കാറുള്ളൂ എന്നത് വിരോധാഭാസം തന്നെയാണ്. നിർഭയയ്ക്കു നേരിടേണ്ടി വന്ന പീഡാനുഭവങ്ങളുടെ സ്വഭാവം വച്ചു നോക്കിയാൽ പ്രതികൾ ഒരു വിധ ദയയ്ക്കും അർഹരല്ലെന്ന് സമൂഹം ഒരേ സ്വരത്തിൽ പറയും. എന്നാൽ നിയമ നടത്തിപ്പിന്റെ രീതികളും വഴികളുമൊക്കെ വേറൊരു രൂപത്തിലാണ്. നിർഭയ കേസിൽ മാത്രമല്ല, രാജ്യത്തെ ഞെട്ടിക്കുന്ന എല്ലാ കേസുകളിലും ഇരകളും അവരുടെ കുടുംബാംഗങ്ങളും നേരിടേണ്ടിവരുന്ന ദുർവിധിയാണത്.
'പോക്‌സോ' നിയമത്തിനാധാരമായ ബിൽ പാർലമെന്റിൽ വന്നപ്പോൾ സ്ത്രീപീഡന കേസുകളുടെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കി വിധി നടപ്പാക്കാനുള്ള സംവിധാനമുണ്ടാകണമെന്ന നിർദ്ദേശം ഉയർന്നത് ഓർക്കുന്നു. ഇത്തരം കേസുകളുടെ വിചാരണ കഴിവതും വനിതാ ജഡ്ജിമാർ തന്നെ നടത്തണമെന്ന അഭിപ്രായവും ഉയർന്നിരുന്നു. അതൊന്നും നടപ്പായില്ല. കേരളത്തെ ഞെട്ടിച്ച നടി ആക്രമണ കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്നതിനു പിന്നിൽ നടക്കുന്ന നിയമത്തിന്റെ ചരടുവലികൾ ഇപ്പോൾ കാണുന്നുണ്ടല്ലോ. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന അപേക്ഷയുമായി ഉന്നത നീതിപീഠത്തെ സമീപിച്ചിരിക്കുകയാണ് പീഡനത്തിന് ഇരയായ നടി.
സുപ്രീംകോടതി നിർഭയ കേസിലെ മൂന്നു പ്രതികളുടെ പുനഃപരിശോധനാഹർജി തള്ളിയെങ്കിലും വധശിക്ഷ നടപ്പാക്കാൻ ഇനിയും കടമ്പകൾ പലതുണ്ട്. വിധി പറഞ്ഞ ബെഞ്ചിൽത്തന്നെ തിരുത്തൽ ഹർജികൾ സമർപ്പിക്കാം. അതും തള്ളപ്പെട്ടാൽ രാഷ്ട്രപതിക്കു ദയാഹർജി നൽകി കൊലക്കയർ നീട്ടിക്കൊണ്ടുപോകാം. പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചത് കഴിഞ്ഞ വർഷം മേയ് അഞ്ചാം തീയതിയാണ്. പതിനാലു മാസമെടുത്തു പുനഃപരിശോധനാ ഹർജിയിൽ തീരുമാനമുണ്ടാകാൻ.
പോക്സോ നിയമം പ്രാബല്യത്തിലായ ശേഷവും രാജ്യത്ത് പീഡന കേസുകൾക്ക് ഒരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. നിയമത്തിന്റെയല്ല നിയമം നടപ്പാക്കുന്നതിലെ പോരായ്മകളാണ് കുറ്റകൃത്യത്തെക്കാൾ സമൂഹത്തെ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും. ആക്രമണത്തിനിരയായ സ്ത്രീകൾ നേരിൽ മൊഴി നൽകിയാൽപ്പോലും , പ്രതി ഉന്നതനാണെങ്കിൽ നിയമത്തിന്റെ കരങ്ങൾ നീണ്ടുചെല്ലാൻ വൈകും. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ കോളിളക്കമുണ്ടായ വൈദികന്മാരുടെ കേസിൽ ഇതു ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ്. ഇരകൾക്കല്ല, പ്രതികൾക്കാണ് എപ്പോഴും നിയമത്തിന്റെ സകല പരിരക്ഷകളും ലഭിക്കുന്നത്. വൈകി എത്തുന്ന നീതി, നീതിനിഷേധത്തിനു തുല്യമാണെന്ന് നിയമപണ്ഡിതന്മാർ മുതൽ സാധാരണക്കാർ വരെ വിളിച്ചുകൂകാറുണ്ട്. നിയമ നടത്തിപ്പുമായി ബന്ധപ്പെട്ട രാജ്യത്തെ മുഴുവൻ സംവിധാനങ്ങളും നീതിനടത്തിപ്പ് വൈകിപ്പിക്കാനുള്ള മത്സരത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. നിയമം വിലയ്ക്കു വാങ്ങാൻ കഴിവുള്ളവരായിരിക്കും ഈ പന്തയത്തിൽ മിക്കപ്പോഴും ജയിക്കുന്നത്. നിർഭയ കേസ് പ്രതികളുടെ പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി വിധി പറയുമ്പോൾ കേൾക്കാൻ ആ യുവതിയുടെ മാതാപിതാക്കളും അവിടെ ഉണ്ടായിരുന്നു. വിചാരണ കോടതി മുതൽ തീർത്ഥാടനം പോലെ അവർ നീതിപീഠങ്ങൾ കയറിയിറങ്ങുകയാണ്. ഇതിനു വിരാമമാകാൻ ഇനിയും എത്രകാലം എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ക്ഷമയോടെ കാത്തിരിക്കുക മാത്രമാണ് വഴി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ